Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാഹന നിർമാണ തകരാർ പരിഹരിക്കൽ: റെഡിയെന്ന് കമ്പനി, മടിയെന്ന് ഉടമകൾ

car

ദോഹ ∙ വാഹനങ്ങളിൽ കണ്ടെത്തുന്ന നിർമാണ തകരാറുകൾ പരിഹരിക്കാൻ സാമ്പത്തിക വാണിജ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന ഉത്തരവുകൾ പാലിക്കുന്നത് പകുതിയോളം വാഹന ഉടമകൾ മാത്രമെന്നു റിപ്പോർട്ട്.

വിവിധ വാഹനങ്ങളിലെ ഏതെങ്കിലും പാർട്സിനു നിർമാണ തകരാർ കണ്ടെത്തിയാൽ വാഹനം തിരിച്ചു വിളിച്ച് അതു സൗജന്യമായി നന്നാക്കി കൊടുക്കുകയാണു ചെയ്യുന്നത്. അതാതു വാഹന കമ്പനികളുടെ പൂർണ ഉത്തരവാദിത്തത്തിൽ കമ്പനി ഷോറൂമുകളിലാണു തകരാർ മാറ്റി നൽകാറുള്ളത്. ഇതിനായി വാണിജ്യമന്ത്രാലയം മോഡലിന്റെയും തകരാറിന്റെയും വിവരങ്ങൾ നൽകി വാഹനം തിരിച്ചു വിളിക്കാൻ പരസ്യങ്ങൾ നൽകാറുണ്ട്. ചില മോഡലുകളുടെ ചില പാർട്സുകളിൽ മാത്രമാണു നിർമാണ തകരാറുകൾ പിന്നീട് കണ്ടെത്തുന്നത്. ഈ മോഡൽ വാഹനങ്ങളാണു തിരിച്ചു വിളിച്ചു തകരാർ പരിഹരിച്ചു നൽകുന്നത്.

എന്നാൽ വാഹനങ്ങൾ മടക്കി വിളിക്കുമ്പോൾ പകുതി ഉടമകൾ മാത്രമാണു തകരാർ പരിഹരിക്കാനായി എത്തുന്നതെന്നു വാഹന ഡീലർഷിപ് കമ്പനി ജീവനക്കാർ പറയുന്നു. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിൽ നിന്നു നിർദേശം ലഭിക്കുമ്പോൾ എല്ലാ വാഹന ഉടമകളെയും ഇമെയിൽ മുഖേനയും എസ്എംഎസ് വഴിയും വിവരം അറിയിക്കാറുണ്ടെന്നു കമ്പനി ജീവനക്കാർ പറയുന്നു. ചിലർ പെട്ടെന്നു തന്നെ പ്രതികരിക്കുകയും വാഹനത്തിന്റെ തകരാർ പരിഹരിക്കാനായി എത്തിക്കുകയും ചെയ്യാറുണ്ട്. എന്നാൽ പകുതിയോളം പേർ നിർദേശം അവഗണിക്കുകയാണു പതിവ്. ചിലർ വാഹനം ഇതിനോടകം കൈമാറിക്കഴി‍ഞ്ഞിട്ടുണ്ടാകും. പുതിയ വാഹന ഉടമകളുടെ വിവരങ്ങൾ മാത്രമാണു ഡീലർഷിപ് ഓഫിസുകളിലുള്ളത്. അതിനാൽ പഴയ കാർ വാങ്ങുന്ന ഉടമകളെ ബന്ധപ്പെടാൻ കഴിയാറില്ല.

കാർ വാങ്ങിയവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടാലും ചിലർ വിവരങ്ങൾ നൽകാറില്ല. ഇതിനാൽ ചില വാഹന ഉടമകൾ തകരാറിനെ കുറിച്ച് അറിയാറേയില്ല. പുതിയ കാറുകളുടെ തകരാർ പരിഹരിക്കാൻ കാർ ഉടമകൾ ശ്രദ്ധിക്കാറുണ്ടെങ്കിലും കാർ പഴയതാകുന്നതോടെ തകരാർ പരിഹരിക്കാനുള്ള താൽപര്യവും നഷ്ടപ്പെടും. തിരിച്ചു വിളിക്കൽ നിർദേശങ്ങൾ കൃത്യമായി പാലിച്ചു സൗജന്യ സർവീസിനായി വാഹനം എത്തിക്കുന്നവരിൽ കൂടുതലും സ്വദേശികളാണെന്നു ഖത്തർ ട്രിബ്യൂൺ റിപ്പോർട്ടിൽ പറയുന്നു.

പ്രവാസികളാണ് ഇക്കാര്യത്തിൽ കൂടുതൽ മടി കാട്ടുന്നത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.