Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹമദ് തുറമുഖം പൂർണസജ്ജം

 ദോഹ ∙ ഈ മാസം 15നു ദോഹ തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം പൂർണമായും പുതിയ ഹമദ് തുറമുഖത്തേക്കു മാറ്റുമെന്നു മന്ത്രാലയം പ്രഖ്യാപിച്ചെങ്കിലും കാർഗോ കമ്പനികൾക്ക് ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചിട്ടില്ല. ഗതാഗത വിവരസാങ്കേതിക മന്ത്രാലയം ഇതു സംബന്ധിച്ച അറിയിപ്പ് പത്രപരസ്യമായി നൽകിയിരുന്നു. എന്നാൽ തുറമുഖത്തു പ്രവർത്തിക്കുന്ന കമ്പനികളെ പോർട്ട് അധികൃതരോ കസ്റ്റംസോ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണു റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഡിസംബറിൽ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ഹമദ് തുറമുഖത്തെ ചരക്കുനീക്കത്തിന്റെ രണ്ടാം ഘട്ടമാണ് ഈ മാസം 15നു തുടങ്ങുക. ഇതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും മുൻ ഷെഡ്യൂൾ പ്രകാരം തന്നെ ഹമദ് തുറമുഖം പ്രവർത്തന സജ്ജമാകുമെന്നും മന്ത്രാലയം പത്രപരസ്യത്തിൽ വ്യക്തമാക്കി.

വൻകിട ചരക്കുകൾ കൈകാര്യം ചെയ്യുന്ന പ്രവർത്തനം നേരത്തേ തന്നെ ദോഹ തുറമുഖത്തു നിന്നു ഹമദിലേക്കു മാറ്റിയിരുന്നു. മറ്റു പ്രവർത്തനങ്ങൾ കൂടി 15നു മാറ്റാനാണു മന്ത്രാലയത്തിന്റെ തീരുമാനം.

ചില ചരക്കു കമ്പനികൾക്കു ദോഹ തുറമുഖത്ത് ഓഫിസുണ്ട്. ഈ കമ്പനികളും ഹമദ് തുറമുഖത്തേക്കു മാറേണ്ടി വരും. ദോഹയിൽ ഓഫിസുള്ളവരെ പ്രവർത്തന മാറ്റം ബാധിക്കില്ല. തുറമുഖത്തിന്റെ പ്രവർത്തനം പൂർണമായി മാറ്റുന്നതുമായി ബന്ധപ്പെട്ടു തുറമുഖ അധികൃതർ ചരക്കു കമ്പനികളുടെ യോഗം വിളിച്ചുചേർക്കുമോ എന്ന വിവരം അറിയില്ലെന്ന് ഒരു കമ്പനി മാനേജർ ഗൾഫ് ടൈംസിനോടു പറഞ്ഞു. പ്രവർത്തനം മാറ്റുംമുൻപ് ഔദ്യോഗികമായി അറിയിക്കുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വിശാലമായ പുതിയ തുറമുഖത്തേക്കു മാറുമ്പോൾ ചരക്കുനീക്കം കുറച്ചുകൂടി സുഗമമാകുമെന്നാണു കമ്പനികളുടെ പ്രതീക്ഷ.

ദോഹ തുറമുഖത്തെപ്പോലുള്ള തിരക്ക് ഹമദ് തുറമുഖത്തുണ്ടാകില്ല. പുതിയ ക്രെയിനുകളും മറ്റു സംവിധാനങ്ങളും ചരക്കുനീക്കം കുറച്ചുകൂടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇൻഡസ്ട്രിയൽ സിറ്റിയായ മിസൈദിനും വക്രയ്ക്കുമിടയിൽ ഉംഅൽ ഹൗളിലെ പുതിയ ഹമദ് തുറമുഖം കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയാണു തുറന്നുകൊടുത്തത്.

ഈ വർഷം അവസാനത്തോടെ പൂർണ സജ്ജമാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെങ്കിലും അതിലും നേരത്തേ തന്നെ പ്രവർത്തനം തുടങ്ങാനായി. ജനറൽ കാർഗോ, കന്നുകാലികൾ, വാഹനങ്ങൾ, വലിയ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്.

ഈ മാസം 15 മുതൽ ദോഹ തുറമുഖത്തു നിന്നു ചരക്കുനീക്കം മാറ്റുന്നതോടെ ഹമദ് തുറമുഖത്തിന്റെ ഒന്നാംഘട്ടം പൂർണസജ്ജമാകും. ഇതോടെ 20 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും. നിലവിൽ ദോഹ തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ മൂന്നിരട്ടിയാണിത്. 2020ൽ ആണു രണ്ടാംഘട്ടം പൂർത്തിയാക്കുക.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.