Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉംസലാൽ സെൻട്രൽ ഫിഷ്‌ മാർക്കറ്റ്‌: കടകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം

ദോഹ ∙ ഉംസലാലിലെ പുതിയ സെൻട്രൽ ഫിഷ്‌ മാർക്കറ്റ്‌ അടുത്ത മാർച്ചിൽ തുറക്കുമെന്ന്‌ വാണിജ്യമന്ത്രാലയം. പ്രദേശവാസികൾക്ക്‌ കുറഞ്ഞ വിലയിൽ മൽസ്യവും മറ്റു ഭക്ഷ്യോൽപന്നങ്ങളും ലഭ്യമാക്കുന്നതിനാണ്‌ പുതിയ ചന്ത തുറക്കുന്നത്‌. സ്വകാര്യ നിക്ഷേപകർക്ക്‌ ഇവിടെ മൽസ്യ വിൽപനശാലകളിൽ നിക്ഷേപം നടത്താമെന്ന്‌ വാണിജ്യമന്ത്രാലയം വ്യക്‌തമാക്കി. രണ്ടു വർഷത്തേക്കാണ്‌ വിൽപനശാലകൾ വാടകയ്‌ക്കു നൽകുന്നത്‌.

കാലാവധി തീരുന്ന മുറയ്‌ക്ക്‌ കരാർ പുതുക്കാം. കടകൾക്കുള്ള അപേക്ഷകൾ ഇന്നലെ മുതൽ സ്വീകരിച്ചു തുടങ്ങി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന്‌ അപേക്ഷാഫോം ലഭ്യമാണ്. അപേക്ഷകൾ 22നകം മന്ത്രാലയത്തിൽ നേരിട്ടു സമർപ്പിക്കണം. കടകൾ ലഭ്യമായവരുടെ പേരുവിവരങ്ങൾ ജനുവരി 29ന്‌ പ്രഖ്യാപിക്കും. അപേക്ഷകർ ഏറെയുണ്ടെങ്കിൽ ഓരോ കടയ്‌ക്കും മൂന്നു വാടകക്കാരെ വീതം തിരഞ്ഞെടുക്കും. ഇതിൽ ഒന്നാമൻ കട വേണ്ടന്നുവച്ചാൽ രണ്ടാമനു ലഭിക്കും.

രണ്ടാമനും വേണ്ടെങ്കിൽ മൂന്നാമനു നൽകും. രണ്ടു വർഷത്തെ വ്യാപാര പരിചയമുള്ളവർക്കാണ് കട അനുവദിക്കുക. മന്ത്രാലയവുമായി വാടകക്കരാർ ഒപ്പിട്ടാൽ ഒരുമാസത്തിനകം കടകൾ തുറക്കണം. കടകളുടെ അന്തിമ സജ്‌ജീകരണത്തിന്‌ വാണിജ്യമന്ത്രാലയം 40,000 റിയാലിന്റെ സഹായം നൽകും. ഖത്തർ ദേശീയ ദർശനരേഖ 2030ൽ വിഭാവനം ചെയ്യുന്നതനുസരിച്ച്‌ പ്രാദേശിക കാർഷിക, വ്യാപാര വികസനംകൂടി ലക്ഷ്യമിട്ടാണ്‌ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സെൻട്രൽ മാർക്കറ്റുകൾ തുറക്കുന്നത്‌.

ഉംസലാൽ മാർക്കറ്റിൽ മൽസ്യ വിൽപനയ്‌ക്കാണ്‌ പ്രാമുഖ്യമെന്നതിനാൽ ഇവിടെ ഐസ്‌ ഫാക്‌ടറിയും തുറക്കും. ഫിഷ്‌ മാർക്കറ്റായാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നതെങ്കിലും അറവുശാലയും സാധനങ്ങൾ ലേലത്തിൽ വിൽക്കുന്നതിനുള്ള സൗകര്യവുമുണ്ടാകും. മീൻ വിൽപനയ്‌ക്കുള്ള 10 കടകളും ഒരു സീഫുഡ്‌ റസ്‌റ്ററന്റ്‌, ഒരു കഫ്‌തീരിയ, ഒരു സാധാരണ ഭക്ഷണശാല എന്നിവയും ഉംസലാൽ സെൻട്രൽ മാർക്കറ്റിന്റെ ഭാഗമാണ്‌.

മാർക്കറ്റിൽ കടകൾ വാടകയ്‌ക്ക്‌ എടുക്കുന്നവർ നിലവാരമുള്ള ഉൽപന്നങ്ങൾ കുറഞ്ഞവിലയ്‌ക്ക്‌ വിൽക്കാൻ ബാധ്യസ്‌ഥരാണ്‌. കടകൾ എടുക്കുന്നവർ മറ്റൊരാൾക്ക്‌ കൈമാറാൻ അനുവദിക്കില്ല. ചന്തയുടെ പ്രവർത്തന സമയം പാലിക്കാനും ശുചിത്വം ഉറപ്പാക്കാനും വ്യാപാരികൾ ബാധ്യസ്‌ഥരാണെന്നും വാണിജ്യ മന്ത്രാലയം വ്യക്‌തമാക്കി.

മാർക്കറ്റിൽ കിട്ടും, ഉപ്പുതൊട്ട് കർപ്പൂരം വരെ


മത്സ്യമാർക്കറ്റായാണ്‌ വിഭാവനം ചെയ്‌തിരിക്കുന്നതെങ്കിലും ഉംസലാലിലെ കേന്ദ്രീകൃത ചന്ത തുറക്കുന്നതോടെ ഉപഭോക്താക്കൾക്ക് ഉപ്പു തൊട്ടു കർപ്പൂരംവരെ എന്തും ലഭിക്കും. പച്ചക്കറികളുടെയും പഴങ്ങളുടേയും മൊത്തക്കച്ചവടത്തിനു നാലും ചില്ലറവിൽപനയ്‌ക്കു രണ്ടു കടകളും ഇവിടെയുണ്ടാവും. കന്നുകാലികളുടെ ഇറച്ചി വിൽക്കാൻ നാലും, കോഴി, താറാവ്‌ എന്നിവയുടെ ഇറച്ചിയും മുട്ടയും വിൽക്കാൻ മൂന്നും പാലിനും പഴച്ചാറുകൾക്കുമായി മൂന്നു കടകളും തുറക്കും.

കാലിത്തീറ്റ വിതരണത്തിനും വിൽപനയ്‌ക്കുമുള്ള സൗകര്യവും ഭക്ഷ്യസാധനങ്ങൾക്കായി ഒരു മൊത്തവിൽപനശാലയുമുണ്ടാകും. ഇതിനുപുറമേ കാപ്പി, തേൻ, കടലവർഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്‌ക്കായി പ്രത്യേകം കടകളുമുണ്ടാകും. ബോട്ടുകളുടേയും മറ്റും സ്‌പെയർപാർട്‌സുകൾ, മത്സ്യബന്ധന വലകൾ എന്നിവയും ഇവിടെ ലഭ്യമാണ്. ഒപ്പം ഒട്ടേറെ നഴ്‌സറികളും അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫിസും തുറക്കുമെന്ന്‌ വാണിജ്യമന്ത്രാലയം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.