Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിന്റെ നയതന്ത്ര ഇടപെടലുകൾ വൻവിജയം: വിദേശകാര്യമന്ത്രി

watar-meeting വിദേശകാര്യമന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിൻ അബ്‌ദുൽ റഹ്‌മാൻ അൽതാനി മലേഷ്യൻ പ്രധാനമന്ത്രി മുഹമ്മദ് നജീദ് തുൻ അബ്ദുൽ റസാഖുമായി മലേഷ്യയിലെ പുത്രജയയിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന്.

ദോഹ ∙ മധ്യപൗരസ്‌ത്യമേഖലയിലെ പല തർക്കങ്ങളിലും ഖത്തർ നടത്തിയ നയതന്ത്ര ഇടപെടലുകൾ വലിയ വിജയമായിരുന്നുവെന്നും തർക്കത്തിലുള്ള കക്ഷികളോടു തുറന്ന സമീപനം സ്വീകരിക്കുന്നതിനാലാണ്‌ ഇതു സാധ്യമായതെന്നും വിദേശകാര്യമന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിൻ അബ്‌ദുൽ റഹ്‌മാൻ അൽതാനി. ഭാവിസംഘർഷങ്ങൾ പരമാവധി ഒഴിവാക്കിയും മനുഷ്യവിഭവശേഷിയുടെ വികസനം ഉറപ്പാക്കിയും നിലവിളികൾക്കു സമാധാനപരമായ പരിഹാരം കാണാനാണു ഖത്തർ ശ്രമിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. വികസനവും സദ്‌ഭരണവും മധ്യപൗരസ്‌ത്യ മേഖലയിലെ പ്രശ്‌നങ്ങളും എന്ന വിഷയത്തിൽ മിഡിൽ ഈസ്‌റ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ലോകസമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ സർക്കാരുകളുമായും വിവിധ സംഘടനകളുമായും തങ്ങൾ ചേർന്നു പ്രവർത്തിക്കുന്നുണ്ട്‌. ആഭ്യന്തരവിഷയങ്ങളിൽ രാജ്യങ്ങൾക്കുള്ള സ്വയംനിർണായകാവകാശം ഖത്തർ മാനിക്കുന്നു. ഇക്കാര്യത്തിൽ മറ്റുള്ളവരുടെ ഇടപെടൽ ഒഴിവാക്കണം. എന്നാൽ സമാധാനപാലനത്തിന്‌ രാജ്യാന്തരസഹകരണം കൂടിയേതീരൂ എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. സിറിയൻ പ്രതിസന്ധി പരിഹരിക്കുന്നതിനു രാജ്യാന്തരസഹകരണം ആവശ്യമുണ്ട്‌. സിറിയയിൽ ഒരു തലമുറയെ അപ്പാടെ കൊന്നൊടുക്കുന്ന നിലപാടാണ്‌ ബാഷർ അൽഅസദ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്‌. നിരപരാധികളുടെ മരണസംഖ്യ കൂടിവരുന്നതു പരിഗണിക്കാതെ സ്വന്തം താൽപര്യത്തിനായി രാജ്യാന്തരസമൂഹത്തെ ബന്ദികളാക്കുന്ന ഏർപ്പാടാണ്‌ ബാഷറിന്റേത്‌.

അലപ്പോയിലെ സംഭവവികാസങ്ങൾ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇവിടെ മാസങ്ങളായി നിരപരാധികളെ സർക്കാർ സൈന്യം തടവുകാരാക്കി വച്ചിരിക്കുകയാണ്‌. ആരോഗ്യകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും ബോംബിങ്‌ തുടരുന്നതിനാൽ അഭയാർഥികളെ സഹായിക്കാനായി ഖത്തർ തുറന്ന ഹെൽത്ത്‌ സെന്ററുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതു രാജ്യാന്തര തർക്കത്തിലും ബന്ധപ്പെട്ട കക്ഷികൾക്ക്‌ നയതന്ത്രചർച്ചകൾക്കുള്ള വാതിൽ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്‌തമാക്കി. വൈവിധ്യങ്ങൾ അംഗീകരിച്ചും മാനിച്ചും മറ്റുലോകരാജ്യങ്ങളുമായി മികച്ചബന്ധം പുലർത്താനാണ്‌ എന്നും ഖത്തർ ശ്രമിക്കുന്നത്‌. അതേസമയം സ്വന്തം ജനതയുടെ ആവശ്യങ്ങൾ മാനിച്ചാണ്‌ ഖത്തർ ആഭ്യന്തരനയങ്ങൾ രൂപീകരിക്കുന്നതെന്നും ഷെയ്‌ഖ്‌ മുഹമ്മദ്‌ പറഞ്ഞു.

ഖത്തർ വിദേശകാര്യമന്ത്രി മലേഷ്യയിൽ

മലേഷ്യ സന്ദർശിച്ച വിദേശകാര്യമന്ത്രി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിൻ അബ്‌ദുൽ റഹ്‌മാൻ അൽതാനി മലേഷ്യൻ പ്രധാനമന്ത്രി മുഹമ്മദ് നജീദ് തുൻ അബ്ദുൽ റസാഖുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും സിറിയയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളും ചർച്ചയായി. മലേഷ്യൻ വിദേശകാര്യമന്ത്രി ഡാറ്റോ ശ്രി അനിഫാൻ അമാനുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.