Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൃദ്രോഗ ചികിൽസ: കൂടുതൽ സൗകര്യം കൂട്ടി ഹമദ്‌ മെഡിക്കൽ കോർപറേഷൻ

ദോഹ ∙ രാജ്യത്ത്‌ ഹൃദ്രോഗികളുടെ എണ്ണംകൂടുന്നതിനാൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഹമദ്‌ മെഡിക്കൽ കോർപറേഷൻ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഹാർട്ട്‌ ഹോസ്‌പിറ്റലിൽ നിലവിലുള്ള കെട്ടിടത്തോടു ചേർന്നു പുതിയ മന്ദിരം നിർമാണം ആരംഭിച്ചതായും പണികൾ പുരോഗമിക്കുകയാണെന്നും എച്ച്‌എംസി ഇന്റർവെൻഷനൽ കാർഡിയോളജി കൺസൽട്ടന്റ്‌ ഡോ. ഫഹദ്‌ അൽകിന്ദി പറഞ്ഞു. ഗൾഫ്‌ ഹാർട്ട്‌ അസോസിയേഷൻ (ജിഎച്ച്‌എ) സംഘടിപ്പിച്ച സിംപോസിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ആശുപത്രിയിൽ 120 കിടക്കകളാണുള്ളത്‌.

ഹൃദ്രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രിയിൽ തിരക്കേറുകയാണ്. 3,000-ൽ അധികം പേരാണു പ്രതിവർഷം ചികിത്സ തേടുന്നത്‌. അതിനാലാണു പുതിയ മന്ദിരം നിർമിക്കുന്നത്‌. കൊറോണറി കെയർ യൂണിറ്റ്‌, കാർഡിയോതൊറാസിക്‌ ഇന്റൻസിവ്‌ കെയർ യൂണിറ്റ്‌ എന്നിവ പുതിയ ബ്ലോക്കിലുമുണ്ടാകും. നിലവിലുള്ള ആശുപത്രിയിലേതുപോലെ ഹൃദ്രോഗികളെ കിടത്തിച്ചികിത്സിക്കാൻ പ്രത്യേകം ഡിസൈൻചെയ്‌ത ബെഡുകളാണ്‌ ഒരുക്കുക. പുതിയ മന്ദിരം തുറക്കുന്നതോടെ കൂടുതൽ വേഗത്തിൽ കൂടുതൽ രോഗികൾക്കു മികച്ച ചികിത്സ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

രോഗികളേറെയും ഇന്ത്യൻ വംശജർ

ഹാർട്ട്‌ ഹോസ്‌പിറ്റലിലെത്തുന്ന രോഗികളിൽ അധികവും ഇന്ത്യൻ വംശജരാണെന്നു ജിഎച്ച്‌എ ഖത്തർ ചാപ്‌റ്റർ പ്രസിഡന്റ് ഡോ. ഹജാർ എ അൽബിൻഅലി പറഞ്ഞു. അറബ്‌, യൂറോപ്യൻ, ആഫ്രിക്കൻ വംശജരെക്കാൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ളവർക്കു ഹൃദ്രോഗസാധ്യത ജനിതകപരമായി കൂടുതലാണെന്നും ഡോ. അലിബിൻഅലി പറഞ്ഞു. നീലക്കോളർ തൊഴിലാളികളിലും ഓഫിസ്‌ ജീവനക്കാരായ ഇന്ത്യൻ വംശജരിലും ഹൃദ്രോഗസാധ്യത തുല്യമായാണു കണ്ടുവരുന്നത്‌. പുകവലിയും ജീവിതശൈലിയും ഇതിനൊരു കാരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്ത്യക്കാരിൽ പലരും അധികം കൊഴുപ്പുള്ള ഭക്ഷണമാണു കഴിക്കുന്നത്‌. ഇതുമൂലം അടിവയറ്റിൽ കൊഴുപ്പ്‌ അടിഞ്ഞുകൂടും. ഇതു പൊണ്ണത്തടിക്കും പ്രമേഹത്തിനും ഒടുവിൽ ഹൃദ്രോഗത്തിനും ഇടയാക്കും. അടിയന്തര ചികിത്സാവിഭാഗത്തിലെ സൗകര്യങ്ങൾ ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെയാണു വികസനപദ്ധതികൾ നടപ്പാക്കുന്നതെന്നും കാർഡിയാക്‌ വിഭാഗത്തിനു മാത്രമായി പ്രത്യേക എംആർഐ സ്‌കാനിങ്‌ യൂണിറ്റ്‌ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.