Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി ക്ഷേമ പദ്ധതികൾ ആകർഷകമാക്കണം: പാറയ്ക്കൽ അബ്ദുല്ല

parakkal പാറയ്ക്കൽ അബ്ദുല്ല എംഎൽഎ മീറ്റ് ദ് പ്രസിൽ

ദോഹ ∙ പ്രവാസി ക്ഷേമ പദ്ധതികൾ ആകർഷകമാക്കുകയും അതിനു വ്യാപക പ്രചാരണം നൽകുകയും വേണമെന്നു പാറയ്ക്കൽ അബ്ദുല്ല എംഎൽഎ. ഇന്ത്യൻ മീഡിയ ഫോറം (ഐഎംഎഫ്) സംഘടിപ്പിച്ച ‘മീറ്റ് ദ് പ്രസി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ 35 ലക്ഷം പ്രവാസികളുണ്ടെങ്കിലും ഒരു ലക്ഷം പേർ മാത്രമാണു ക്ഷേമനിധിയിൽ അംഗമായിട്ടുള്ളത്. ക്ഷേമനിധിയെക്കുറിച്ചോ പ്രവാസികൾക്ക് ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചോ പലർക്കും അറിയില്ല. പദ്ധതികൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയും പ്രശ്നമാണ്. നാട്ടിലെ പ്രവാസി കമ്മിറ്റികൾക്കും ക്ഷേമ ബോർഡുകൾക്കും പ്രവാസികളുടെ യഥാർഥ പ്രശ്‌നങ്ങൾ അറിയില്ല. പലരും തെറ്റിദ്ധാരണയുടെ പുറത്താണു പ്രവാസികളുടെ കാര്യത്തിൽ പ്രവർത്തിച്ചുവരുന്നത്.

പ്രവാസികൾ ഇന്നനുഭവിക്കുന്ന പല പ്രശ്‌നങ്ങളുടെയും മൂലകാരണമായ കുടിയേറ്റനിയമം പരിഷ്‌കരിക്കുന്നതിനും ശ്രമമുണ്ടാകണം. 31 വർഷം ഖത്തറിൽ പ്രവാസിയായി ജീവിച്ച തനിക്ക് പ്രവാസികളുടെ പ്രശ്‌നങ്ങൾ നേരിട്ട് അറിയാം. മറ്റാരേക്കാളും നന്നായി അധികാര കേന്ദ്രങ്ങളിൽ വിഷയം ഉന്നയിക്കാൻ തനിക്ക് സാധിക്കുമെന്നും ഇതിനായുള്ള പ്രയത്നം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

നിയമസഭയിൽ എത്തിയ ആദ്യ ദിവസം തന്നെ പ്രവാസികളുടെ പ്രശ്‌നമാണു താൻ ഉന്നയിച്ചത്. ക്രമാതീതമായി വർധിക്കുന്ന വിമാനടിക്കറ്റ് വില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർക്കു നിർദേശം നൽകണമെന്നും രാജ്യത്തിന്റെ സമ്പദ് ഘടനയ്ക്ക് വലിയ നേട്ടമുണ്ടാക്കിത്തരുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. ഇതു കേരള സർക്കാരിനു മാത്രം തീരുമാനമെടുക്കാൻ കഴിയുന്ന വിഷയമല്ലെന്നായിരുന്നു ലഭിച്ച മറുപടി.

കേരള സർക്കാരിന്റെ പ്രവാസി കമ്മിറ്റിയിൽ താൻ അംഗമാണ്. കെ.വി.അബ്ദുൽ ഖാദർ ചെയർമാനായ ഈ കമ്മിറ്റിയിൽ പ്രവാസികളുടെ പല പ്രശ്‌നങ്ങളും അവതരിപ്പിക്കുകയും നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്യുമെന്നു പാറക്കൽ പറഞ്ഞു. പ്രവാസികൾക്ക് 5000 രൂപ മാസ പെൻഷൻ നൽകുക, ഗൾഫ് രാജ്യങ്ങളിലും മറ്റും നോർക്കയുടെ ഹെൽപ് ഡസ്‌ക് ആരംഭിക്കുക തുടങ്ങിയ നിർദേശങ്ങൾ പ്രവാസി കമ്മിറ്റിക്ക് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്.

ജനാധിപത്യ വ്യവസ്ഥിതിയിൽ സമരങ്ങൾ സർവ സാധാരണമാണ്. അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ ചിലർ സ്വന്തം താൽപര്യത്തിനു സമരം ഉപയോഗിക്കുകയും ഇതിലൂടെ ആളുകളെ ചൂഷണം ചെയ്യുന്നതും അംഗീകരിക്കാനാകില്ല. നാദാപുരത്തും പരിസര പ്രദേശങ്ങളിലും ശാശ്വത സമാധാനം ഉണ്ടാവാൻ ചില രാഷ്ട്രീയ പാർട്ടികൾ നയം മാറ്റാൻ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. മീറ്റ് ദ് പ്രസിൽ ഐഎംഎഫ് പ്രസിഡന്റ് ജിബി മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. മുജീബ് റഹ്മാൻ, ട്രഷറർ ഐ.എം.എ.റഫീഖ് എന്നിവർ പ്രസംഗിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.