Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കായിക വേദികളുടെ സുരക്ഷ: സമ്മേളനത്തിന് തുടക്കം

project ‘സ്റ്റേഡിയ പ്രോജക്ട്’ ഇന്റർപോൾ പദ്ധതിയുടെ ഭാഗമായി കായികമേളകൾക്കു സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ടു ദോഹയിൽ തുടങ്ങിയ രാജ്യാന്തര സമ്മേളനത്തിൽനിന്ന്.

ദോഹ∙ ഫിഫ 2022 ലോകകപ്പുമായി ബന്ധപ്പെട്ട് പ്രമുഖ കായിക മേളകൾക്കു സുരക്ഷ ഒരുക്കുന്നതുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനത്തിനു ദോഹയിൽ തുടക്കമായി. ഇന്റർപോളിന്റെയും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെയും നേതൃത്വത്തിൽ സുരക്ഷാവിദഗ്ധരാണു പങ്കെടുക്കുന്നത്.

‘സ്റ്റേഡിയ പ്രോജക്ട്’ എന്ന പേരിൽ പത്തുവർഷത്തെ ഇന്റർപോൾ പദ്ധതിയുടെ ഭാഗമായാണു സമ്മേളനം. പ്രധാന കായിക മേളകളിൽ സുരക്ഷയും സുശക്തമായ പൊലീസിങ്ങും ഉറപ്പാക്കുന്നതിനായി ഖത്തറാണു പദ്ധതി നടപ്പാക്കുന്നത്. ഫിഫ ലോകകപ്പ് ഉൾപ്പെടെ ഖത്തറിൽ നടപ്പാക്കുന്ന വിവിധ കായിക ഇനങ്ങളുടെ സുരക്ഷാ മാനേജ്മെന്റാണു സമ്മേളനത്തിൽ വിലയിരുത്തുകയെന്നു സ്റ്റേഡിയ പ്രോജക്ട് ഡയറക്ടർ ക്യാപ്റ്റൻ ഫലാഹ് അബ്ദുല്ല അൽ ദോസരി പറഞ്ഞു.

കായികമേളകളുടെ മികച്ച നടത്തിപ്പ് വേദിയാകുന്ന രാജ്യങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കുമെന്നു സുപ്രീം കമ്മിറ്റി സുരക്ഷാവിഭാഗം അസി. ഡയറക്ടർ ക്യാപ്റ്റൻ അലി മുഹമ്മദ് അൽ അലി പറഞ്ഞു. മധ്യപൂർവേഷ്യയിൽ ആദ്യമായാണു ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ എത്തുന്നത്. മുൻപു ഖത്തർ വേദിയായിട്ടുള്ള ചാംപ്യൻഷിപ്പുകളിൽ നിന്നുള്ള അനുഭവം മികച്ച സംഘാടനത്തിനു സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

1976 ഗൾഫ് കപ്പ് മുതലാണു പ്രധാന കായിക മേളകൾക്കു ദോഹ വേദിയായി തുടങ്ങിയത്. 1995ലെ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്, 2006ലെ ഏഷ്യൻ ഗെയിംസ്, 2011ലെ ഏഷ്യ കപ് ഫുട്ബോൾ, 2015ലെ ലോക ഹാൻഡ്ബോൾ ചാംപ്യൻഷിപ് എന്നിവ ദോഹയിൽ മുൻപു നടന്ന പ്രധാന കായികമേളകളാണ്. ഇതിനു പുറമേ എല്ലാ വർഷവും 90ലേറെ പ്രാദേശിക, മേഖലാതല മൽസരങ്ങളും ദോഹയിൽ നടക്കുന്നു. പ്രധാന കായിക മേളകളുടെ സുരക്ഷാ ഒരുക്കങ്ങൾ ഖത്തർ നിരീക്ഷിച്ചുവരികയാണ്.

ഇതിനായി ബ്രസീൽ ലോകകപ്പിലും യൂറോകപ്പിലും ഖത്തറിലെ സുരക്ഷാ വിദഗ്ധർ സന്ദർശനം നടത്തിയിരുന്നു. ഇന്റർപോളിന്റെ സഹായത്തോടെ മികച്ച സുരക്ഷാസംവിധാനങ്ങൾ ഖത്തർ ഒരുക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.