Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോവാസലാത്ത്‌ ജീവനക്കാർക്കായി കർവ സർവീസ്‌ തുടങ്ങാൻ ആലോചന

ദോഹ ∙ പൊതുമേഖലാ ഗതാഗതകമ്പനിയായ മോവാസലാത്ത്‌ ഖത്തറിലെ കമ്പനി ജീവനക്കാരെ തൊഴിലിടങ്ങളിലെത്തിക്കാനും തിരിച്ചുകൊണ്ടുപോകാനും പുതിയ ബസ്‌ സർവീസ്‌ തുടങ്ങാനുള്ള ആലോചനയിൽ. മോവാസലാത്തിന്റെ സ്‌കൂൾ ബസുകൾ വൻവിജയമായതാണ്‌ പുതിയ സംരംഭം ഏറ്റെടുക്കാനുള്ള പ്രചോദനം. തൊഴിലാളികളുടെ യാത്രയ്‌ക്കായി പൂർണമായും എയർകണ്ടീഷൻ ചെയ്‌ത 60 സീറ്റുള്ള ബസുകൾ നിരത്തിലിറക്കാനാണ്‌ ആലോചന.

പുതിയ ബസുകളുടെ രൂപരേഖ തയാറായാലുടൻ ഗതാഗതമന്ത്രാലയത്തിൽ ഇതിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കുമെന്നു മോവാസലാത്ത്‌ മാനേജർ ഷിഹാബ്‌ എ ഷിബയ്‌ക പറഞ്ഞു. പൊതുമേഖലാ സ്‌ഥാപനങ്ങൾക്കു മാത്രമല്ല, സ്വകാര്യകമ്പനികൾക്കും ഈ ബസുകൾ വാടകയ്‌ക്കെടുക്കാം. സ്‌കൂൾ ബസുകളിലെപ്പോലെ ഒട്ടേറെ സുരക്ഷാസംവിധാനങ്ങൾ ഇവയിലുണ്ടാകുമെന്നും ഷിഹാബ്‌ പറഞ്ഞു.

തൊഴിലാളികളുടെ സഞ്ചാരത്തിനായി പ്രത്യേക കർവ ബസ്‌ സർവീസ്‌ തുടങ്ങാനുള്ള നീക്കം മോവാസലാത്ത്‌ അഞ്ചുവർഷം മുമ്പ്‌ ആരംഭിച്ചതാണ്‌. എന്നാൽ അന്ന് സമർപ്പിച്ച ബസിന്റെ രൂപരേഖയ്‌ക്ക്‌ അധികൃതരുടെ അനുമതി ലഭിച്ചില്ല. ഇതേത്തുടർന്ന്‌ നാലുവർഷത്തേക്ക്‌ പിന്നീട്‌ നീക്കങ്ങളെല്ലാം മരവിച്ചു. ഇപ്പോൾ രാജ്യാന്തര മാനദണ്ഡങ്ങൾ പാലിച്ചും സർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക്‌ അനുസൃതമായുമാണ്‌ പുതിയ ബസിന്റെ രൂപരേഖ തയാറാക്കുന്നത്‌.

ഖത്തറിൽ വിദേശ തൊഴിലാളികൾ കൂടിവരുന്നതിനാൽ പുതിയ ബസ്‌ സർവീസ്‌ ലാഭകരമാവുമെന്നാണ്‌ മോവാസലാത്തിന്റെ പ്രതീക്ഷ. ഒട്ടേറെ പ്രാദേശിക കമ്പനികൾ സ്വകാര്യ ട്രാൻസ്‌പോർട്‌ സ്‌ഥാപനങ്ങളിൽ നിന്നു ബസുകൾ വാടകയ്‌ക്കെടുത്താണ്‌ തൊഴിലാളികളെ കൊണ്ടുപോകുന്നത്‌. അതിനാൽ കർവ ഈ രംഗത്തേക്ക്‌ വന്നാൽ വൻവിജയമാകുമെന്ന്‌ മോവാസലാത്ത്‌ ഗവൺമെന്റ്‌ റിലേഷൻസ്‌ മാനേജർ ഖാലിദ്‌ ഹസൻ കഫൂദ്‌ പറഞ്ഞു. ഇപ്പോൾ ഹമദ്‌ മെഡിക്കൽ കോർപറേഷനുവേണ്ടി മോവാസലാത്തിന്റെ കർവ ബസുകൾ സർവീസ്‌ നടത്തുന്നുണ്ട്‌.

മുൻഗണന ടാറ്റയ്‌ക്കും ലെയ്‌ലാൻഡിനും

തൊഴിലാളികൾക്കായുള്ള ബസ്‌ സർവീസിന്‌ ടാറ്റമോട്ടോഴ്‌സിന്റെയും അശോക്‌ ലെയ്‌ലാൻഡിന്റെയും വാഹനങ്ങൾക്കാണ്‌ തങ്ങൾ മുൻഗണന നൽകുന്നതെന്ന്‌ ഖത്തർ ട്രിബ്യൂണിനു നൽകിയ അഭിമുഖത്തിൽ ഷിഹാബ്‌ വ്യക്‌തമാക്കി. ഖത്തറിലെ മിക്ക സ്വകാര്യകമ്പനികളും അവരുടെ തൊഴിലാളികൾക്ക്‌ സഞ്ചരിക്കാനായി ഈ ഇന്ത്യൻ കമ്പനികളുടെ ബസുകളാണ്‌ ഉപയോഗിക്കുന്നത്‌. വില കുറവും എന്നാൽ ഏറെ സുരക്ഷിതവും ആയതിനാലാണ്‌ തങ്ങൾ ഈ കമ്പനികൾക്ക്‌ പ്രാമുഖ്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.