Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗികളുടെ എണ്ണം കൂട്ടിയത് വ്യായാമമില്ലായ്മയും ഭക്ഷണരീതിയും

heart-day ലോക ഹൃദയദിനത്തോടനുബന്ധിച്ചു മീഡിയ പ്ലസ്, ഫ്രണ്ട്സ് കൾച്ചറൽ സെന്റർ, ആന്റി‍ സ്‌മോക്കിങ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ ഡോ. അനീസ് താജുദ്ദീൻ പ്രസംഗിക്കുന്നു.

ദോഹ ∙ ശരീര വ്യായാമം കുറഞ്ഞതും കലോറി കൂടിയ ആഹാരങ്ങളുടെ ഉപഭോഗം കൂടിയതുമാണു ഹൃദ്രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കാനുള്ള പ്രധാന കാരണമെന്നു ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷൻ ഹാർട്ട് ഹോസ്പിറ്റൽ കൺസൽറ്റന്റ് ഡോ. അനീസ് താജുദ്ദീൻ അഭിപ്രായപ്പെട്ടു. ലോക ഹൃദയദിനത്തോടനുബന്ധിച്ചു മീഡിയ പ്ളസ്, ഫ്രണ്ട്സ് കൾച്ചറൽ സെന്റർ, ആന്റി‍ സ്‌മോക്കിങ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സെമിനാറിൽ വിഷയമവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഹൃദയ ധമനികളിലോ ഭിത്തികളിലോ ഉണ്ടാകുന്ന ക്ഷതങ്ങൾ പരിഹരിക്കാൻ ബുദ്ധിമുട്ടായതിനാൽ ഹൃദയത്തിന്റെ സംരക്ഷണം ഏറെ പ്രധാനമാണ്. പുകവലി, പ്രമേഹം, കൊഴുപ്പ്, രക്തസമ്മർദം തുടങ്ങിയവയാണു ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ.

ആരോഗ്യകരമായ ജീവിതശൈലി ശീലിക്കുക, ഭക്ഷണക്രമത്തിൽ ആവശ്യമായ മാറ്റം വരുത്തുക, ചടഞ്ഞിരിക്കുന്നത് ഒഴിവാക്കി കർമോത്സുകരാവുക, രക്തസമ്മർദം, കൊഴുപ്പ്, പ്രമേഹം എന്നിവ നിയന്ത്രിക്കുക, ശരീരഭാരം ആനുപാതികമായി നിലനിർത്തുക, മാനസിക സമ്മർദം, കോപം മുതലായവ ലഘൂകരിക്കുക, പുകവലി നിർത്തുക, മദ്യപാനം വർജിക്കുക തുടങ്ങിയവയെല്ലാം ഹൃദ്രോഗത്തിനടിപ്പെടാതിരിക്കാൻ നമ്മെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിട്ടുന്നതെന്തും വലിച്ചുവാരിക്കഴിക്കുന്ന പ്രകൃതക്കാരാണു മലയാളികൾ. എന്തു കഴിക്കണമെന്നതിനെപ്പറ്റിയും എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റിയും ചില പ്രകൃതി നിയമങ്ങളുണ്ട്. പ്രകൃതി നമുക്കുവേണ്ടി ഒരുക്കുന്ന ആഹാരമാണോ നാം കഴിക്കുന്നത്? മിതത്വം പാലിക്കുകയും പഴങ്ങളും പച്ചക്കറികളും ഇലയാഹാരങ്ങളുമൊക്കെ ഉൾപ്പെടുത്തുകയും ചെയ്യുക.

വെള്ളത്തിനും ഭക്ഷണത്തിനും ദഹന പ്രക്രിയയ്ക്കുമൊക്കെ സൗകര്യപ്രദമായ അളവിൽ ആഹാരം ശീലമാക്കുന്നത് ഏറെ ഗുണകരമാകും, അദ്ദേഹം പറഞ്ഞു. ഓരോരുത്തരും തങ്ങൾക്ക് ആവശ്യമുള്ള കലോറി ആഹാരം കഴിക്കുകയും നിത്യവും കുറച്ചു സമയമെങ്കിലും ശാരീരിക വ്യായാമത്തിനായി നീക്കിവയ്ക്കുകയും ചെയ്താൽ ഹൃദ്രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. എഫ്സിസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. മീഡിയ പ്ളസ് സിഇഒ അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. റഫീഖ് മേച്ചേരി പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.