Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേതന സംരക്ഷണ നിയമം അടുത്തഘട്ടം ഡിസംബറിൽ

ദോഹ ∙ വേതന സംരക്ഷണ നിയമത്തിൽ (ഡബ്ല്യുപിഎസ്) ഉൾപ്പെടുത്തി ബാങ്ക് വഴി വേതനം ലഭിക്കുന്ന തൊഴിലാളികളുടെ എണ്ണം 15 ലക്ഷം പിന്നിട്ടതായി തൊഴിൽ, അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, സാമൂഹിക കാര്യമന്ത്രാലയം. മുൻ നിശ്ചയിച്ചപ്രകാരമുള്ള ഷെഡ്യൂൾ പ്രകാരമാണ് ഇതു നടപ്പാക്കുന്നതെന്നും വൈകാതെ കൂടുതൽ തൊഴിലാളികൾ പദ്ധതിയിൽ ഉൾപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. മുഴുവൻ തൊഴിലാളികളെയും വേതന സംരക്ഷണ നിയമത്തിനു കീഴിലാക്കുന്നതിനായി നാലുഘട്ടങ്ങൾ കൂടി ബാക്കിയുണ്ട്.

അടുത്തഘട്ടം ഡിസംബറിൽ ആരംഭിക്കും. ഇതിനോടകം വലിയ, ഇടത്തരം സ്ഥാപനങ്ങളിൽ പദ്ധതി നടപ്പാക്കി. വേതന സംരക്ഷണ നിയമം വലുപ്പ വ്യത്യാസമില്ലാതെ എല്ലാ സ്വകാര്യ കമ്പനികൾക്കും ബാധകമാണെന്നു തൊഴിൽ മന്ത്രി ഡോ. ഇസ്സ ബിൻ സാദ് ജുഫാലി അൽ നൈമി പറഞ്ഞു. എല്ലാ തൊഴിലാളികൾക്കും മാസത്തിന്റെ ആദ്യ ആഴ്ചതന്നെ ശമ്പളം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണു നിയമത്തിന്റെ ലക്ഷ്യം.

ശമ്പളം വൈകുന്നതിന്റെപേരിൽ തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങളും ഇതിലൂടെ ഒഴിവാക്കാനാകുമെന്നു മന്ത്രി പറഞ്ഞു. ഡബ്ല്യുപിഎസ് നിയമം നടപ്പാക്കാത്ത സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാണു നിയമം നടപ്പാക്കുന്നത്. മുഴുവൻ ജീവനക്കാരുടെയും വേതനം ബാങ്ക് വഴിയാക്കി മാറ്റിയാൽ മാത്രമേ കരിമ്പട്ടികയിൽ നിന്ന് ഒഴിവാക്കൂ.

പദ്ധതി പൂർത്തീകരിക്കാത്ത കമ്പനികളുടെ പുതിയ വീസ അംഗീകാരം, കരാർ അറ്റസ്റ്റേഷൻ ഉൾപ്പെടെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട മുഴുവൻ സേവനങ്ങളും മരവിപ്പിക്കും. വേതന വിതരണം ബാങ്കുവഴിയാക്കിയെങ്കിൽ മാത്രമേ തൊഴിൽ വകുപ്പിന്റെ സേവനം ലഭ്യമാകൂ. ഇതിനായി എല്ലാ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും ബാങ്ക് വിവരങ്ങൾ അധികൃതർ ശേഖരിച്ചു. തൊഴിൽ മന്ത്രാലയവുമായി വിവരങ്ങൾ ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ഒരോമാസത്തെയും വിവരങ്ങൾ മന്ത്രാലയത്തിന് അറിയാനാകും.

യുഎഇക്കു പിന്നാലെ ഡബ്ല്യുപിഎസ് പദ്ധതി നടപ്പാക്കി ഖത്തറും

മുഴുവൻ തൊഴിലാളികൾക്കും വേതനം ബാങ്ക് വഴി നൽകുന്ന ഡബ്ല്യുപിഎസ് പദ്ധതിക്ക് 2015 ഫെബ്രുവരി 18ന് ആണ് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അംഗീകാരം നൽകിയത്. 2004ലെ 14–ാം നമ്പർ തൊഴിൽനിയത്തിലെ 66, 145 അനുച്ഛേദങ്ങളുടെ ഭേദഗതിയാണു വരുത്തിയത്. ഗെസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസത്തിനകം നടപ്പാക്കണമെന്നായിരുന്നു നിബന്ധനയെങ്കിലും നവംബർ മൂന്നുവരെ നിയമം നടപ്പാക്കാൻ കമ്പനികൾക്കു സാവകാശം അനുവദിച്ചു.

ശമ്പളത്തീയതിയുടെ ഏഴു ദിവസത്തിനകമാണു ബാങ്കിലേക്കു ശമ്പളം മാറ്റേണ്ടത്. അല്ലെങ്കിൽ വീഴ്ചയായി കണക്കാക്കും. ബാങ്കുകളെ ഉൾപ്പെടുത്തിയുള്ള വിപുലമായ ഇ– സംവിധാനത്തിന്റെ മേൽനോട്ടം ക്യുസിബിക്കാണ്. ശമ്പളം ബാങ്ക് അക്കൗണ്ടിലേക്കു മാറ്റാത്ത തൊഴിലുടമയ്ക്കെതിരെ ഒരു മാസം തടവോ 2000 മുതൽ 6000 റിയാൽ വരെ പിഴയോ ചുമത്താനാകും. ജിസിസിയിൽ യുഎഇക്കു പിന്നാലെ ഡബ്ല്യുപിഎസ് നടപ്പാക്കുന്ന രണ്ടാമത്തെ രാജ്യമാണു ഖത്തർ.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.