Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ നടപ്പാലങ്ങളിൽ ഷോപ്പിങ് സൗകര്യങ്ങളും

bridge

ദോഹ ∙ റോഡ്‌ മുറിച്ചുകടക്കുമ്പോൾ എടിഎമ്മിൽനിന്നു പണമെടുത്ത്‌ അത്യാവശ്യം ഷോപ്പിങ്ങും വിശപ്പുണ്ടെങ്കിൽ രുചികരമായതെന്തെങ്കിലും കഴിക്കുകയും ചെയ്യാൻ സൗകര്യം ലഭിക്കുന്നത്‌ നല്ലതല്ലേ? ജീവൻ കൈയിൽപിടിച്ച്‌ റോഡിനിരുവശവുംനോക്കി നെട്ടോട്ടമോടുമ്പോൾ ഇതിനൊക്കെ എവിടെ സൗകര്യമെന്നാണോ? വൈകാതെ ഖത്തറിൽ ഇതിനുള്ള സൗകര്യം ഒരുങ്ങുമെന്നാണു നഗരസഭ പരിസ്‌ഥിതി മന്ത്രാലയം പറയുന്നത്‌.

ദോഹ കോർണീഷടക്കം പ്രമുഖ കേന്ദ്രങ്ങളിൽ കാൽനടക്കാർക്കായി ഉടൻ നിർമിക്കുന്ന 15 നടപ്പാലങ്ങളിലാണു കടകൾ, റസ്‌റ്ററന്റുകൾ, എടിഎമ്മുകൾ എന്നിവയുൾപ്പെടെ അത്യാവശ്യം ഷോപ്പിങ്‌ സൗകര്യങ്ങൾ ഉണ്ടാവുക. ഇവയുടെ രൂപരേഖ തയാറായിക്കഴിഞ്ഞു. നിർമാണജോലികൾ ഉടൻ തുടങ്ങുമെന്നു നഗരസഭ പരിസ്‌ഥിതി മന്ത്രാലയം വ്യക്‌തമാക്കി. ഗതാഗത മന്ത്രാലയത്തിനു കീഴിലെ റോഡ്‌ ഡിപ്പാർട്‌മെന്റുമായി സഹകരിച്ചാണു കാൽനടക്കാർക്കായുള്ള ഈ സൂപ്പർ മേൽപാലങ്ങൾ നിർമിക്കുന്നത്‌.

ഹൈവേകളിൽനിന്നു മേൽപാലങ്ങളിലേക്കു കയറാനുമിറങ്ങാനും യന്ത്രപ്പടികളും മുതിർന്നവർക്കും അംഗപരിമിതർക്കുമായി ലിഫ്‌റ്റുകളും ഉണ്ടാകും. പരിസരത്തോടും പരിസ്‌ഥിതിയോടും ഇണങ്ങിനിൽക്കുന്നതും ഖത്തറിന്റെ സാംസ്‌കാരിക പ്രത്യേകതകൾ പ്രതിഫലിപ്പിക്കുന്നതുമാണ്‌ ഇവയുടെ രൂപകൽപനയെന്നും നഗരസഭാ മന്ത്രാലയം വ്യക്‌തമാക്കി.

ഖത്തറിന്റെ അതിവേഗ വികസനത്തിനും കാൽനടക്കാരുടെ ജീവൻ രക്ഷിക്കാനും കൂടുതൽ നടപ്പാലങ്ങൾ അത്യാവശ്യമാണെന്നും എവിടെയൊക്കെയാണു പുതിയ മേൽപാലങ്ങൾ നിർമിക്കേണ്ടതെന്നതിനെക്കുറിച്ചു വിശദപഠനം നടത്തിവരികയാണെന്നും സെൻട്രൽ മുനിസിപ്പൽ യോഗത്തിൽ അധികൃതർ വ്യക്‌തമാക്കിയിരുന്നു.

നിർമാണമേൽനോട്ടത്തിനായി നഗരസഭ പരിസ്‌ഥിതി മന്ത്രാലയം, അഷ്‌ഗാൽ, ജനറൽ ഡയറക്‌ടറേറ്റ്‌ ഓഫ്‌ ട്രാഫിക്‌, ഖത്തർ ഡവലപ്‌മെന്റ്‌ ബാങ്ക്‌ എന്നിവയിലെ ഉദ്യോഗസ്‌ഥരുൾപ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌. ഡിസൈനിങ്‌ മുതൽ നിർമാണം പൂർത്തിയാക്കി പാലങ്ങൾ തുറന്നുകൊടുക്കുന്നതുവരെ എല്ലാ കാര്യങ്ങളിലും ഈ സമിതിയുടെ മേൽനോട്ടമുണ്ടാവും. ഏതെങ്കിലും കാരണവശാൽ നിർമാണജോലികൾ തടസ്സപ്പെട്ടാൽ അവയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതും മേൽനോട്ട സമിതിയുടെ ഉത്തരവാദിത്തത്തിൽപെടുന്നു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.