Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ചികിത്സാ ഇൻഷുറൻസ്‌ ജനുവരിയിൽ മുതൽ

health-insurance

ദോഹ ∙ സ്വദേശികൾക്കുള്ള പുതിയ ആരോഗ്യ, ചികിൽസാ ഇൻഷുറൻസ്‌ ജനുവരി മുതൽ ലഭ്യമാകുമെന്ന്‌ അൽ അഹ്‌ലി ആശുപത്രി സിഇഒ ഖാലിദ്‌ അൽ എമാദി. നേരത്തേയുണ്ടായിരുന്ന സെഹയിലെ പാളിച്ചകളെല്ലാം തിരുത്തിയാണു പുതിയ ഇൻഷുറൻസ്‌ പദ്ധതി കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ സ്‌കീം ഇൻഷുറൻസ്‌ കമ്പനികൾ നേരിട്ടാണു നടത്തുന്നത്‌.

അതിനാൽ തട്ടിപ്പുകൾക്കു പഴുതുണ്ടാവില്ല. മാത്രമല്ല കൂടുതൽ ലാഭകരമായിരിക്കുമെന്നും അദ്ദേഹം ഖത്തർ ട്രിബ്യൂണിന്‌ അനുവദിച്ച അഭിമുഖത്തിൽ വ്യക്‌തമാക്കി. അൽ അഹ്‌ലി ആശുപത്രിയിൽ നിലവിൽ 34 പ്രാദേശിക, രാജ്യാന്തര കമ്പനികളുടെ ഇൻഷുറൻസ്‌ ലഭ്യമാണ്‌.

ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ ഏറ്റവുംമികച്ച കവറേജ്‌ നൽകുന്ന ഇൻഷുറൻസ്‌ കമ്പനിക്കാവും പുതിയ കരാർ ലഭിക്കുക. എന്നാൽ പ്രാദേശിക കമ്പനികളിൽ ഏതെങ്കിലുമൊന്നിനു കരാർ ലഭിക്കുന്നതാവും സ്വദേശികൾക്കു കൂടുതൽ ഗുണകരം. ചില വ്യക്‌തികളും ചില ക്ലിനിക്കുകളും തട്ടിപ്പുനടത്തിയതായി തെളിഞ്ഞതിനെത്തുടർന്നാണു സെഹ ഇൻഷുറൻസ്‌ പദ്ധതി കഴിഞ്ഞ ഡിസംബർ 31ന്‌ പിൻവലിച്ചത്‌. സാധാരണ ഇൻഷുറൻസ്‌ കമ്പനികൾ ഒന്നും നൽകാത്ത സേവനങ്ങളാണു സെഹയിൽ സ്വദേശികൾക്കു ലഭ്യമായിരുന്നത്‌.

കുട്ടികളില്ലാത്ത ദമ്പതികൾക്കായി ഐവിഎഫ്‌, പൊണ്ണത്തടി കുറയ്‌ക്കുന്നതിനുള്ള ബാറിയാട്രിക്‌ ശസ്‌ത്രക്രിയ, സൗന്ദര്യം കൂട്ടാനുള്ള പ്ലാസ്‌റ്റിക്‌ സർജറി എന്നിവയെല്ലാം സെഹയിൽ ഉൾപ്പെടുത്തിയിരുന്നു. ഐവിഎഫും പ്ലാസ്‌റ്റിക്‌ സർജറികളും മറ്റും എത്രതവണ നടത്തിയാലും സെഹയിൽ ഇൻഷുറൻസ്‌ കവറേജ്‌ ലഭിച്ചിരുന്നു.

ചികിൽസകളുടെ ഭാഗമായി എക്‌സ്‌റേ, സ്‌കാൻ പരിശോധനകൾ നടത്തണം. ഇവ ആവർത്തിച്ചുചെയ്യുന്നതു ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. ചികിൽസാച്ചെലവു സർക്കാർ വഹിക്കുന്നതിനാൽ പലരും ഒരേപ്രശ്‌നത്തിനു പല ക്ലിനിക്കുകളിലെത്തി ചികിത്സകൾക്കു വിധേയരായിരുന്നു. ഓരോ ക്ലിനിക്കിലും മൂന്നും നാലും പ്രാവശ്യം എക്‌സ്‌റേ, സ്‌കാൻ പരിശോധനകൾ ആവർത്തിക്കുകയും ഒരേ മരുന്നു പല ക്ലിനിക്കുകളിൽനിന്നു വാങ്ങിക്കഴിക്കുകയും ചെയ്യുന്നത്‌ ആരോഗ്യം അപകടത്തിലാക്കാനും ചികിത്സാച്ചെലവുകൾ പലമടങ്ങു വർധിക്കാനും കാരണമായി.

ഹമദ്‌ ജനറൽ ആശുപത്രിയും ഇൻഷുറൻസ്‌ ലഭ്യമാവുന്ന മറ്റു സ്വകാര്യക്ലിനിക്കുകളും തമ്മിൽ ചികിത്സാ ഇൻഷുറൻസ്‌ വിവരങ്ങൾ കൈമാറാൻ സംവിധാനമില്ലാത്തതിനാലാണ്‌ ഇത്തരം വീഴ്‌ചകൾ സംഭവിച്ചതെന്ന്‌ എമാദി അഭിപ്രായപ്പെട്ടു.

ജൂണിൽ പുതിയ ഇൻഷുറൻസ്‌ പദ്ധതി നിലവിൽവരുമെന്നാണു നേരത്തെ ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നതെങ്കിലും ഏതു കമ്പനിക്കാണ്‌ ഇൻഷുറൻസ്‌ നൽകുകയെന്ന കാര്യത്തിൽ ഇനിയും അധികൃതർ അന്തിമതീരുമാനമെടുത്തിട്ടില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.