Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിയ പാർക് ബസാർ വീണ്ടും തുടങ്ങി

miya-park നാലു മാസത്തിനുശേഷം മിയ പാർക്കിലെ പുൽത്തകിടിയിൽ പാർക് ബസാർ ഇന്നലെ മുതൽ പുനരാരംഭിച്ചപ്പോൾ

ദോഹ ∙ മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട് (മിയ) പാർക്കിൽ ശനിയാഴ്ചതോറും നടക്കുന്ന പാർക് ബസാറിനു വീണ്ടും തുടക്കം. കഴിഞ്ഞ മേയിൽ ചൂടു കനത്തതോടെ നിർത്തിവച്ച ബസാർ ഇന്നലെ പുനരാരംഭിച്ചു. നാലു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ബസാർ ആരംഭിച്ചതെങ്കിലും തിരക്കിനു കുറവുണ്ടായില്ല. വിവിധ രാജ്യക്കാരുടേതായി 150ലധികം സ്റ്റാളുകളുണ്ടായിരുന്നു. അടുത്ത ഏപ്രിൽ വരെ എല്ലാ ശനിയാഴ്ചകളിലും ഇനി പാർക് ബസാർ സന്ദർശകർക്കായി തുറക്കും. ശീതകാലത്തോടനുബന്ധിച്ച് പ്രവർത്തനം തുടങ്ങുന്ന വിപണിയാണിത്. ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് ഏഴു വരെയാണ് പ്രവർത്തന സമയം.

പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. അറബ് നാടുകളിലെ പഴയ സൂഖിന്റെ പരിഷ്‌കരിച്ച പതിപ്പാണിത്. മൂന്നു വർഷം മുമ്പാണു പഴയ സൂഖുകളുടെ മാതൃകയിൽ മിയ പാർക്കിൽ ബസാർ ആരംഭിച്ചത്. ആദ്യമൊക്കെ മാസത്തിലൊന്നായിരുന്നു. പിന്നീട് സന്ദർശകരും സ്റ്റാളുകളും കൂടിയതോടെ എല്ലാ ശനിയാഴ്ചകളിലേക്കും ആഴ്ചച്ചന്ത വ്യാപിപ്പിച്ചു. പഴയതോ പുതിയതോ ആയ വിലപ്പെട്ട സമ്മാനങ്ങളാകട്ടെ, വീട്ടിൽ പാകം ചെയ്ത ഭക്ഷണമാകട്ടെ, ഗൃഹാതുരതയുണർത്തുന്ന കലാ നിർമിതികളാകട്ടെ മിയാ പാർക് ബസാറിൽ നിന്ന് ലഭിക്കും. ഖത്തറിലെ ഏറ്റവും വലിയ ഔട്ട്ഡോർ കരകൗശല വിപണി കൂടിയാണിത്. പഴയ പുസ്തകങ്ങൾ, കരകൗശല വസ്തുക്കൾ, വീട്ടിൽ നിർമിക്കുന്ന ജ്വല്ലറി, പെയിന്റിങ്ങുകൾ, വസ്ത്രങ്ങൾ, അലങ്കാരങ്ങൾ തുടങ്ങി മിഴിയും മനസ്സും നിറയ്ക്കുന്ന കാഴ്ചകൾ മിയാ പാർക്കിന്റെ പച്ചപ്പിനോടു ചേർന്ന് ആസ്വദിക്കാം. കുട്ടികൾക്കായി ചില റൈഡുകളും പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

വൈകിട്ട് ആറു മുതൽ അർധരാത്രി വരെ ഇതുപയോഗിക്കാം. ഒരു കുട്ടിക്ക് പതിനഞ്ചു റിയാൽ എന്ന നിരക്കിലാണ് ഇതിന് ഫീസ്. കച്ചവടത്തിൽ നിന്നുള്ള ലാഭവിഹിതത്തിന്റെ പത്തു ശതമാനം കാൻസർ ഗവേഷണത്തിനായി നീക്കിവയ്ക്കുമെന്ന് പാർക്ക് അധികൃതർ അറിയിച്ചു ഇവിടെയെത്തി ഭക്ഷണം കഴിച്ച് ചില്ലറ സാധനങ്ങളും വാങ്ങി പാർക്കിൽ മണിക്കൂറുകൾ ചെലവഴിക്കുന്ന കുടുംബങ്ങൾ ഏറെയാണ്. മിയ പാർക്ക് 24 മണിക്കൂറും തുറന്നിരിക്കുന്നതിനാൽ വാരാന്ത്യങ്ങളിൽ ഇവിടെ ഒട്ടേറെപ്പേർ എത്താറുണ്ട്. താപനില താഴ്ന്നതോടെ കുടുംബങ്ങളെ കൂട്ടി പാർക്കിലെത്താൻ അനുയോജ്യ അന്തരീക്ഷവുമാണ്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.