Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി മാറ്റം : പഴയ സേവന കാലവും പരിഗണിക്കും

labour-law

ദോഹ∙ ഈ മാസം 13നു പ്രാബല്യത്തിൽ വരുന്ന തൊഴിൽ, താമസാനുമതി നിയമ പ്രകാരം തയാറാക്കുന്ന കരാറിൽ തൊഴിലാളിയുടെ ഇതുവരെയുള്ള സർവീസും ഉൾപ്പെടുത്താമെന്നു മന്ത്രാലയം. നിലവിലെ തൊഴിലുടമയ്ക്കായി ജോലി ആരംഭിച്ച ദിവസം മുതലുള്ള കാലയളവ് പുതിയ കരാറിൽ ഉൾപ്പെടുത്താനാകും. പുതിയ നിയമത്തിനു രണ്ടാഴ്ച മാത്രം അവശേഷിക്കെ ഇതാദ്യമായാണു തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയം നിയമത്തെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. വർഷങ്ങളായി ഒരേ തൊഴിലുടമയ്ക്കു കീഴിൽ ജോലി ചെയ്തിരുന്നവർക്കു ജോലി മാറാൻ അവസരം നൽകുന്നതാണു പുതിയ നിർദേശം. പുതിയ കരാർ പ്രാബല്യത്തിൽ വന്നാൽ വീണ്ടും അഞ്ചു വർഷത്തിനു ശേഷം മാത്രമേ ജോലി മാറാൻ കഴിയൂ എന്ന ആശങ്കയാണ് ഇതോടെ ഇല്ലാതാകുന്നത്. നിലവിലുള്ള 2009ലെ നാലാംനമ്പർ സ്‌പോൺസർഷിപ്‌(കഫാല) നിയമം ഭേദഗതി ചെയ്‌താണു പ്രവാസി തൊഴിലാളികളുടെ വരവും പോക്കും താമസാനുമതിയും സംബന്ധിച്ച പുതിയ നിയമം കൊണ്ടുവന്നത്‌.

2015 ഒക്‌ടോബർ 27ന്‌ അമീർ അംഗീകാരം നൽകിയ നിയമം ഡിസംബർ 13നാണ്‌ ഔദ്യോഗിക ഗസറ്റിൽ പരസ്യപ്പെടുത്തിയത്‌. ഗസറ്റ്‌ വിജ്‌ഞാപനത്തിനുശേഷം ഒരു വർഷം തികയുമ്പോഴാണു നിയമം പ്രാബല്യത്തിലാകുന്നത്. തുറന്ന തൊഴിൽ കരാറുകളിൽ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുന്ന മുറയ്‌ക്കും അല്ലാത്ത കരാറുകളിൽ (ക്ലോസ്‌ഡ്‌ കോൺട്രാക്‌ട്‌) കരാർ കാലാവധി തീരുന്ന മുറയ്‌ക്കും നിലവിലുള്ള തൊഴിലുടമയുടെ അനുവാദമില്ലാതെ പ്രവാസികൾക്കു മറ്റൊരു സ്‌ഥാപനത്തിലേക്കു മാറാം എന്നതാണു മറ്റൊരു ശ്രദ്ധേയ മാറ്റം. കരാർ കാലാവധി അവസാനിക്കും മുൻപു ജോലി മാറാനുള്ള താൽപര്യം തൊഴിലാളി രേഖാമൂലം അറിയിച്ചിരിക്കണമെന്നു പുതിയ നിയമത്തിൽ പറയുന്നു. എത്ര ദിവസം മുൻപ് എന്നത് ഓരോ കരാറിലെയും വ്യവസ്ഥകൾക്കു വിധേയമായിട്ടാണ്. തൊഴിൽ മന്ത്രാലയത്തിന്റെ അനുമതിയും ജോലി മാറുന്നതിനു വേണം. തൊഴിലുടമ അനുമതി നൽകിയാൽ കരാർ കാലാവധി പൂർത്തിയാകും മുൻപു പുതിയ ജോലിയിലേക്കു മാറാനാകും.

തൊഴിലുടമ കരാർ ലംഘനം നടത്തിയെന്നും ചൂഷണം ചെയ്തെന്നും തൊഴിൽ മന്ത്രാലയത്തെ ബോധ്യപ്പെടുത്താനായാലും കരാർ കാലാവധിക്കു മുൻപുതന്നെ തൊഴിൽ മാറാൻ മന്ത്രാലയം അനുമതി നൽകും. റസിഡൻസി പെർമിറ്റ് റദ്ദാക്കി ഖത്തറിൽ നിന്നു പുറത്തു പോകുന്നവർക്കു പുതിയ ജോലി ലഭിച്ചാൽ പുതിയ കരാറിൽ മടങ്ങിയെത്തി ജോലിയിൽ പ്രവേശിക്കാനാകും. എന്നാൽ, നേരത്തേ ജോലി ചെയ്തിരുന്നപ്പോൾ മോശം പെരുമാറ്റത്തിന്റെ പേരിൽ പുറത്തു പോയവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. വീസയ്ക്ക് അപേക്ഷിക്കണമെങ്കിൽ മന്ത്രാലയം അംഗീകരിച്ച തൊഴിൽ കരാർ നിർബന്ധമാണ്. ഖത്തറിൽ എത്തും മുൻപുതന്നെ തൊഴിലാളിക്കു കരാർ വായിച്ചു ബോധ്യപ്പെടാം എന്നതാണു മെച്ചം.

പഴയ കരാർ അവസാനിച്ചാൽ പുതിയ ജോലി കണ്ടെത്താനായി മൂന്നു മാസം വരെ മന്ത്രാലയം അനുമതി നൽകും. പുതിയ ജോലി കണ്ടെത്തിയാൽ പുതിയ തൊഴിൽ കരാർ മന്ത്രാലയത്തിൽ സമർപ്പിച്ചു ജോലി മാറാനാകും. ഇക്കാലയളവിൽ തൊഴിൽ കണ്ടെത്താനായില്ലെങ്കിൽ നാട്ടിലേക്കു മടങ്ങണം. തൊഴിൽ നിയമത്തെ കുറിച്ചു തൊഴിലുടമകളെ ബോധ്യപ്പെടുത്തുന്നതിനായി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രണ്ടാഴ്ചയായി ബോധവൽകരണ പരിപാടികൾ നടന്നു വരികയാണ്. ഖത്തറിലെ 21 ലക്ഷം തൊഴിലാളികൾക്കു ഗുണകരമാണു പുതിയ തൊഴിൽ നിയമമെന്നു മന്ത്രാലയം അറിയിച്ചു. എക്സിറ്റ് പെർമിറ്റിലും വ്യാപക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

എക്സിറ്റ് പെർമിറ്റ് ലഭിച്ചില്ലെങ്കിൽ സമിതിയെ നേരിട്ടു സമീപിക്കാം

തൊഴിലാളി രാജ്യംവിട്ടു പോകുന്നതിനു തൊഴിലുടമ നൽകുന്ന അനുമതിയാണ് എക്സിറ്റ് പെർമിറ്റ്. തൊഴിലാളി രാജ്യം വിടുന്നതു തടയാൻ തൊഴിലുടമയ്ക്കു കഴിയും എന്നതിനാൽ എക്സിറ്റ് പെർമിറ്റിനെ മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചിരുന്നു. പുതിയ നിയമത്തിൽ തൊഴിലാളിയുടെ എക്സിറ്റ് പെർമിറ്റ് തൊഴിലുടമയ്ക്കു തടയാൻ കഴിയില്ല. നിലവിലേതു പോലെ രാജ്യത്തിനു പുറത്തു പോകണമെങ്കിൽ തൊഴിലുടമയ്ക്കാണ് ആദ്യം അപേക്ഷ നൽകേണ്ടത്. തൊഴിലുടമ അംഗീകരിച്ചാൽ എക്സിറ്റ് പെർമിറ്റ് ലഭിക്കും. തൊഴിലുടമ അപേക്ഷ നിരസിച്ചാൽ തൊഴിലാളിക്ക് എക്സിറ്റ് പെർമിറ്റ് ഗ്രീവൻസെസ് കമ്മിറ്റിയെ സമീപിക്കാം. ഓൺലൈനായി അപേക്ഷിക്കുന്നതിനു പുറമേ സർവീസ് കോംപ്ലക്സിലോ പൊലീസ് സ്റ്റേഷനിലോ നേരിട്ടെത്തിയും അപേക്ഷ സമർപ്പിക്കാം. ഈ അപേക്ഷകളിൽ 72 മണിക്കൂറിനകം സമിതി തീരുമാനമെടുക്കും. അപേക്ഷകന്റെ പേരിൽ ക്രിമിനൽ കേസുകളോ മറ്റു സാമ്പത്തിക ഇടപാടുകളോ ഇല്ലെന്നു സമിതി ഉറപ്പാക്കും. തുടർന്നു തൊഴിലുടമയുമായി സമതി ബന്ധപ്പെട്ട് എക്സിറ്റ് പെർമിറ്റിന് അനുമതി നൽകാത്തതിന്റെ കാരണങ്ങൾ ആവശ്യപ്പെടും. ഗൗരവമായ കാരണങ്ങളില്ലെങ്കിൽ എക്സിറ്റ് പെർമിറ്റ് അനുവദിക്കും.

എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ

∙ തൊഴിലാളി തട്ടിപ്പ് നടത്തിയെന്നോ കേസിൽ നിന്നു രക്ഷപ്പെടാനാണു രാജ്യം വിടുന്നതെന്നോ തൊഴിലുടമ ആരോപിച്ചാൽ കേസ് നടപടികൾ ആരംഭിക്കാൻ തൊഴിലുടമയ്ക്കു നിർദേശം നൽകും. എന്നാൽ, ആരോപണത്തിൽ കഴമ്പില്ലെന്നു ബോധ്യപ്പെട്ടാൽ അപ്പോൾ തന്നെ എക്സിറ്റ് പെർമിറ്റ് ലഭ്യമാക്കും

∙ 72 മണിക്കൂറിനകം തൊഴിലുടമയെ സമിതിക്കു ബന്ധപ്പെടാൻ സാധിച്ചില്ലെങ്കിലും എക്സിറ്റ് പെർമിറ്റ് അനുവദിക്കും. അതിനു മുൻപായി സൂക്ഷ്മപരിശോധന നടത്തി തൊഴിലാളി നൽകിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കും.

∙ അടിയന്തരമായി നാട്ടിൽ പോകേണ്ടയാൾക്കു തൊഴിലുടമ എക്സിറ്റ് പെർമിറ്റ് അനുവദിക്കുന്നില്ലെങ്കിൽ വിഷയം അടിയന്തരമായി സമിതി പരിഗണനയ്ക്കെടുക്കും.

∙ ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ദേശീയ മനുഷ്യാവകാശ കമ്മിഷൻ എന്നിവയിലെ പ്രതിനിധികൾ ഉൾപ്പെട്ടതാണു എക്സിറ്റ് ഗ്രീവൻസ് കമ്മിറ്റി. തൊഴിലുടമ ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്നു തൊഴിലാളിക്കു സമിതിക്കു മുന്നിൽ വിവരങ്ങൾ നൽകാനാകും. സാമ്പത്തിക കടങ്ങൾ കാരണം എക്സിറ്റ് പെർമിറ്റ് അനുവദിക്കാനാകില്ലെങ്കിലും നാട്ടിൽ പോകേണ്ട അടിയന്തരാവശ്യമുണ്ടായാൽ ഇളവ് അനുവദിക്കാനും സമിതിക്കു കഴിയും.

∙ കേസുകളോ അന്വേഷണങ്ങൾ നടക്കുന്നതു കാരണമോ ഏതെങ്കിലും തൊഴിലാളിക്കു രാജ്യം വിടാനാകില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ തടഞ്ഞു വയ്ക്കില്ല. അവർക്കെതിരെ കേസില്ലെങ്കിൽ അവർക്കു രാജ്യത്തിനു പുറത്തു പോകാം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.