Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ വിദ്യാഭ്യാസ മേഖലയുടെ നിലവാര നിർണയത്തിനു തുടക്കം

school-img

ദോഹ ∙ വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ എജ്യൂക്കേഷൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ദേശീയതലത്തിൽ മുഴുവൻ സ്‌കൂളുകളുടെയും വിദ്യാർഥികളുടെയും പ്രതിവർഷ നിലവാര നിർണയം തുടങ്ങി. രാജ്യത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇൻഡിപെൻഡന്റ്‌, പ്രൈവറ്റ്‌, കമ്യൂണിറ്റി സ്‌കൂളുകളിൽ സിഇപി (കോംപ്രിഹെൻസിവ്‌ എജ്യൂക്കേഷനൽ പോൾ) എന്നപേരിൽ നിലവാര നിർണയം ആരംഭിച്ചിരിക്കുന്നത്‌. സിഇപിയുടെ ആദ്യഘട്ടത്തിൽ കിന്റർഗാർടൻ മുതൽ പ്ലസ്‌ടു തലം വരെയുള്ള മുഴുവൻ സ്‌കൂളുകളുടെയും ഔദ്യോഗികരേഖകളുടെ പരിശോധന നടക്കുമെന്നു സ്‌കൂൾ മൂല്യനിർണയകേന്ദ്രം ഡയറക്‌ടർ ഒമർ അബ്‌ദുൽ അസിസ്‌ അൽനാമ അറിയിച്ചു.

കുട്ടികളുടെയും അധ്യാപകരുടെയും എണ്ണം, അധ്യാപക യോഗ്യത, മറ്റു സ്‌കൂൾ ജീവനക്കാരുടെ വിവരങ്ങൾ, സ്‌കൂളിലെ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ എന്നിവയും സ്‌കൂളുകളുടെ വരുമാനമാർഗങ്ങളും ആദ്യഘട്ടത്തിൽ വിലയിരുത്തും. രണ്ടാംഘട്ടത്തിലാണ് സ്‌കൂളുകളുടെയും കുട്ടികളുടെയും പഠനനിലവാര നിർണയം നടക്കുക. ഫെബ്രുവരിയിൽ ആരംഭിക്കുന്ന രണ്ടാംഘട്ടത്തിൽ അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്നു വിവരങ്ങൾ ശേഖരിക്കും. എല്ലാ സ്‌കൂളുകളും സിഇപിയുമായി സഹകരിക്കണമെന്നും ശരിയായ വിവരങ്ങൾ അധികൃതർക്കു കൈമാറണമെന്നും അൽനാമ അഭ്യർഥിച്ചു.

ശേഖരിക്കുന്ന വിവരങ്ങൾ ഖത്തറിലെ വിദ്യാഭ്യാസ നിലവാരമുയർത്തുന്നതിനുള്ള ഗവേഷണ, വിശകലനങ്ങൾക്ക്‌ ഏറെ സഹായകമാവും. സ്‌കൂളുകളുടെ ശക്‌തി, ദൗർബല്യങ്ങൾ തിരിച്ചറിയാനും അധ്യാപനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികവു വിലയിരുത്താനും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും സ്‌കൂൾ പരിപാടികളിൽ അവരുടെ പങ്കാളിത്തമുയർത്താനും സിഇപി സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പഠനത്തിലും ഗൃഹപാഠത്തിലും കുട്ടികളുടെ സംതൃപ്‌തി, അവരുടെ ദേശീയത, വിവിധ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപനരീതികൾ എന്നിവയെക്കുറിച്ചും സിഇപിയിലൂടെ വിശദമായി മനസ്സിലാക്കാനാകും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒട്ടേറെ വകുപ്പുകളുടെ സഹായത്തോടെയാണ്‌ സ്‌കൂളുകളുടെ മൂല്യനിർണയം നടപ്പാക്കുന്നത്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.