Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദോഹ കാത്തിരിക്കുന്നു ‘അല്‍ ഫറാസി’ൽ കുതിക്കാന്‍

metro

ദോഹ ∙ ദോഹ മെട്രോയുടെ പരീക്ഷണ ഓട്ടം അടുത്ത വർഷം അവസാനം നടക്കുമെന്ന് ഖത്തർ റെയിൽ. ആദ്യ നാല് സെറ്റ് മെട്രോ ട്രെയിനുകൾ അടുത്ത സെപ്റ്റംബറിൽ എത്തുമെന്ന് എംഡി അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈ ഖത്തർ റെയിൽ വാർഷിക റിപ്പോർട്ടിൽ അറിയിച്ചു. അറേബ്യൻ പെൺകുതിരയുടെ രൂപഭാവമുള്ള ‘അൽ ഫറാസ്’ മെട്രോ ട്രെയിൻ ഡിസൈൻ ഖത്തർ റെയിൽ കഴിഞ്ഞ ഏപ്രിലിൽ പുറത്തു വിട്ടിരുന്നു. മൂന്നു ബോഗികൾ വീതമുള്ള 75 ട്രെയിൻ സെറ്റുകളാണു മെട്രോയ്ക്കായി ജപ്പാനിലെ ഒസാക്കയിൽ കിൻകി ഷാര്യോ കമ്പനി നിർമിക്കുന്നത്.

അടുത്ത വർഷം ആദ്യം തന്നെ ജപ്പാനിൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് ദോഹയിൽ എത്തിക്കുക. ദോഹയിലെ പരീക്ഷണ ഓട്ടം അടുത്ത വർഷം അവസാനത്തോടെ നടക്കും. എല്ലാ സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രാക്ക് സ്ഥാപിക്കൽ അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും. ദോഹ മെട്രോ സർവീസിന്റെ ആദ്യഘട്ടം 2020ൽ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്.

മെട്രോ ട്രെയിനിന്റെ മാതൃക ഈ വർഷംതന്നെയെത്തുമെന്നു ഖത്തർ റെയിൽ സിഇഒ സാദ് അഹമ്മദ് അൽ മുഹന്നദി പറഞ്ഞു. മെട്രോ മാതൃക ദോഹ എക്സിബിഷൻ സെന്ററിൽ പ്രദർശിപ്പിക്കും. ഇതോടനുബന്ധിച്ചു പൊതുജനങ്ങളെ ആകർഷിക്കാനായി വിവിധ പരിപാടികളും സംഘടിപ്പിക്കും. ട്രെയിനിന്റെ മാതൃക പൊതുജനങ്ങളെ കാണിക്കാനും പദ്ധതിയെ കുറിച്ചു ബോധവൽക്കരിക്കാനുമാണു പരിപാടികൾ സംഘടിപ്പിക്കുന്നത്. ദോഹ മെട്രോയുടെ തുരങ്കനിർമാണം കഴിഞ്ഞ മാസം പൂർത്തീകരിച്ചിരുന്നു. 111 കിലോമീറ്റർ തുരങ്കമാണു നിശ്ചയിച്ചതിനും മൂന്നു മാസം മുമ്പേ പൂർത്തീകരിച്ചത്. 111 കിലോമീറ്റർ ഭൂഗർഭ പാതയ്ക്കു പുറമേ 34 കിലോമീറ്റർ ഉപരിതല പാതയുമുണ്ട്.

34 കിലോമീറ്റർ ദൂരമാണ് തറനിരപ്പിലും അതിനു മുകളിലുമുള്ളത്. ദോഹ മെട്രോ കടന്നുപോകുന്ന വയഡക്ടിന്റെ 66 ശതമാനം പൂർത്തീകരിച്ചു. ബാക്കിയുള്ള ദൂരത്തു തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞു.

2016–17 കാലഘട്ടത്തിൽ ദോഹ മെട്രോയുടെ 65 ശതമാനം ജോലികൾ പൂർത്തീകരിക്കുമെന്നു വാർഷിക റിപ്പോർട്ടിൽ പറയുന്നു. ട്രാക് സ്ഥാപിക്കൽ ജോലികൾ പൂർത്തീകരിക്കും. റെയിൽ ഓപ്പറേറ്റർ കരാറും ഈ വർഷം തന്നെ നൽകും. ഗോൾഡ്, ഗ്രീൻ, റെഡ് എന്നിങ്ങനെ മൂന്നു ലൈനുകളിലായി 75 ട്രെയിനുകളാണ് ഓടിക്കുക. ഒരോ മണിക്കൂറിലും എണ്ണായിരം യാത്രക്കാരെ കൊണ്ടുപോകാനുള്ള ശേഷിയാണ് ഒരോ ലൈനിനുമുള്ളത്.

6700 കോടി റിയാലിന്റെ കരാറുകളാണ് ഇതിനോടകം ദോഹ മെട്രോയ്ക്കായി നൽകിയത്. ഇതിൽ 70 ശതമാനം പണികളും പ്രാദേശിക കമ്പനികളാണു നിർവഹിക്കുന്നത്.

ഇനി നിർമ്മിക്കേണ്ടത് സ്റ്റേഷനുകൾ

ദോഹ മെട്രോയുടെ തുരങ്കനിർമാണം പൂർത്തീകരിച്ചതോടെ സ്റ്റേഷൻ നിർമാണത്തിന്റെ ട്രാക്കിലേക്കു ഖത്തർ റെയിൽ കടന്നു. ട്രാക്ക് സ്ഥാപിക്കൽ ജോലിയും ഇതോടൊപ്പം നടക്കും. പ്രധാന സ്റ്റേഷനായ മുഷൈരിബ് ഉൾപ്പെടെ 37 സ്റ്റേഷനുകളാണു ദോഹ മെട്രോയ്ക്കായി നിർമിക്കുന്നത്.

ഇതിന്റെ 35 ശതമാനം ജോലികൾ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞതായി ഖത്തർ റെയിൽ പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. 29 ഭൂഗർഭ സ്റ്റേഷനുകളുടെ മണ്ണുനീക്കൽ ജോലികൾ പൂർത്തിയായി. 26 സ്റ്റേഷനുകളുടെ ബേസ് സ്ലാബുകളും അടിത്തറയും സ്ഥാപിച്ചു. 27 സ്റ്റേഷനുകളിൽ റൂഫ് സ്ലാബുകൾ സ്ഥാപിക്കുന്ന ജോലിയാണു പുരോഗമിക്കുന്നത്. സ്റ്റേഷനുകളുടെയും തുരങ്കത്തിന്റെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പ്ലംബിങ് ജോലികൾ ഇതോടൊപ്പം നടക്കുന്നുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.