Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രോസ്‌വെനർ ഹൗസ്‌ ക്യുഐഎ ഉപേക്ഷിക്കുന്നു

london-grosvenor-house

ദോഹ ∙ ലണ്ടനിൽ ഇന്ത്യയിലെ സഹാറ ഗ്രൂപ്പിനുള്ള പഞ്ചനക്ഷത്ര ഹോട്ടൽ ഗ്രോസ്‌വെനർ ഹൗസ്‌ സ്വന്തമാക്കുന്നതിൽനിന്ന്‌ ഖത്തർ ഇൻവെസ്‌റ്റ്‌മെന്റ്‌ അതോറിറ്റി (ക്യുഐഎ) പിൻമാറുന്നതായി റിപ്പോർട്ട്‌. ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസിനു പുറമേ ന്യൂയോർക്കിലുള്ള ന്യൂയോർക്‌ പ്ലാസ, ന്യൂയോർക്കിൽത്തന്നെയുള്ള ഡ്രീം ഡൗൺടൗൺ ഹോട്ടൽ എന്നിവയിൽ സഹാറയ്‌ക്കുള്ള ഓഹരികൾ ഖത്തർ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള ക്യുഐഎയ്‌ക്കു 160 കോടി യുഎസ്‌ ഡോളറിന്‌ (10,789 കോടി രൂപ) വിൽക്കുന്നതിനു ജൂലൈ ആദ്യം ഇന്ത്യൻ സുപ്രീംകോടതി സഹാറയ്‌ക്ക്‌ അനുമതി നൽകിയിരുന്നു.

സുപ്രീംകോടതിയുടെ അനുമതി ലഭ്യമായതോടെ മൂന്നു ഹോട്ടലുകളും രണ്ടുമാസത്തിനകം ക്യുഐഎ ഏറ്റെടുക്കുമെന്ന്‌ അന്നു വാർത്തകൾ വന്നിരുന്നു. മൂന്നു ഹോട്ടലുകൾക്കുമായി സഹാറ ഗ്രൂപ്പിന്‌ 75 കോടി ഡോളറിന്റെ വായ്‌പ നൽകിയിരിക്കുന്ന റൂബൻ ബ്രദേഴ്‌സ്‌ ഗ്രോസ്‌വെനർ സ്വന്തമാക്കാൻ നീക്കം ശക്‌തമാക്കിയ സാഹചര്യത്തിലാണ്‌ ക്യുഐഎ ഇടപാടിൽ നിന്നു പിന്മാറുന്നതത്രേ. യുകെയിലെ ഏറ്റവും സമ്പന്ന വ്യക്‌തികളാണ്‌ ഡേവിഡ്‌, സൈമൺ റൂബൻ സഹോദരന്മാർ.

2015 മുതൽ സഹാറ ഇവരുടെ വായ്‌പത്തുകയും പലിശയും തിരിച്ചടച്ചിട്ടില്ല. അതിനാൽ ഹോട്ടലുകൾ ആരു സ്വന്തമാക്കിയാലും പലിശസഹിതം 99.5 കോടി ഡോളർ റൂബൻ ബ്രദേഴ്‌സിനു നൽകേണ്ടതുണ്ട്‌. ഗ്രോസ്‌വെനർ വാങ്ങുന്നതിൽ ഇവർ ഇതുവരെ പരസ്യമായി താൽപര്യം അറിയിച്ചിട്ടില്ല. ഗ്രോസ്‌വെനർ ഹൗസിന്റെ ഭരണച്ചുമതലയുള്ള ഡിലോയിറ്റ്‌ കമ്പനി ഇതുവരെ ലേല നടപടികളിലേക്കു കടന്നിട്ടില്ല.

എന്നാൽ ഈവർഷം തന്നെ നടക്കുന്ന ലേലത്തിൽ റൂബൻ ബ്രദേഴ്‌സ്‌ നേരിട്ടു പങ്കെടുക്കുമെന്നാണു സൂചന. ഹോട്ടലുകളുടെ ആകെ വിലയുടെ 51 ശതമാനത്തിലധികം റൂബൻ ബ്രദേഴ്‌സിനു വായ്‌പയുള്ള സാഹചര്യത്തിലാണ്‌ ഇടപാടിൽനിന്നു പിൻമാറാൻ ക്യുഐഎ ആലോചിക്കുന്നതെന്നാണു സൂചന. ഗ്രോസ്‌വെനറിനെ ലോകോത്തര ഹോട്ടലുകളിലൊന്നാക്കി മാറ്റാനുള്ള ആലോചനയിലാണ്‌ റൂബൻ ബ്രദേഴ്‌സ്‌ എന്നും റിപ്പോർട്ടുണ്ട്‌.

എന്നാൽ ഇതേക്കുറിച്ചു സഹാറയോ ക്യുഐഎയോ റൂബൻ ബ്രദേഴ്‌സോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുകെയിൽ നിന്നുള്ള 3അസോസിയേറ്റ്‌സ്‌, ഒരു സൗദി രാജകുടുംബാംഗം എന്നിവരും കഴിഞ്ഞ ജൂലൈയിൽ മൂന്നുഹോട്ടലുകളും വാങ്ങാൻ സന്നദ്ധത അറിയിച്ചിരുന്നു.

എന്നാൽ 110 കോടി ഡോളറേ ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നുള്ളൂ. അതിനാൽ സഹാറ ഇവരുടെ ബിഡ്‌ നിരസിക്കുകയായിരുന്നു. സഹാറ ഗ്രൂപ്‌ സ്‌ഥാപകൻ സുബ്രത റോയിക്ക്‌ ദീർഘകാല ജാമ്യം അനുവദിക്കാൻ 10,000 കോടി രൂപയുടെ ബോണ്ട്‌ നൽകണമെന്ന്‌ സുപ്രീം കോടതി നിർദേശിച്ചതിനെത്തുടർന്നാണ് മൂന്നു ഹോട്ടലുകളിലും തങ്ങൾക്കുള്ള ഓഹരി വിൽക്കാൻ സഹാറ തീരുമാനിച്ചത്‌.

എന്നാൽ ഗ്രോസ്‌വെനർ ഹൗസ്‌ ക്യുഐഎയ്‌ക്ക്‌ കൈമാറിയാൽ മാത്രം സുബ്രത റോയിക്ക്‌ ജാമ്യം കിട്ടാൻ കെട്ടിവയ്‌ക്കാൻ സുപ്രീംകോടതി നിർദേശിച്ചതിലും 2,350 കോടിരൂപ അധികം കിട്ടുമെന്നു സഹാറയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ച സാഹചര്യത്തിലാണ്‌ ഹോട്ടൽ ക്യുഐഎയ്‌ക്ക്‌ കൈമാറുന്നതിനു സുപ്രീംകോടതി അനുമതി നൽകിയത്‌.

ഈ മൂന്നു ഹോട്ടലുകൾക്കും പുറമേ മുംബൈയിലെ സഹാറ സ്‌റ്റാർ ഹോട്ടലും നാലുവിമാനങ്ങളും വിൽക്കുന്നതിന്റെ സാധ്യതകളാരായാൻ സെബിയോട്‌ സുപ്രീം കോടതി നേരത്തേ നിർദേശിച്ചിരുന്നു. 24,029 കോടി രൂപ നിക്ഷേപകരിൽനിന്ന്‌ അനധികൃതമായി സ്വരൂപിച്ച കേസിൽ 2014 മാർച്ച്‌ നാലിന്‌ ആണ്‌ സുബ്രത റോയി ജയിലിലായത്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.