Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും 50 കടന്ന് എണ്ണവില

oil

ദോഹ ∙ ഒരു മാസത്തിലധികമുള്ള ഇടവേളയ്ക്കു ശേഷം എണ്ണ വില വീണ്ടും 50 ഡോളർ പിന്നിട്ടു. ഉൽപാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തെ തുടർന്നാണ് വില ഉയർന്നതെങ്കിലും നിലവിലെ അധിക ഉൽപാദനം കാരണം വിലവർധന നീണ്ടു നിൽക്കില്ലെന്നാണു വിദഗ്ധരുടെ നിഗമനം.

ഓഗസ്റ്റ് അവസാനമാണ് ഇതിനു മുമ്പ് എണ്ണ വില ബാരലിന് 50 ഡോളർ കടന്നത്. രണ്ടു ദിവസത്തിനു ശേഷം ഇന്നലെ എണ്ണ വിപണി പുനരാരംഭിച്ചപ്പോൾ ബ്രെൻഡ് ക്രൂഡ് വില 50.59 ഡോളർ വരെയെത്തി. യൂറോപ്പിലെയും ഏഷ്യയിലും വൻ വിപണികളായ ജർമനിയും ചൈനയും പൊതുഅവധി കാരണം ഇന്നു പ്രവർത്തിച്ചില്ല. അതിനാൽ കുറഞ്ഞ അളവിലാണ് ഇന്നലെ വ്യാപാരം നടന്നത്.

എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിന്റെ പ്രതിദിന ഉൽപാദനം 3.25– 3.3 കോടി ബാരൽ വരെ കുറയ്ക്കാനാണു കഴിഞ്ഞയാഴ്ച അൽജീരിയയിൽ ചേർന്ന യോഗം തീരുമാനിച്ചത്. നവംബറിൽ മാത്രമേ ഓരോ രാജ്യവും കുറയ്ക്കേണ്ട വിഹിതം തീരുമാനിക്കൂ എന്നതിനാൽ അടുത്ത വർഷം മുതലേ ഉൽപാദന കുറവ് വിപണിയിൽ പ്രതിഫലിക്കൂ. ഒപെക് തീരുമാനം നടപ്പാക്കുന്നതിലെ കടമ്പകൾ വിലയിരുത്തി എണ്ണ വിപണി കഴിഞ്ഞയാഴ്ച സമ്മിശ്രമായാണു പ്രതികരിച്ചത്.

തീരുമാനം വന്നയുടൻ ആറു ശതമാനം വില ഉയർന്നെങ്കിലും പിന്നീട് താണു. അൻപതു ഡോളറിനു മുകളിലേക്കു വില ഉയരാതിരുന്നതും ഒപെക്കിന്റെ സ്വാധീനത്തെ കുറിച്ചു സംശയമുയർത്തി.

ഒപെക് കുറയ്ക്കാൻ ലക്ഷ്യമിടുന്നതിലും പത്തു ലക്ഷത്തിലധികമാണു നിലവിലെ ഉൽപാദനം. സെപ്റ്റംബറിലെ ഒപെക് ഉൽപാദനം 3.36കോടി ബാരൽ പിന്നിട്ട് റെക്കോർഡിലെത്തി. ഓഗസ്റ്റിൽ ഇത് 3.35കോടിയായിരുന്നു. അധിക ഉൽപാദനം മൂലമുള്ള സമ്മർദം വരുംദിവസങ്ങളിലും വിപണിയിലുണ്ടാകുമെന്നാണു നിഗമനം.

ഇതിനിടെ നവംബറിൽ മുൻ നിശ്ചയ പ്രകാരം ഉൽപാദന കുറവ് സാധ്യമാക്കാനായില്ലെങ്കിൽ എണ്ണ വിലയിൽ വലിയ ഇടിവുണ്ടായേക്കുമെന്നും ബാങ്കിങ് സ്ഥാപനമായ ബാർക്ളെയ്സ് മുന്നറിയിപ്പു നൽകുന്നു. ഒപെക് ധാരണ സംബന്ധിച്ച നിരാശ വിപണിയിൽ ശക്തമാണെന്നാണു മോർഗൻ സ്റ്റാൻലിയുടെ അഭിപ്രായം.

റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളുമായി കൂടുതൽ ചർച്ചകൾ നടന്നെങ്കിലേ ഗുണപരമായ മാറ്റം വിപണിയിൽ ദൃശ്യമാകൂ എന്നും ബാങ്ക് അഭിപ്രായപ്പെടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.