Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപെക് തീരുമാനം പൂർണമായും നടപ്പായേക്കില്ല: ക്യുഎൻബി

oil

ദോഹ ∙ ഉൽപാദനം കുറയ്ക്കാനുള്ള ഒപെക് രാജ്യങ്ങളുടെ തീരുമാനം പൂർണമായും നടപ്പാകാൻ സാധ്യത കുറവാണെന്നും തീരുമാനം പാലിക്കപ്പെട്ടാൽ എണ്ണവില അടുത്ത വർഷം ബാരലിന് 60 ഡോളർ ശരാശരിയിലെത്തുമെന്നും ഖത്തർ നാഷനൽ ബാങ്ക് (ക്യുഎൻബി). യുഎസിലെ ഷെയ്ൽ ഉൽപാദകർ വിപണിയിലേക്കു മടങ്ങിയെത്തുന്നതോടെ എണ്ണവില 60 ഡോളറിനപ്പുറം കടക്കില്ലെന്നാണു വിലയിരുത്തൽ.

ഉൽപാദന നിയന്ത്രണം കണക്കിലെടുക്കുമ്പോൾ എണ്ണവില 55 മുതൽ 60 ഡോളർ വരെ എത്തുമെന്നാണു ക്യുഎൻബി നിഗമനം. ഒപെക്– ഒപെക് ഇതര രാജ്യങ്ങൾ ചേർന്ന് പ്രതിദിന ഉൽപാദനം 16 ലക്ഷം ബാരൽ കുറയ്ക്കാനാണു കഴിഞ്ഞയാഴ്ച വിയന്നയിൽ ചേർന്ന ഒപെക് യോഗം തീരുമാനിച്ചത്. ഉൽപാദന നിയന്ത്രണത്തെ ആവേശത്തോടെ സ്വീകരിച്ച വിപണി മൂന്നു ദിവസം കൊണ്ട് ഏഴു ഡോളറിലേറെ വില ഉയർത്തി. ബ്രെൻഡ് ക്രൂഡ് ബാരലിന് 53 ഡോളറിനു മുകളിലാണ് വില.

ഒപെക് തീരുമാനം പൂർണമായി നടപ്പാകാൻ സാധ്യതയില്ലെന്നു ക്യുഎൻബി ചൂണ്ടിക്കാട്ടുന്നു. പ്രധാന ഉൽപാദക രാജ്യങ്ങൾ ക്വാട്ട നിയന്ത്രണം പാലിക്കാറുണ്ടെങ്കിലും മറ്റു രാജ്യങ്ങൾ അങ്ങനെയല്ല. നൈജീരിയയ്ക്കും ലിബിയയ്ക്കും നിയന്ത്രണ ഇളവു നൽകിയിട്ടുണ്ട്. വിവിധ പ്രശ്നങ്ങൾ മൂലം ഉൽപാദനം കുറഞ്ഞെങ്കിലും ഇരുരാജ്യങ്ങളിലെയും ഉൽപാദനം സമീപഭാവിയിൽ വർധിക്കാം. ആകെ ഉൽപാദനം 3.25 കോടി ബാരലിൽ പരിമിതപ്പെടുത്താനുള്ള ഒപെക് തീരുമാനത്തെ ഇതു ബാധിക്കും.

റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങൾ ആറു ലക്ഷം കുറയ്ക്കുമെന്നാണു ധാരണ. എന്നാൽ ഈ രാജ്യങ്ങളുടെ മേൽ ഒപെക്കിനു നിയന്ത്രണം ഇല്ലാത്തതിനാൽ ധാരണ പാലിക്കപ്പെടണമെന്നില്ല. കഴിഞ്ഞ രണ്ടര വർഷമായി എണ്ണ വിലയിടിവിനെ തുടർന്ന് ഉൽപാദക രാജ്യങ്ങളുടെ വരുമാനത്തിൽ വലിയ കുറവുണ്ട്.

അതിനാൽ വില ഉയരുമ്പോൾ ഉൽപാദനം കൂട്ടാനുള്ള പ്രലോഭനമുണ്ടാകും. ഇങ്ങനെ നാലു കാരണങ്ങൾ കൊണ്ട് തീരുമാനം പൂർണമായി പാലിക്കപ്പെടാനുള്ള സാധ്യത കുറവാണ്. ഉൽപാദന നിയന്ത്രണം പാളിയാൽ ബാരലിന് 55 ഡോളർ എന്നാണു ക്യുഎൻബി കണക്കു കൂട്ടുന്നത്. പൂർണമായി പാലിക്കപ്പെട്ടാൽ വില 60 ഡോളറിലെത്തും.

വിലയിടിവിനു കാരണമായി പ്രതിദിനം ആറു ലക്ഷം ബാരൽ അധിക എണ്ണ വിപണിയിലെത്തുന്നെന്നാണ് രാജ്യാന്തര ഊർജ ഏജൻസിയുടെ (ഐഇഎ) കണക്കുകൂട്ടൽ. ഒൻപതു ലക്ഷം ബാരൽ ഉൽപാദനം കുറഞ്ഞാൽ അധിക എണ്ണ ഇല്ലാതാവുമെന്നു മാത്രമല്ല എണ്ണ ആവശ്യം കൂടുകയും ചെയ്യും. വില വർധനയ്ക്ക് അനുകൂലമാകും വിപണി. എന്നാൽ ഇതോടൊപ്പം ഷെയ്ൽ എണ്ണ കൂടി വിപണിയിൽ എത്തുമെന്നു കണക്കാക്കിയാൽ വില 60 ഡോളറിന് അപ്പുറം പോകില്ല.

റഷ്യയുമായി ചർച്ച 10ന് വിയന്നയിൽ

ഉൽപാദന നിയന്ത്രണത്തിൽ റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളെ കൂടി പങ്കാളികളാക്കാനുള്ള ചർച്ചകൾ പത്തിനു വിയന്നയിൽ നടക്കും. ഒപെക് 12 ലക്ഷം ബാരൽ കുറയ്ക്കുന്നതിനൊപ്പം മറ്റുള്ളവർ ചേർന്ന് ആറു ലക്ഷം കുറയ്ക്കണമെന്നും ഒപെക് നിർദേശിച്ചിരുന്നു. മൂന്നു ലക്ഷം ബാരൽ കുറയ്ക്കാമെന്നു റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്. മെക്സിക്കോ, കസഖ്സ്ഥാൻ, അസർബൈജാൻ, ഒമാൻ എന്നീ രാജ്യങ്ങൾ കൂടി ഉൽപാദനം കുറയ്ക്കുമെന്നാണു പ്രതീക്ഷ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.