Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലേക്കുള്ള ഖത്തറിന്റെ ഇന്ധന കയറ്റുമതി 9% കുറഞ്ഞു

oil

ദോഹ ∙ ഓഗസ്‌റ്റിൽ ഇന്ത്യയിലേക്കുള്ള ഖത്തറിന്റെ എണ്ണ, പ്രകൃതിവാതക കയറ്റുമതിയിൽ തൊട്ടു മുൻമാസത്തേക്കാൾ 9% കുറവുണ്ടായതായി വികസനാസൂത്രണ, സ്‌ഥിതിവിവരക്കണക്ക്‌ (എംഡിപിഎസ്‌) മന്ത്രാലയം. 219 റിയാലിന്റേതാണ്‌ ഇന്ത്യയിലേക്കുള്ള കയറ്റുമതി. ജൂലൈയിൽ ഇന്ത്യ 240 കോടിയുടെ ഉൽപന്നങ്ങളാണ് ഖത്തറിൽനിന്ന് ഇറക്കുമതി ചെയ്തത്.

അതേസമയം ഖത്തറിന്റെ വിദേശവ്യാപാരമിച്ചത്തിൽ 30% വർധനയുണ്ടായെന്നും എണ്ണ, പ്രകൃതിവാതക വില വർധിച്ചതാണ്‌ കാരണമെന്നും മന്ത്രാലയം വ്യക്‌തമാക്കി. 1807 കോടി റിയാലാണ്‌ ഓഗസ്‌റ്റിലെ ആകെ കയറ്റുമതി. 896 കോടി റിയാലാണ്‌ വ്യാപാരമിച്ചം.

എന്നാൽ 2015 ഓഗസ്‌റ്റുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യാപാരമിച്ചത്തിൽ 36% കുറവുണ്ട്‌. ക്രൂഡ്‌ കയറ്റുമതി 27% വർധിച്ച്‌ 314 കോടി റിയാലായി. ശുദ്ധീകൃത എണ്ണ കയറ്റുമതി 10% വർധിച്ച്‌ 84 കോടി റിയാലും പെട്രോളിയം പ്രകൃതിവാതക കയറ്റുമതി എട്ടുശതമാനം ഉയർന്ന് 1,125 കോടി റിയാലുമായി. ഇതര ഉൽപന്നങ്ങളുടെ കയറ്റുമതിയിലൂടെ ലഭിച്ചത്‌ 217കോടി റിയാലാണ്‌.

ആകെ കയറ്റുമതിയുടെ 64.66% പ്രകൃതിവാതകമാണ്‌. ജൂലൈയെ അപേക്ഷിച്ച്‌ ഓഗസ്‌റ്റിൽ മൊത്തം കയറ്റുമതിയിൽ 11% വർധനയുണ്ട്‌. എന്നാൽ 2015 ഓഗസ്‌റ്റിനേക്കാൾ 23% കുറവാണിത്‌.

ജപ്പാൻ(19%), ദക്ഷിണകൊറിയ(15%), ഇന്ത്യ(12%), യുഎഇ(7%), ചൈന(6%) എന്നീ രാജ്യങ്ങളാണ്‌ കയറ്റുമതിയിൽ ഒന്നുമുതൽ അഞ്ചുവരെ സ്‌ഥാനങ്ങളിൽ. ഇന്ത്യയിലേക്കുള്ള കയറ്റുമതി കുറഞ്ഞെങ്കിലും മറ്റു നാലു രാജ്യങ്ങളിലേക്കുമുള്ളത്‌ കൂടുകയാണ്‌ ചെയ്‌തത്‌.

ഇറക്കുമതിയിൽ ജർമനി(105 കോടി റിയാൽ), ചൈന(102 കോടി റിയാൽ), യുഎസ്‌(101 കോടി റിയാൽ), യുഎഇ(87 കോടി റിയാൽ), ഇന്ത്യ(61 കോടി റിയാൽ) എന്നീ രാജ്യങ്ങളാണ്‌ ആദ്യ അഞ്ചു സ്‌ഥാനങ്ങളിൽ. കാറുകൾ(61 കോടി), വിമാനങ്ങളും ഹെലികോപ്‌ടറുകളും (22കോടി), ടെലിഫോണുകളും ഇലക്‌ട്രിക്കൽ ഉപകരണങ്ങളും(22കോടി) എന്നിവയാണ്‌ ഇറക്കുമതിയിലധികവും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.