Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിലെ വിദേശ നിക്ഷേപത്തിൽ ഇന്ത്യ നാലാമത്: ക്യുഎഫ്സി

ദോഹ ∙ ഖത്തറിലെ വിദേശനിക്ഷേപത്തിൽ നാലാം സ്ഥാനത്താണ് ഇന്ത്യയെന്നു ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യുഎഫ്സി) ചീഫ് സ്ട്രാറ്റജി ആൻഡ് ഡവലപ്മെന്റ് ഓഫിസർ കമാൽ നാജി. കഴിഞ്ഞ ആറു വർഷത്തിനിടെ 21 ഇന്ത്യൻ കമ്പനികൾ 45 കോടി യുഎസ് ഡോളർ (164 കോടി റിയാൽ) ഖത്തറിൽ നിക്ഷേപിച്ചതായും ഇതിലൂടെ 2000 പേർക്കു തൊഴിൽ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ഖത്തറിലേക്കു വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി ക്യുഎഫ്സിയുടെ നേതൃത്വത്തിൽ മുംബൈയിൽ നടന്ന റോഡ് ഷോയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന വികസനം, ബാങ്കിങ്, ഇൻഷുറൻസ്, ഐടി, കൾസൾട്ടിങ് മേഖലയിൽ ഇന്ത്യൻ കമ്പനികൾ വർഷങ്ങളായി ഖത്തറിൽ പ്രവർത്തിക്കുന്നു. മേഖലയിലെ നിക്ഷേപ സൗഹൃദ സാഹചര്യങ്ങളും ലളിതമായ നികുതി ഘടനയും മറ്റു സൗകര്യങ്ങളും ഉപയോഗിച്ച് ഈ കമ്പനികൾ ക്രമമായ പുരോഗതിയിലാണ്. എൽഐസി, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി, വോൾട്ടാസ്, എൽ ആൻഡ് ടി തുടങ്ങിയ കമ്പനികൾ വർഷങ്ങളായി ഖത്തറിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2022 ലോകകപ്പിനായി അടിസ്ഥാന വികസന രംഗത്ത് ഖത്തർ വലിയ മുതൽമുടക്ക് നടത്തുകയാണിപ്പോൾ.

2030 ദേശീയ കാഴ്ചപ്പാടിന്റെ ഭാഗമായും വലിയ വികസന പദ്ധതികൾ നടന്നു വരുന്നു. ഇന്ത്യയിൽ നിന്നു ഖത്തറിലേക്കുള്ള ഹൈഡ്രോ കാർബൺ ഇതര മേഖലയുടെ കയറ്റുമതിയിലും 12 ശതമാനം വളർച്ചയുണ്ട്. ഭാവി വളർച്ചയ്ക്ക് ഇതു ഗുണകരമാണെന്ന് ക്യുഎഫ്സി ഡയറക്ടർ അക്ഷയ് റൻഡേവ പറഞ്ഞു. സ്വകാര്യമേഖലയ്ക്കു കൂടുതൽ വളരാൻ അനുകൂലമായ വ്യവസായ അന്തരീക്ഷമാണു ഖത്തർ സർക്കാർ ഒരുക്കുന്നത്. ഇന്ത്യൻ കമ്പനികൾക്ക് അനുകൂല സാഹചര്യം മുതലെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.