Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൊഴിലാളി നിയമനത്തിന്‌ പുതിയ സമിതി വരുന്നു

ദോഹ ∙ വിദേശതൊഴിലാളികളുടെ റിക്രൂട്‌മെന്റ്‌ നടപടികൾ നിരീക്ഷിക്കാനും വേഗത്തിലാക്കാനും പുതിയ സമിതി രൂപീകരിക്കാൻ ആലോചന. സ്വകാര്യ കമ്പനികൾക്കും വ്യക്‌തികൾക്കുമായി വിദേശ തൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്ന മുഴുവൻ സ്‌ഥാപനങ്ങളേയും പുതിയ സമിതിക്കു കീഴിലാക്കാനാണു നീക്കം.

ആഭ്യന്തരമന്ത്രാലയം, വിദേശകാര്യമന്ത്രാലയം, തൊഴിൽ സാമൂഹികകാര്യമന്ത്രാലയം, സാമ്പത്തിക വാണിജ്യമന്ത്രാലയം, ഖത്തർ ചേംബർ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തിയാവും പുതിയ സമിതി രൂപീകരിക്കുക. കമ്പനികൾക്കു പുറമേ വ്യക്‌തികളും വിദേശതൊഴിലാളികളുടെ നിയമനത്തിനായി നൽകുന്ന അപേക്ഷകളിൽ ഭാവിയിൽ പുതിയ സമിതിയാവും അന്തിമതീരുമാനമെടുക്കുക. സ്വകാര്യകമ്പനികളിലേക്കു വിദേശജീവനക്കാരെ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്ന്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഈ മാസം ആദ്യം വ്യക്‌തമാക്കിയിരുന്നു.

ഷെറാട്ടൺ ഹോട്ടലിൽ ഖത്തറിലെ പ്രമുഖ കമ്പനി ചെയർമാൻമാരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്‌.

ഖത്തർ ചേംബർ മുൻകൈയെടുത്തായിരുന്നു കൂടിക്കാഴ്‌ച സംഘടിപ്പിച്ചത്‌. ടൂറിസ്‌റ്റ്‌, ട്രാൻസിറ്റ്‌ വീസകൾ ഉദാരമാക്കിയ സാഹചര്യത്തിൽ വിദേശതൊഴിലാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിനുള്ള നടപടികളും ലഘൂകരിക്കണമെന്നും നിയമന നടപടികൾ വേഗത്തിലാക്കുന്നത്‌ സ്വകാര്യമേഖലയ്‌ക്ക്‌ കരുത്തേകുമെന്നും കമ്പനിയുടമകൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ സ്വകാര്യകമ്പനികൾക്കുള്ള വീസകളും ഉദാരമാക്കുമെന്ന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌.

ദേശീയ സമ്പദ്‌വ്യവസ്‌ഥ ശക്‌തിപ്പെടുത്തുന്നതിൽ ഊർജിതപങ്കാണ്‌ സ്വകാര്യമേഖലയ്‌ക്കുള്ളത്‌. അതിനാൽ സ്വകാര്യമേഖലയ്‌ക്ക്‌ മെച്ചപ്പെട്ട പ്രവർത്തനസാഹചര്യവും നിക്ഷേപ, വികസനാവസരവും ഒരുക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണെന്നും ഇതിനാവശ്യമായ നിയമനിർമാണങ്ങൾ സർക്കാർ കൈക്കൊണ്ടുവരികയാണെന്നുമാണു പ്രധാനമന്ത്രി ഖത്തർ ചേംബർ യോഗത്തെ അറിയിച്ചത്‌. അതിന്റെ തുടർനടപടിയെന്ന നിലയിലാണ്‌ പുതിയ സമിതി രൂപീകരിക്കുന്നതെന്നാണ്‌ സൂചന.

ഖത്തറിന്റെ സാമ്പത്തിക വികസനത്തിനുള്ള ചാലകശക്‌തിയായി സ്വകാര്യ മേഖലയെ മാറ്റാനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ ഈവർഷം ആദ്യം ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ ശുപാർശപ്രകാരമാണ്‌ ടൂറിസ്‌റ്റ്‌, ട്രാൻസിറ്റ്‌ വീസകൾ ലഘൂകരിച്ചത്‌.

ഖത്തറിലെ തൊഴിൽകമ്പോളം കൂടുതൽ കരുത്തുറ്റതാക്കാൻ വിദേശതൊഴിലാളി നിയമനത്തിനു മേൽനോട്ടം നൽകാൻ വിവിധ മന്ത്രാലയങ്ങളുടേയും ഖത്തർ ചേംബറിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ സമിതിക്കു രൂപംനൽകാനും നിർദേശിച്ചത്‌ ഈ സമിതിയാണ്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.