Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തർ ഫുട്ബോൾ ടീമിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നതിനെതിരെ പരിശീലകൻ

ദോഹ ∙ ഖത്തർ ദേശീയ ഫുട്ബോൾ ടീമിൽ സ്വദേശി കളിക്കാർക്കു മുൻഗണന നൽകാനുള്ള ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) നയത്തിനെതിരെ ടീമിന്റെ പരിശീലകൻ രംഗത്ത്. 2018 യോഗ്യതാ റൗണ്ട് മൽസരങ്ങൾ നടക്കുന്ന ഈ സമയത്ത് ഇതേക്കുറിച്ച് ആലോചിക്കുന്നതു ശരിയല്ലെന്നും നയം മാറ്റിയാൽ തനിക്കു രാജിവയ്ക്കേണ്ടി വരുമെന്നും ഖത്തറിലെ കായികമാസികയായ ദോഹ സ്റ്റേഡിയം പ്ലസിനു നൽകിയ അഭിമുഖത്തിൽ ടീം പരിശീലകൻ ജോർജ് ഫൊസാറ്റി പറഞ്ഞു.

വിദേശകളിക്കാരാണു ഖത്തർ ദേശീയ ടീമിന്റെ നട്ടെല്ല്. നിലവിൽ പകുതിയിലധികം പേരും വിദേശികളാണ്. ഇവരെ പെട്ടെന്ന് ഉപേക്ഷിച്ചു ഖത്തരി കളിക്കാരെ ആശ്രയിക്കുന്നത് ഈ ഘട്ടത്തിൽ നല്ലതല്ലെന്നു ഫൊസാറ്റി പറയുന്നു. 2022 ലോകകപ്പിനായി സ്വദേശികളെ കൂടുതലായി ഉൾപ്പെടുത്തി ടീം വാർത്തെടുക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇപ്പോഴതിനു പറ്റിയ സമയമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫിഫ നിയമപ്രകാരം ഒരു കളിക്കാരനു മറ്റൊരു ദേശീയ ടീമിൽ കളിക്കണമെങ്കിൽ താരത്തിന്റെ മാതാപിതാക്കളോ അവരുടെ മാതാപിതാക്കളോ ആ രാജ്യത്തു ജനിച്ചവരായിരിക്കണം. അല്ലെങ്കിൽ 18 വയസ്സിനുശേഷം തുടർച്ചയായി അഞ്ചു വർഷം ആ രാജ്യത്തു കഴിഞ്ഞിരിക്കണം. ഇങ്ങനെ നിയമവിധേയമായ വിദേശി കളിക്കാരാണു ഖത്തർ ടീമിലുള്ളത്. എന്നാൽ വൻ തുക മുടക്കി വിദേശി കളിക്കാരെ കൂടുതലായി ആശ്രയിച്ചിട്ടും അതിന്റെ ഫലം ഉണ്ടാകുന്നില്ലെന്നാണു ക്യുഎഫ്എയിൽ അഭിപ്രായമുയർന്നത്. ഖത്തർ ദേശീയ ടീമിൽ കൂടുതലും വിദേശികളാണെന്ന വിമർശനം വേറെയും.

കൂടുതൽ വിദേശകളിക്കാരെ ആശ്രയിക്കില്ലെന്ന് 2014ൽ തന്നെ ക്യുഎഫ്എ തീരുമാനിച്ചിരുന്നു. ക്യുഎസ്എല്ലിൽ വിദേശതാരങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. റഷ്യൻ ലോകകപ്പ് യോഗ്യതാറൗണ്ടിൽ അഞ്ചു മൽസരങ്ങളിൽ സിറിയയ്ക്കെതിരെ മാത്രമാണു വിജയിക്കാനായത്. ചൈനയുമായി സമനിലയും പാലിച്ചു. മറ്റു മൂന്നു മൽസരങ്ങളും പരാജയപ്പെട്ടു. മാർച്ചിൽ അടുത്തഘട്ട മൽസരങ്ങൾ തുടങ്ങുമ്പോൾ ഗ്രൂപ്പിൽ അഞ്ചാമതാണു ഖത്തർ. പ്ലേഓഫിൽ കളിച്ചു ലോകകപ്പിലെത്താനുള്ള സാധ്യതപോലും വിരളമാണ്. ഈ അവസരത്തിലാണു സ്വദേശി കളിക്കാർക്കു കൂടുതൽ അവസരം നൽകുന്നതിനെക്കുറിച്ചു ക്യുഎഫ്എ ആലോചിക്കുന്നത്. ലോകകപ്പ് വേദിയായതു മുതൽ ചെറുപ്രായത്തിലെ ഖത്തരി കളിക്കാരെ കണ്ടെത്തി അവർക്കു മികച്ച പരിശീലനം നൽകിത്തുടങ്ങിയിരുന്നു. ആസ്പയർ സോൺ ഈ മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പരിശീലന കേന്ദ്രവുമാണ്. വിദേശി താരങ്ങളുടെ ആശ്രിതത്വം കുറയ്ക്കുന്നതു സ്വദേശി യുവാക്കൾക്കു കൂടുതൽ പ്രോൽസാഹനമാകുമെന്നാണു ക്യുഎഫ്എയുടെ നിലപാട്. ക്യുഎഫ്എയ്ക്ക് ഈ നയം പിന്നീടു തുടരാമെന്നു ജോർജ് ഫൊസാറ്റി പറഞ്ഞു.

എന്നാൽ ഈ സമയത്ത് താൻ അംഗീകരിക്കില്ല. ഫിഫയുടെ നിബന്ധനകൾ പാലിച്ചാണു വിദേശി കളിക്കാരെ എടുത്തിരിക്കുന്നത്. ഇതിനെതിരെ ഉയർന്ന വിമർശനങ്ങൾ കാര്യമാക്കേണ്ടതില്ല. എന്നാൽ തീരുമാനവുമായി മുന്നോട്ടു പോകുകയാണെങ്കിൽ ദേശീയ ടീമിന് മറ്റൊരു പരിശീലകനെ തേടാമെന്നും അദ്ദേഹം പറഞ്ഞു. ഫൊസാറ്റി രണ്ടു മാസം മുമ്പാണു ദേശീയ ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ടതോടെയാണു ഡാനിയൽ കരാനോയെ പുറത്താക്കി ഫൊസാറ്റിയെ നിയമിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.