Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ മൂന്നു കുടുംബങ്ങൾക്ക് ഇനി ഫോപ്റ്റയുടെ തണൽ

paper

ദോഹ ∙ വനാതിർത്തിയിൽ വലിച്ചുകെട്ടിയ ടാർപോളിൻ വീട്ടിൽ ദുരിതജീവിതം നയിക്കുന്ന വിദ്യാർഥികൾക്കു സഹായവുമായി ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട (ഫോപ്റ്റ). ഇതുൾപ്പെടെ മൂന്നു കുടുംബങ്ങൾക്കു വീടുവയ്ക്കാൻ സഹായം നൽകാനാണു ഫോപ്റ്റയുടെ തീരുമാനം. ഇതിനായി 15 സെന്റ് സ്ഥലം വയ്യാറ്റുപുഴയിൽ വാങ്ങും. സ്ഥലം കണ്ടെത്തി അഡ്വാൻസ് നൽകി കഴിഞ്ഞു. സഹായ പദ്ധതിയുടെ പ്രഖ്യാപനം നാളെ ഐസിസിയിൽ നടക്കുന്ന ഓണാഘോഷ പരിപാടിയിൽ നടക്കും.

പത്തനംതിട്ട ജില്ലയിലെ ചിറ്റാർ വയ്യാറ്റുപുഴ വികെഎൻഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളായ എട്ടാം ക്ലാസുകാരി പാർവതി (13), ഏഴാം ക്ലാസുകാരി ലക്ഷ്മി (11) എന്നിവർക്കാണ് ഫോപ്റ്റ വീടൊരുക്കുന്നത്. മാതാവ് ജാനകി, മുത്തശ്ശി സുമതി എന്നിവർക്കൊപ്പമാണ് വിദ്യാർഥികൾ വില്ലൂന്നിപ്പാറ മലയടിവാരത്തെ കൂരയിൽ കഴിയുന്നത്. ഇവരെക്കുറിച്ചുള്ള വാർത്ത മലയാള മനോരമ ജൂലൈ 27നു പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് സഹായം നൽകാൻ സംഘടന തീരുമാനിച്ചത്. കഴിഞ്ഞമാസം സംഘടനാ ഭാരവാഹികൾ വില്ലൂന്നിപ്പാറയിലെ ഇവരുടെ കൂരയിൽ എത്തി ജീവിത ബുദ്ധിമുട്ടു നേരിട്ടു മനസ്സിലാക്കിയിരുന്നു.

ഇവർക്കായി എത്രയും പെട്ടെന്നു താമസ സൗകര്യം ഒരുക്കാനുള്ള ശ്രമത്തിലാണെന്നു ഫോപ്റ്റ പ്രസിഡന്റ് എം.എൻ.ഉണ്ണിക്കൃഷ്ണൻനായർ പറഞ്ഞു. അത്രയ്ക്കു ദുരിതത്തിലാണ് ഇവരുടെ താമസം. ഇവരുടെ വീട്ടിലേക്ക് എത്തുക തന്നെ ഏറെ ദുഷ്കരമാണ്. കാട്ടിലെ ഒറ്റയടിപ്പാതയിലൂടെ സഞ്ചരിച്ചും വഴുകുന്ന പാറയിലൂടെ കയറിയുമാണ് വീട്ടിലെത്താനാവുക. ഇവരുടെ പിതാവിനെക്കുറിച്ചു വർഷങ്ങളായി വിവരമില്ല. മാതാവ് രജനി വീട്ടുജോലിക്കുപോയി കിട്ടുന്ന തുച്ഛവരുമാനത്തിലാണു കുടുംബത്തിന്റെ ജീവിതം.

പട്ടികജാതിക്കാർക്കു വീടുവയ്ക്കാൻ സഹായം സർക്കാരിൽനിന്നു ലഭിക്കുമെങ്കിലും സ്വന്തമായി വസ്തുവില്ലാത്തതാണു തടസ്സം. സ്ഥലം വാങ്ങി നൽകുന്നതിനൊപ്പം സർക്കാർ സംവിധാനത്തിലൂടെ വീടുവച്ചു നൽകുന്നതിനുള്ള സഹായവും നൽകും. ഇവരുടെ ദുരിതങ്ങൾ കേട്ടറിഞ്ഞു പോയപ്പോഴാണ് ഇവരെപ്പോലെ കഷ്ടപ്പെട്ടു കഴിയുന്ന മറ്റു രണ്ടു കുടുംബങ്ങളെ കുറിച്ചറിഞ്ഞത്. 15 സെന്റ് സ്ഥലത്തു മൂന്നുവീടുകൾ നിർമിക്കാനാണു പദ്ധതിയിടുന്നത്.

വാങ്ങുന്ന സ്ഥലത്ത് ചെറിയൊരു വീട് ഉണ്ട്. സ്ഥലം കൈമാറിക്കിട്ടിയാൽ വീടുവയ്ക്കും വരെ രജനിക്കും കുടുംബത്തിനും ഇതിൽ താമസിക്കാനാകും. ഫോപ്റ്റ വലിയൊരു സാമ്പത്തിക ബാധ്യതയാണ് ഏറ്റെടുക്കുന്നതെന്ന് ഉണ്ണിക്കൃഷ്ണൻ നായർ പറഞ്ഞു. എങ്കിലും നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെ സഹായത്തോടെ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.