Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചരക്കു നീക്കം ഇനി ഹമദില്‍ മാത്രം

port

ദോഹ ∙ ദോഹ തുറമുഖത്തെ ചരക്കു നീക്കം പൂർണമായി പുതിയ ഹമദ് തുറമുഖത്തേക്കു മാറ്റുന്നു. ഈ മാസം 15 മുതൽ ജനറൽ കാർഗോ പൂർണമായും ഹമദ് തുറമുഖത്തേക്കു മാറ്റുമെന്നു ഗതാഗത, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ ഭാഗികമായി പ്രവർത്തനം തുടങ്ങിയ ഹമദ് തുറമുഖത്തെ ചരക്കുനീക്കത്തിന്റെ രണ്ടാംഘട്ടമാണ് ഈ മാസം 15നു തുടങ്ങുക. ഇതിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയെന്നും മുൻ ഷെഡ്യൂൾ പ്രകാരം തന്നെ ഹമദ് തുറമുഖം പ്രവർത്തന സജ്ജമാകുമെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് 380ശതമാനം വർധനയാണു ജനറൽ കാർഗോ നീക്കത്തിൽ ഉണ്ടായത്. സ്ഥലസൗകര്യം കുറവായ ദോഹ തുറമുഖത്തിനു വർധിക്കുന്ന ചരക്കുനീക്കം ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പുതിയ തുറമുഖത്തേക്കു ജനറൽ കാർഗോ വിഭാഗം മാറ്റുന്നതോടെ ഈ ബുദ്ധിമുട്ട് ഒഴിവാകും.

hamd-port

ദോഹ തുറമുഖത്തുനിന്നു ചരക്കുനീക്കം മാറ്റുന്നതോടെ ക്രൂസ് കപ്പലുകളുടെ ഹാർബറായി തുറമുഖത്തെ മാറ്റാനാകും. ക്രൂസ് സീസൺ ഈ മാസം തുടങ്ങാനിരിക്കെ ദോഹ തുറമുഖത്തെ തിരക്കു കുറയ്ക്കാൻ നടപടി ഉപകരിക്കും. ആദ്യ ക്രൂസ് കപ്പൽ ഈ 18ന് ആണു ദോഹ തുറമുഖത്ത് എത്തുക. 32 ക്രൂസ് കപ്പലുകളെയാണ് ഈ സീസണിൽ ഖത്തർ പ്രതീക്ഷിക്കുന്നത്. ഇതിലൂടെ അരലക്ഷം വിനോദസഞ്ചാരികൾ ദോഹയിലെത്തും. 2017ഏപ്രിൽ വരെ ക്രൂസ് സീസൺ നീളും. ഇൻഡസ്ട്രിയൽ സിറ്റിയായ മിസൈദിനും വക്രയ്ക്കുമിടയിൽ ഉംഅൽ ഹൗളിലെ പുതിയ ഹമദ് തുറമുഖം കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയാണു തുറന്നു കൊടുത്തത്. ചെറിയരീതിയിലാണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. ജനറൽ കാർഗോ, കന്നുകാലികൾ, വാഹനങ്ങൾ, വലിയ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതിയാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചത്.

2016ൽ ആദ്യഘട്ടം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു 2010ലാണു തുറമുഖ നിർമാണം ആരംഭിച്ചത്. രണ്ടാംഘട്ടം 2022ലും മൂന്നാംഘട്ടം 2030ലുമാണു പ്ലാൻ ചെയ്തത്. എന്നാൽ പിന്നീടു പദ്ധതി ലക്ഷ്യം മാറ്റി ഒന്നാംഘട്ടം 2016ലും രണ്ടുംമൂന്നും ഘട്ടങ്ങൾ ഒരുമിച്ചാക്കി 2020ൽ പൂർത്തിയാക്കാനുമാണു തീരുമാനിച്ചത്. 2700കോടി റിയാലിന്റെ (740കോടി ഡോളർ) പദ്ധതി 2022ലോകകപ്പിനു മുമ്പായി തീർക്കുകയാണു ലക്ഷ്യം.

ഒന്നാംഘട്ട നിർമാണം പൂർത്തിയാകുമ്പോൾ 20ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനാകും. നിലവിൽ ദോഹ തുറമുഖം കൈകാര്യം ചെയ്യുന്ന ചരക്കുകളുടെ മൂന്നിരട്ടിയാണിത്. രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ വീണ്ടും നാൽപതു ലക്ഷം കണ്ടെയ്നറുകൾ കൂടി കൈകാര്യം ചെയ്യാനാകും.

ഇതിനുപുറമേ തീരസംരക്ഷണ സേനയ്ക്കും മറൈൻ യൂണിറ്റിനുമായി പ്രത്യേക വിഭാഗങ്ങളുമുണ്ട്. 26 ചതുരശ്ര കിലോമീറ്ററാണു തുറമുഖത്തിന്റെ വിസ്തൃതി. കണ്ടെയ്നർ സൗകര്യത്തിനു പുറമേ 17ലക്ഷം ടൺ ജനറൽ കാർഗോ, പത്തു ലക്ഷം ടൺ ധാന്യങ്ങൾ, അഞ്ചു ലക്ഷം വാഹനങ്ങൾ എന്നിവയും വർഷത്തിൽ കൈകാര്യം ചെയ്യാനുള്ള ശേഷി ഹമദ് പോർട്ടിനുണ്ടാകും. നാലു കിലോമീറ്റർ നീളവും 700 മീറ്റർ വീതിയും 17 മീറ്റർ ആഴവുമുള്ള തുറമുഖത്ത് ലോകത്തിലെ ഏറ്റവും വലിയ കപ്പലിനും അടുക്കാനാകും. ചൈന ഹാർബർ എൻജിനീയറിങ് കമ്പനി ഉൾപ്പെടെ അഞ്ചു പ്രമുഖ കമ്പനികളാണ് ആദ്യഘട്ടത്തിന്റെ കരാറുകാർ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.