Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡസ്‌ട്രിയൽ ഏരിയയിൽ തൊഴിലാളികൾക്ക്‌ ആശുപത്രി

hospital

ദോഹ ∙ രാജ്യത്തെ തൊഴിലാളികൾക്കു മികച്ച ചികിത്സ ലഭ്യമാക്കാൻ ഇൻഡസ്‌ട്രിയൽ ഏരിയയിൽ പുതിയ ആശുപത്രിയും സംയോജിത ആരോഗ്യകേന്ദ്രവും ഉടൻ തുറക്കുമെന്ന്‌ ഹമദ്‌ മെഡിക്കൽ കോർപറേഷൻ. നിർമാണം പൂർത്തിയാക്കിയ ആശുപത്രി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പ്രൈവറ്റ്‌ എൻജിനീയറിങ്‌ ഓഫിസ്‌ (പിഇഒ) കഴിഞ്ഞദിവസം ഹമദ്‌ മെഡിക്കൽ കോർപറേഷനു കൈമാറി.

മെഡിക്കൽ ഉപകരണങ്ങൾ സ്‌ഥാപിച്ചുവരികയാണിപ്പോൾ. ഇതു പൂർത്തിയാവുന്ന മുറയ്‌ക്ക്‌ ആശുപത്രി പ്രവർത്തനമാരംഭിക്കും. ഇൻഡസ്‌ട്രിയൽ ഏരിയയിൽ പുതിയ ആശുപത്രിയും മെഡിക്കൽ കമ്മിഷൻ യൂണിറ്റും പ്രവർത്തനം തുടങ്ങുന്നതോടെ ഹമദ്‌ ജനറൽ ആശുപത്രിയിലെയും സമീപ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെയും തിരക്കിന്‌ ഒരുപരിധിവരെ ശമനമാകും.

തൊഴിലാളികൾക്കു മികച്ച ചികിൽസ ലഭ്യമാക്കാനാണ്‌ ഇൻഡസ്‌ട്രിയൽ ഏരിയയിൽ പുതിയ ആശുപത്രി തുടങ്ങുന്നത്‌. ഇതോടനുബന്ധിച്ചുള്ള മെഡിക്കൽ കമ്മിഷൻ യൂണിറ്റിൽ രാജ്യത്തേക്കെത്തുന്ന തൊഴിലാളികളുടെ വൈദ്യപരിശോധനയ്‌ക്കും സൗകര്യമുണ്ടാകും. ഇതോടെ മെഡിക്കൽ കമ്മിഷൻ ആസ്‌ഥാനത്ത്‌ ഇപ്പോഴനുഭവപ്പെടുന്ന തിരക്കും കുറയും.

ആശുപത്രിയോടനുബന്ധിച്ചുള്ള ഹെൽത്ത് സെന്ററിന്‌ 7200 ചതുരശ്രമീറ്റർ വിസ്‌തൃതിയുണ്ട്‌. ഇവിടെയാണ് മെഡിക്കൽ കമ്മിഷൻ യൂണിറ്റ്‌ പ്രവർത്തിക്കുക. 1300 ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള ഭക്ഷണശാലയും അടുക്കളയും 400 പേർക്ക്‌ ആരാധന നടത്താവുന്ന മസ്‌ജിദും ആശുപത്രിയോടനുബന്ധിച്ചു തുറക്കുന്നുണ്ട്‌. മോർച്ചറിയും നിർമിച്ചിട്ടുണ്ട്‌. ആരോഗ്യമന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ്‌ ഇൻഡസ്‌ട്രിയൽ ഏരിയയിൽ ആധുനിക ചികിത്സാ സൗകര്യങ്ങളോടുകൂടിയ ആശുപത്രി നിർമിച്ചത്‌. പ്രതിമാസം 30,000 പേർക്ക് ചികിൽസ ലഭ്യമാക്കാനാവുമെന്നാണ്‌ അധികൃതർ കണക്കാക്കുന്നത്‌.

മൂന്നുവർഷം കൊണ്ടാണ്‌ ആശുപത്രിയുടെ നിർമാണം പിഇഒ പൂർത്തിയാക്കിയത്‌. ഇതടക്കം മൂന്ന്‌ ആശുപത്രികളാണ് പിഇഒ നിർമിക്കുന്നത്‌. റാസ്‌ ലഫാൻ ആശുപത്രി അടുത്ത മാർച്ചിലും മിസൈദ്‌ ആശുപത്രി ജൂണിലും പൂർത്തിയാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

മൂന്നു നിലകളിലായി 180 കിടക്കകൾ

ദോഹ ∙ മൂന്നുനിലയുള്ള മുഖ്യ ആശുപത്രി മന്ദിരത്തിന് 49,000 ചതുരശ്രമീറ്റർ വിസ്‌തൃതിയാണുള്ളത്‌. ആശുപത്രി വളപ്പിന്റെ വിസ്‌തൃതി 1.32 ലക്ഷം ചതുരശ്രമീറ്ററാണ്‌. തുടക്കത്തിൽ 180 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. സമീപത്തായി നിർമാണം പുരോഗമിക്കുന്ന കെട്ടിടംകൂടി തുറക്കുന്നതോടെ കിടക്കകളുടെ എണ്ണം 210 ആക്കി ഉയർത്തും.

6000 ചതുരശ്രമീറ്റർ വിസ്‌തൃതിയുള്ള അടിയന്തര ശുശ്രൂഷാ വിഭാഗത്തിൽ 30 കിടക്കകളാണ്‌ ഉണ്ടാവുക. ഒരേസമയം 710 വാഹനങ്ങൾ ആശുപത്രിവളപ്പിൽ പാർക്ക്‌ ചെയ്യാം. 200 വാഹനങ്ങൾക്ക് മേൽക്കൂരയോടുകൂടിയ പാർക്കിങ്‌ സൗകര്യമാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇതിൽ 26 എണ്ണം അംഗപരിമിതർക്കുള്ളതാണ്‌. വിശാലമായ പുൽമൈതാനവും ഒരുക്കിയിട്ടുണ്ട്‌. മൂന്നു പ്രവേശനകവാടങ്ങളും ആംബുലൻസിനു മാത്രമായി മറ്റൊരു ഗേറ്റും നിർമിച്ചിട്ടുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.