Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിന്റെ കമ്മി ഗണ്യമായി കുറഞ്ഞെന്ന്‌ ക്യുഎൻബി

qatar-kammi

ദോഹ ∙ ഈ സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ സർക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരം (ബാലൻസ്‌ ഓഫ്‌ പേയ്‌മെന്റ്‌) ഗണ്യമായി കുറഞ്ഞെന്നു ഖത്തർ നാഷനൽ ബാങ്ക്‌. 2016 ജനുവരി മുതൽ മാർച്ച്‌ വരെയുള്ള ആദ്യപാദത്തിൽ 255 കോടി റിയാലായിരുന്നു അടവുശിഷ്‌ടത്തിലെ കമ്മി. എന്നാൽ ഏപ്രിൽ മുതൽ ജൂൺവരെയുള്ള രണ്ടാംപാദത്തിൽ ഇത്‌ 109 കോടി റിയാലായാണു കുറഞ്ഞത്‌. എണ്ണ, പ്രകൃതിവാതകവില ഉയരുന്നതിനനുസരിച്ച്‌ ഖത്തറിന്റെ സാമ്പത്തികരംഗം കരുത്താർജിക്കുകയാണെന്നാണ്‌ ഇതു വ്യക്‌തമാക്കുന്നതെന്ന് ക്യുഎൻബിയുടെ മാസ റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ ഖജനാവിലേക്കുള്ള വരുമാനം 874 കോടി ആയിരുന്നു. രണ്ടാംപാദത്തിൽ ഇത്‌ 1,056 കോടിയായി. കറന്റ്‌ അക്കൗണ്ടിൽ ഇപ്പോഴുള്ള കമ്മി 910 കോടി റിയാൽ ആണെന്നും ക്യുഎൻബിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്‌ വ്യക്‌തമാക്കന്നു. എണ്ണവില ഇപ്പോഴത്തെരീതിയിൽ തുടർന്നും ഉയരുകയാണെങ്കിൽ ധനക്കമ്മി പൂർണമായും നീങ്ങും. കറന്റ്‌ അക്കൗണ്ടിൽ (സർക്കാരിന്റെ വരവും ചെലവും കഴിഞ്ഞ്‌ ഖജനാവിലുള്ള നീക്കിയിരിപ്പ്‌) വർഷാന്ത്യത്തോടെ ജിഡിപിയുടെ 4.1% മിച്ചമാകുമെന്നും 2017ൽ ഇത്‌ 6.6% ആയി ഉയരുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.

എണ്ണവില വർധന ജൂലൈയെ അപേക്ഷിച്ച്‌ ഓഗസ്‌റ്റിൽ വ്യാപാരമിച്ചം വർധിപ്പിച്ചതായും ക്യുഎൻബി പറയുന്നു. ജൂലൈയിൽ 655 കോടി റിയാലായിരുന്ന വ്യാപാരമിച്ചം ഓഗസ്‌റ്റിൽ 874 കോടി റിയാലായാണ്‌ ഉയർന്നത്‌. 1,820 കോടി റിയാലിന്റെ കയറ്റുമതി നടന്നപ്പോൾ ഇറക്കുമതി ചെയ്‌തത്‌ 946 കോടിയുടെ സാധനസാമഗ്രികളാണ്‌. ജൂലൈയെ അപേക്ഷിച്ചു കയറ്റുമതി 11% കൂടിയപ്പോൾ ഇറക്കുമതിയിൽ 2.1% കുറവാണ്‌ രേഖപ്പെടുത്തിയത്‌. ജൂലൈയിൽ ബ്രെന്റ്‌ ക്രൂഡ്‌ വില ബാരലിന്‌ 46.5 ഡോളർ ആയിരുന്നത്‌ ഓഗസ്‌റ്റിൽ 47.1 ആയി ഉയർന്നതാണ്‌ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്‌. വിദേശവ്യാപാരമിച്ചം ഇനിയുള്ള മാസങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്നാണു ക്യുഎന്‍ബിയുടെ വിലയിരുത്തല്‍.

2017ൽ എണ്ണവില 55 ഡോളറാകും

ഈ വർഷം ബ്രെന്റ്‌ ക്രൂഡ്‌ വില ബാരലിന്‌ ശരാശരി 45 ഡോളറായിരിക്കുമെന്നും അടുത്തവർഷം ഇത്‌ 55 ഡോളറായി ഉയരുമെന്നുമാണ്‌ ക്യുഎൻബിയുടെ നിഗമനം. നഷ്‌ടംമൂലം ഷെയ്‌ൽ ഉൽപാദനം കുറയും. ഇതോടെ എണ്ണയുടെ അധിക സപ്ലൈ അവസാനിക്കും. ഇതിനൊപ്പം ഉപഭോഗം കൂടുന്നതും വില ഉയരാൻ സഹായിക്കും. ജൂണിൽ ഖത്തറിന്റെ ഉൽപാദനം പ്രതിദിനം 6.7 ലക്ഷം ബാരലായിരുന്നു. ഇതു ജൂലൈയിൽ 6.77 ലക്ഷമായി ഉയർന്നു. എണ്ണ ഉൽപാദനം കൂടിയിട്ടും രാജ്യാന്തര കരുതൽശേഖരം 1,383 കോടി റിയാലിൽനിന്ന്‌ 1,328 റിയാലായി കുറയുകയാണു ചെയ്‌തതെന്നും മാസാവലോകന റിപ്പോർട്ടിൽ പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.