Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭക്ഷ്യസാധന സബ്‌സിഡി: തട്ടിപ്പ് തടയാൻ നടപടി

ദോഹ ∙ സബ്‌സിഡി കാർഡ്‌ ഉപയോഗിച്ചു സാധനങ്ങൾ വാങ്ങുമ്പോൾ, കാർഡുടമയായ സ്വദേശിക്ക്‌ ഇനി വാണിജ്യമന്ത്രാലയത്തിന്റെ എസ്‌എംഎസ്‌ ലഭിക്കും. കാർഡ്‌ ദുരുപയോഗം ചെയ്യുന്നില്ലെന്ന്‌ ഉറപ്പാക്കുകയാണു ലക്ഷ്യം. സ്വദേശികൾക്ക്‌ എല്ലാ മാസവും നിശ്‌ചിത അളവിൽ ഭക്ഷ്യസാധനങ്ങളും പാചക എണ്ണകളും പഞ്ചസാരയുമൊക്കെ സബ്‌സിഡി കാർഡ്‌ നൽകി അൽ മീറകളിൽനിന്നും മറ്റും വാങ്ങാം. പലപ്പോഴും സബ്‌സിഡി കാർഡ്‌ വീട്ടുജോലിക്കാരുടെ പക്കലായിരിക്കും.

അവർ എവിടെനിന്ന്‌ എന്തൊക്കെ സാധനങ്ങളാണു വാങ്ങുന്നതെന്നു കാർഡുടമയ്‌ക്ക്‌ അറിയാൻ മാർഗമില്ലായിരുന്നു. ഇതു മുതലെടുത്തു പല വീട്ടുജോലിക്കാരും കാർഡിലെ സൗജന്യങ്ങൾ ദുരുപയോഗം ചെയ്‌തിരുന്നു. ഇനിമുതൽ ഓരോ ഇടപാടിനുശേഷവും കാർഡുടമയ്‌ക്കു വിശദമായ എസ്‌എംഎസ്‌ സന്ദേശം ലഭിക്കും. കാർഡ്‌ ഉടമയുടെ പേര്‌, കാർഡ്‌ നമ്പർ, വാങ്ങിയ സാധനങ്ങളുടെ വിവരവും അളവും, വാങ്ങിയ കടയുടെ പേരും സ്‌ഥലവും, കാർഡിലെ ബാലൻസ്‌ എന്നിവ എസ്‌എംഎസിൽ ഉണ്ടാവും. സബ്‌സിഡി ഉൽപന്നങ്ങൾ യഥാർഥ ഗുണഭോക്‌താവിനുതന്നെയാണു ലഭിക്കുന്നതെന്ന്‌ ഉറപ്പാക്കുകയാണു ലക്ഷ്യം.

പൗരന്മാരിൽനിന്ന്‌ അഭിപ്രായം തേടിയശേഷമാണ്‌ ഇതു നടപ്പാക്കിത്തുടങ്ങിയത്‌. സബ്‌സിഡി നിരക്കിൽ നൽകുന്ന ഭക്ഷ്യസാധനങ്ങളും സബ്‌സിഡി കാർഡും പിൻനമ്പറും മറ്റുള്ളവർക്ക്‌ ഒരു കാരണവശാലും നൽകരുതെന്നും മന്ത്രാലയം പൗരന്മാർക്കു നിർദേശം നൽകിയിട്ടുണ്ട്‌. ഇതിനു വിരുദ്ധമായി പ്രവർത്തിച്ചാൽ മന്ത്രാലയത്തിനു കീഴിലെ വാണിജ്യത്തട്ടിപ്പുതടയൽ വിഭാഗം നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്‌.

ഭക്ഷ്യശാല അടപ്പിച്ചു

അൽ ഷീഹാനിയയിൽ വീടിനുള്ളിൽ പ്രവർത്തിച്ചുവന്ന ഭക്ഷ്യ സ്റ്റോർ അൽഖോർ നഗരസഭ അടപ്പിച്ചു. മോശം ഭക്ഷണം കണ്ടെത്തിയതിനെത്തുടർന്ന് അൽഖോറിലെ റസ്റ്ററന്റ് ഏഴുദിവസത്തേക്ക് അടപ്പിച്ചു. കഴി‍ഞ്ഞ ദിവസത്തെ പൊടിക്കാറ്റിൽ റോഡ് മൂടിയ 150 ടണ്ണിലേറെ മണൽ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. അൽ തക്കീറ പ്രദേശത്തു റോഡിലും നടപ്പാതയിലുമാണു മണൽ മൂടിയത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.