Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വർഷം ഖത്തറിൽ ലഭ്യമായത്‌ 1,500 പഞ്ചനക്ഷത്ര മുറികൾ

ദോഹ ∙ മുന്തിയ ഹോട്ടലുകളുടെ എണ്ണത്തിൽ രാജ്യത്ത്‌ അടുത്ത രണ്ടു വർഷത്തിനിടയിൽ 19% വർധനയുണ്ടാകുമെന്നു റിപ്പോർട്ട്‌. ഒരു വർഷത്തിനിടയിൽ ഖത്തറിൽ 1,500 പഞ്ചനക്ഷത്ര ഹോട്ടൽ മുറികൾ കൂടി ലഭ്യമായെന്നും രാജ്യാന്തര ഹോട്ടൽ ശൃംഖലകളുള്ള കോളിയേഴ്‌സ്‌ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

സാമ്പത്തികമാന്ദ്യം മൂലം ദോഹ കേന്ദ്രീകരിച്ചുള്ള ഹോട്ടൽ പ്രോജക്‌ടുകൾ വൈകുകയാണ്‌. 18% ഹോട്ടലുകളുടെയെങ്കിലും നിർമാണം രണ്ടുവർഷത്തിലേറെ വൈകുമെന്നാണ്‌ സൂചന. അടുത്ത ഏതാനും വർഷത്തേക്കു ഫോർ, ഫൈവ്‌ സ്‌റ്റാർ ഹോട്ടലുകളേ ഖത്തറിൽ തുറക്കൂ. ദോഹ കേന്ദ്രീകരിച്ചു പുരോഗമിക്കുന്നതിൽ 48% ഫോർ സ്‌റ്റാറും 44% ഫൈവ്‌ സ്‌റ്റാറുമാണ്‌. ഡിസംബർ അവസാനത്തോടെ ആകെ ഹോട്ടൽ റൂമുകൾ 16,886 ആകും. 2018 ഡിസംബറിൽ ഇത്‌ 24,148 ആയി ഉയരുമെന്നും റിപ്പോർട്ട്‌ വ്യക്‌തമാക്കുന്നു.

എണ്ണവില കുറഞ്ഞതുമുതൽ ഹോട്ടൽ മുറികളുടെ ബുക്കിങ്ങിലും കുറവുണ്ട്. ഈ വർഷം ഖത്തറിലെ ശരാശരി റൂം ബുക്കിങ്‌ 66% ആണ്‌. മറ്റു ജിസിസി രാജ്യങ്ങളിലേക്കാൾ അൽപം കൂടുതലാണിത്‌. ഹോട്ടൽ അപാർട്‌മെന്റുകളിൽ റൂം ബുക്കിങ്‌ കുറച്ചുകൂടി ഭേദപ്പെട്ട നിലയിലാണ്‌. ഫോർ സ്റ്റാർ ഹോട്ടലുകൾ ദോഹ ഡൗൺടൗണിൽ കേന്ദ്രീകരിക്കുന്നതിനാൽ മത്സരം കൂടുതലാണ്‌. ഈ വർഷം മൂന്നാം പാദത്തിൽ ഇവയുടെ റൂം ബുക്കിങ്ങിലും പ്രതിദിന വരുമാനത്തിലും 25 ശതമാനത്തോളം കുറവുണ്ടായി. വേനൽ മാസങ്ങളിൽ സഞ്ചാരികൾ കുറഞ്ഞതാണ്‌ ഇതിനു കാരണം.

മിഷൈരിബ്‌ വികസനപദ്ധതി ദോഹ ഡൗൺടൗണിലെ ഹോട്ടലുകൾക്കു കൂടുതൽ ഇടപാടുകൾ ലഭിക്കാൻ വഴിയൊരുക്കും. വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള അതിഥികളെത്താനും ഇതു വഴിയൊരുക്കും. ദോഹ മെട്രോ സർവീസ്‌ തുടങ്ങുന്നതോടെ ഇവിടേക്കു കൂടുതൽ അതിഥികളെത്തുമെന്നും കോളിയേഴ്‌സ്‌ പറയുന്നു.

ഹോട്ടലുകളുടെ നിലവാരവും സേവനവും സംബന്ധിച്ചു തയാറാക്കുന്ന അതിഥി അനുഭവ സൂചികയിൽ ഖത്തറിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് 87 പോയിന്റും ഫോർ സ്‌റ്റാറുകൾക്ക്‌ 77 പോയിന്റും ത്രീ സ്‌റ്റാറുകൾക്ക്‌ 74 പോയിന്റുമാണ്‌ ലഭിച്ചത്‌. ബിസിനസ്‌ ആവശ്യങ്ങൾക്കായി എത്തുന്നവർ ഖത്തറിലെ ഹോട്ടലുകളിൽ ലഭ്യമാവുന്ന സേവനങ്ങളിൽ തൃപ്‌തരാണ്‌. എന്നാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഹോട്ടലുകൾ കൂടുതലായി നിർമിക്കേണ്ടതുണ്ടെന്നും കോളിയേഴ്‌സ്‌ പറയുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.