Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒപെക് ചർച്ച ഇന്ന് വിയന്നയിൽ

opec

ദോഹ ∙ എണ്ണവില ഉയർത്തുന്നതിനായി ഉൽപാദനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് വിയന്നയിൽ ഇന്ന് നിർണായക യോഗം ചേരും. രണ്ടു മാസത്തെ ചർച്ചകൾക്കുശേഷവും ഒരോ രാജ്യവും കുറയ്ക്കേണ്ട വിഹിതം എത്രയെന്നു തീരുമാനത്തിൽ എത്താനായിട്ടില്ല. തിങ്കളാഴ്ച ചേർന്ന അവസാനഘട്ട ചർച്ചയും അലസിപ്പിരിഞ്ഞു. റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങൾ ഉൽപാദന നിയന്ത്രണത്തോടു സഹകരിക്കാമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഒപെക്കിലാണ് ആദ്യം തീരുമാനമുണ്ടാകേണ്ടത്. വിയന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നും ഒപെക് തീരുമാനമെടുത്താൽ ചർച്ച നടത്താമെന്നും റഷ്യൻ ഊർജമന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു. ഒപെക്കിലെ അനശ്ചിതത്വത്തെ തുടർന്ന് ബ്രെൻഡ് ക്രൂഡ് വില 85 സെന്റ് ഇടിഞ്ഞ് ബാരലിന് 47.39 ഡോളറിലെത്തി. ഉൽപാദനം നിയന്ത്രിക്കാൻ ഒപെക് തീരുമാനിച്ചാൽ വില അൻപതു ഡോളറിനു മുകളിലെത്തുമെന്നാണു പ്രതീക്ഷ. ചർച്ച പരാജയപ്പെട്ടാൽ എണ്ണ വിപണി എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ ധനകാര്യ സ്ഥാപനങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമുണ്ട്.

ഒപെക് യോഗം അലസി പിരിഞ്ഞാലും എണ്ണവില അടുത്തവർഷം മധ്യത്തോടെ 45 ഡോളറിലെത്തുമെന്നു ഗോൾഡ്മാൻ സാക്സ് പ്രവചിക്കുന്നു.

എന്നാൽ എണ്ണവില 35 ഡോളറിൽ താഴേക്കു പോകുമെന്നാണു മോർഗൻ സ്റ്റാൻലി ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങളുടെ നിലപാട്. ഒപെക് ഇടപെടലില്ലാതെ തന്നെ എണ്ണവിപണി അടുത്തവർഷം സന്തുലിതാവസ്ഥ പാലിക്കുമെന്നു സൗദി ഊർജ മന്ത്രി ഖാലിദ് അൽ ഫാലിഹ് നേരത്തേ പറഞ്ഞിരുന്നു. ഇറാന്റെയും ഇറാഖിന്റെയും കർശന നിലപാടുകളാണു ഒപെക് തീരുമാനത്തിനു തടസ്സം നിൽക്കുന്നത്. എണ്ണവില അൻപതു ഡോളറിനു മുകളിലെത്തിക്കുന്നതിനായി ഒപെക്കിന്റെ പ്രതിദിന ഉൽപാദനം 3.25–3.30കോടി ബാരലിലേക്കു ചുരുക്കാനാണു രണ്ടുമാസം മുൻപ് അൾജീരിയയിൽ തീരുമാനമെടുത്തത്.

14 അംഗ ഒപെക് രാജ്യങ്ങൾ ചേർന്ന് 11 ലക്ഷം ബാരലും റഷ്യ ഉൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങൾ ആറുലക്ഷം ബാരലും കുറയ്ക്കണമെന്നായിരുന്നു പൊതുധാരണ. എന്നാൽ ഒരോ രാജ്യവും കുറയ്ക്കേണ്ട വിഹിതത്തിലാണു തർക്കം. സൗദി അറേബ്യ അഞ്ചുലക്ഷം ബാരൽ കുറയ്ക്കാമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. 1.05 കോടി ബാരലാണ് സൗദിയുടെ പ്രതിദിന ഉൽപാദനം. ഇതോടൊപ്പം ഇറാൻ ഇപ്പോഴത്തെ നിരക്കിൽ ഉൽപാദനം മരവിപ്പിക്കണമെന്നും ഇറാഖിന്റെ ഉൽപാദനം 40 ലക്ഷത്തിൽ താഴെയെത്തിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

എന്നാൽ നിർദേശത്തോട് ഇരുരാജ്യങ്ങളും യോജിച്ചിട്ടില്ല. ഒപെക്കിലെ ലിബിയ, നൈജീരിയ രാജ്യങ്ങളും ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ ഉപരോധത്തെ തുടർന്നു നഷ്ടപ്പെട്ട എണ്ണവിഹിതം തിരിച്ചുപിടിക്കുന്നതു ദേശീയ ആവശ്യമാണെന്നും ഇതിൽനിന്നു പിന്നാക്കം പോകില്ലെന്നുമാണു ഇറാൻ ഊർജ മന്ത്രി ബിജാൻ സംഗനേഹ് പ്രഖ്യാപിച്ചത്. ഐഎസിനെതിരെ പോരാടാൻ കൂടുതൽ പണം വേണമെന്നും ഉൽപാദനം കുറയ്ക്കാനാകില്ലെന്നും ഇറാഖും നിലപാടെടുത്തു. ഇരുരാജ്യങ്ങളും ചേർന്നു പ്രതിദിനം 80 ലക്ഷം ബാരലാണ് ഉൽപാദിപ്പിക്കുന്നത്. 2014ൽ 60 ലക്ഷമായിരുന്നു ഉൽപാദനം.

ഒപെക്കിലെ ഒന്നാം സ്ഥാനക്കാരനെതിരെ രണ്ടും മൂന്നും സ്ഥാനക്കാർ ഒരുമിച്ചുനിൽക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കുവൈത്ത്, യുഎഇ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ മാത്രമെ സൗദിയുടെ നിർദേശം കേട്ട് ഉൽപാദനം കുറയ്ക്കാൻ തയാറാകൂ എന്നാണു വിദഗ്ധരുടെ നിഗമനം. ഇന്നത്തെ ഒപെക് ചർച്ചയിൽ കൂട്ടായ തീരുമാനമുണ്ടാകാനുള്ള സാധ്യത വിരളമാണെന്നും അവർ കണക്കുകൂട്ടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.