Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാട്ടിൽനിന്ന് മരുന്ന് കൊണ്ടുവരാൻ ഡോക്ടറുടെ കുറിപ്പ് വേണം

medicine-tablet

ദോഹ ∙ മരുന്നുമായെത്തുന്ന പ്രവാസികൾ ഡോക്‌ടറുടെ കുറിപ്പടി കരുതണമെന്നു ഖത്തർ കസ്‌റ്റംസിന്റെ മുന്നറിയിപ്പ്‌. നിരോധിത മരുന്നുകളും ലഹരിവസ്‌തുക്കളും ഖത്തറിലെത്താതിരിക്കാൻ ആരോഗ്യമന്ത്രാലയവും കസ്‌റ്റംസും അതീവജാഗ്രത പുലർത്തുന്നുണ്ട്. അബുസംറയിലെ അതിർത്തി ചെക്‌പോസ്‌റ്റിലും വിമാനത്താവളത്തിലുമെല്ലാം കസ്‌റ്റംസ്‌ വിഭാഗത്തെ സഹായിക്കാൻ വിദഗ്‌ധ ഡോക്‌ടർമാരെ നിയമിച്ചിട്ടുണ്ട്‌.

ശരിയായ വൈദ്യനിർദേശമില്ലാതെ കൊണ്ടുവരുന്ന മരുന്നുകൾ ഇവരുടെ സഹായത്തോടെ കസ്‌റ്റംസ്‌ പിടിച്ചെടുക്കുമെന്നും അനധികൃതമായി മരുന്നു കൈവശംവച്ചതിനു യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്നും ഹമദ്‌ രാജ്യാന്തരവിമാനത്താവളം കസ്‌റ്റംസ്‌ ഡയറക്‌ടർ അജാബ്‌ മൻസൂർ അൽഖത്താനി പറഞ്ഞു. ഖത്തർ ഫാർമസി ആൻഡ്‌ ഡ്രഗ്‌ കൺട്രോൾ ഡിപ്പാർട്‌മെന്റാണ്‌ ഏതൊക്കെ മരുന്നുകളാണു രാജ്യത്ത്‌ അനുവദിക്കണമെന്നു തീരുമാനിക്കുന്നത്‌.

അവർ നിരോധിച്ചിട്ടുള്ള മരുന്നുകൾ പുറത്തുനിന്നെത്തിക്കാൻ അനുവദിക്കില്ല. മരുന്നുകളുമായി വരുന്നവർ അവ കസ്‌റ്റംസ്‌ ഓഫിസറോട്‌ വെളിപ്പെടുത്തേണ്ടതുണ്ട്‌. ഈ മരുന്നുകൾ കസ്‌റ്റംസിന്റെ സഹായത്തിനുള്ള ഡോക്‌ടർ പരിശോധിച്ച്‌, യാത്രക്കാരന്റെ രോഗത്തിനുള്ള മരുന്നുതന്നെയെന്ന്‌ ഉറപ്പായാലേ വിട്ടുനൽകൂ എന്നും ഖത്താനി പറഞ്ഞു. മറ്റുരാജ്യങ്ങളിൽ നിരോധനമില്ലാത്ത ചില മരുന്നുകൾ ഖത്തറിൽ നിരോധിച്ചിട്ടുണ്ട്‌. ഇത്തരം മരുന്നുകളുമായെത്തുന്നവർ പിടിയിലാകും. ലോകത്തെവിടെയുമുള്ള മരുന്നുകളുടെയും നിരോധിതമരുന്നുകളുടെയും വിവരങ്ങൾ ഖത്തർ ഫാർമസി ആൻഡ്‌ ഡ്രഗ്‌ കൺട്രോൾ ഡിപ്പാർട്‌മെന്റിൽ ലഭ്യമാണ്‌.

ഖത്തറിൽ നിരോധനമില്ലാത്ത മരുന്നുകളാണെങ്കിലും വലിയ അളവിൽ കൊണ്ടുവന്നാൽ കസ്‌റ്റംസ്‌ വിഭാഗം പിടിച്ചെടുക്കും. ഈ മരുന്നുകൾ യാത്രക്കാരന്‌ വിട്ടുകൊടുക്കണോ എന്നകാര്യത്തിൽ പിന്നീട്‌ തീരുമാനമെടുക്കുക ഫാർമസി ആൻഡ്‌ ഡ്രഗ്‌ കൺട്രോൾ ഡിപ്പാർട്‌മെന്റാണ്‌.

ആയുർവേദ മരുന്നുകളും ഹോമിയോ മരുന്നുകളും സ്വന്തം ആവശ്യത്തിനായി കൊണ്ടുവരുന്നവരും ഡോക്‌ടറുടെ കുറിപ്പടി ഒപ്പം കരുതണമെന്നും അല്ലെങ്കിൽ ഈ മരുന്നുകൾ പിടിച്ചെടുത്ത്‌ ആരോഗ്യമന്ത്രാലയത്തിനു കൈമാറുമെന്നും കസ്‌റ്റംസ്‌ ഡയറക്‌ടർ പറഞ്ഞു.

പിടിയിലായവരിൽ അധികവും ട്രമഡോളുമായി എത്തിയവർ

ദോഹ ∙ വേദനസംഹാരിയായ ട്രമഡോളുമായെത്തുന്നവരാണു ഖത്തറിൽ പിടിയിലാകുന്നവരിൽ അധികവുമെന്നു ഖത്താനി പറഞ്ഞു. ഈ ജനുവരി ഒന്നുമുതൽ ഒക്‌ടോബർ മൂന്നുവരെ നിരോധിത മരുന്നുകളുമായി എത്തിയതിന്‌ 731പേരാണ്‌ പിടിയിലായത്‌. ട്രമഡോളിന്‌ ഇന്ത്യയിൽ നിരോധനമില്ല.

എന്നാൽ ഖത്തറിൽ ഇതു നാർക്കോട്ടിക്‌സ്‌ വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നത്‌. നാർക്കോട്ടിക്‌ മരുന്നുകൾ ഖത്തറിലെ ആശുപത്രികളിൽ രോഗിക്കുനൽകുന്നതിനുപോലും കർശന നിയന്ത്രണമുണ്ട്‌. ട്രമഡോളുമായെത്തിയ ഡൽഹി സ്വദേശിയായ എൻജിനീയർ അഞ്ചുദിവസം ജയിലിൽ കിടക്കേണ്ടിവന്നത്‌ ഈ വർഷമാണ്‌.

ഇദ്ദേഹത്തിന്റെ പക്കൽ ഡോക്‌ടറുടെ കുറിപ്പടി ഇല്ലായിരുന്നതിനാലാണ്‌ അധികൃതർ കർശന നടപടിയെടുത്തത്‌. ഒടുവിൽ ഇദ്ദേഹത്തിന്റെ മോചനത്തിന്‌ ഇന്ത്യൻ സ്‌ഥാനപതിക്ക് നേരിട്ടിടപെടേണ്ടിവന്നത്‌ വാർത്തയായിരുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.