Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമദ് തുറമുഖത്ത് ഇന്നുമുതൽ 24 മണിക്കൂറും ചരക്കുനീക്കം

ദോഹ ∙ മിസൈദിലെ ഹമദ്‌ തുറമുഖത്ത്‌ 24 മണിക്കൂറും ചരക്കുനീക്കം തുടങ്ങി. ഇന്നലെ അർധരാത്രിയോടെ ദോഹ തുറമുഖത്തെ കണ്ടെയ്‌നർ ടെർമിനൽ നീക്കം അവസാനിപ്പിച്ചതോടെയാണിത്. പൂർണതോതിൽ പ്രവർത്തനസജ്‌ജമാക്കുന്നതിന്റെ ഭാഗമായി ഹമദ്‌ തുറമുഖത്തേക്ക്‌ 23 മുതൽ കണ്ടെയ്‌നറുകൾ എത്തിത്തുടങ്ങിയിരുന്നു. അതേസമയം, തുറമുഖത്തിന്റെ ദൈനംദിന നടത്തിപ്പു നിയന്ത്രിക്കാൻ ക്യുടെർമിനൽസ്‌ എന്നപേരിൽ സംയുക്‌ത കമ്പനി രൂപീകരിക്കാൻ ഖത്തർ പോർട്‌സ്‌ മാനേജ്‌മെന്റ്‌ കമ്പനി (മേവാനി ഖത്തർ)യും മിലാഹയും (ഖത്തർ നാവിഗേഷൻ) തമ്മിൽ കരാർ ഒപ്പുവയ്ക്കുകയും ചെയ്‌തു.

പുതിയ കമ്പനിയിൽ മേവാനി ഖത്തറിന്‌ 51%, മിലാഹയ്‌ക്ക്‌ 49% വീതമാണ് ഓഹരി പങ്കാളിത്തം. സ്വതന്ത്ര കമ്പനിയായാണു ക്യുടെർമിനൽസ്‌ പ്രവർത്തിക്കുക. കമ്പനിക്കു സ്വന്തം ഡയറക്‌ടർ ബോർഡും ഭരണനിർവഹണ വിഭാഗവും ജീവനക്കാരുമുണ്ടാകും. മേവാനി ഖത്തറിനു വേണ്ടി സിഇഒ ക്യാപ്‌റ്റൻ അബ്‌ദുല്ല അൽ ഖഞ്‌ജിയും മിലാഹയ്‌ക്കുവേണ്ടി പ്രസിഡന്റും സിഇഒയുമായ അബ്‌ദുൽറഹ്‌മാൻ ഈസ അൽമന്നായിയും ഗതാഗതമന്ത്രി ജാസിം സയീഫ്‌ അഹ്‌മദ്‌ അൽസുലൈത്തി, മിലാഹ ചെയർമാൻ ഷെയ്‌ഖ്‌ അലി ബിൻ ജാസിം ബിൻ മുഹമ്മദ്‌ അൽതാനി എന്നിവരുടെ സാന്നിധ്യത്തിൽ കരാർ ഒപ്പുവച്ചു.

വ്യാപാരലോകത്തിനു ഖത്തറിലേക്കുള്ള പ്രവേശനകവാടമാണു ഹമദ്‌ തുറമുഖമെന്നു ഗതാഗത മന്ത്രി പറഞ്ഞു. ഈ ബൃഹദ്‌ പദ്ധതിയുടെ നടത്തിപ്പിൽ ഇരു കമ്പനികളും കൈകോർക്കുന്നതു ഭാവിയിൽ ഇരുസംരംഭങ്ങൾക്കും ഏറെ ഗുണം ചെയ്യും. ഖത്തറിന്റെ ഇറക്കുമതിക്കു വലിയ സംഭാവന നൽകാൻ ഹമദ്‌ തുറമുഖത്തിനാകുമെന്നും രാജ്യത്തെ പ്രാദേശിക വാണിജ്യ ഹബ്ബാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിവർഷം 70 ലക്ഷം കണ്ടെയ്‌നറുകൾ

ദോഹ ∙ നിർമാണം പൂർണമാകുമ്പോൾ ഹമദ്‌ തുറമുഖത്തിനു പ്രതിവർഷം 70 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും. ചരക്കുകൾക്ക് അതിവേഗം ക്ലിയറൻസ് നൽകാനുള്ള വിപുലമായ കസ്‌റ്റംസ്‌ പരിശോധനാ സൗകര്യവും ഇവിടെ ഒരുക്കുന്നുണ്ട്‌.

തുറമുഖ കൺട്രോൾ ടവറിന്‌ 110 മീറ്റർ ഉയരമുണ്ടാകും. കപ്പൽ പരിശോധനാകേന്ദ്രം, സംഭരണശാലകൾ, മസ്‌ജിദ്‌, വിശ്രമകേന്ദ്രങ്ങൾ, അടിയന്തര ചികിത്സാ കേന്ദ്രം, പോർട്ട്‌ ഓപറേഷൻസ്‌ ഓഫിസുകൾ എന്നിവയും ഇവിടെയുണ്ടാകും. മറ്റു ജിസിസി രാജ്യങ്ങളുമായി ഭാവിയിൽ തുറമുഖത്തെ റോഡ്‌, റെയിൽ മാർഗം ബന്ധിപ്പിക്കും.

ഹമദ്‌ തുറമുഖത്തെയും ഖത്തറിലെ വ്യവസായ, വ്യാപാരകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന റോഡുകളുടെ നിർമാണം ചരക്കുനീക്കം എളുപ്പത്തിലാക്കും. 2,700 കോടി റിയാൽ മുതൽമുടക്കിലാണു തുറമുഖവും നാവികസേനാ താവളവും വികസിപ്പിക്കുന്നത്‌. മാതൃപേടകങ്ങൾക്കു ഖത്തറിലേക്കു നേരിട്ടെത്താനാകുന്നതു ഖത്തറിലെ വ്യാപാരികൾക്കാണ്‌ ഏറ്റവും സഹായകമാവുക.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.