Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദര, സ്‌തനാർബുദ പരിശോധനയ്‌ക്ക്‌ ഇതുവരെ വിധേയരായത്‌ 4,243 പേർ

hospital

ദോഹ ∙ ഉദര, സ്‌തനാർബുദങ്ങൾ തുടക്കത്തിലേ കണ്ടെത്തുന്നതിനുള്ള ‘സ്‌ക്രീൻ ഫോർ ലൈഫ്‌’ പരിശോധനയ്ക്ക്‌ ഇതിനോടകം വിധേയരായത്‌ 4,243 പേർ. ജനുവരിയിലാണു പിഎച്ച്‌സിസി (പ്രാഥമികാരോഗ്യ സംരക്ഷണ കോർപറേഷൻ) സ്‌ക്രീൻ ഫോർ ലൈഫ്‌ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള അഞ്ചുമാസത്തിനിടയിൽ കോൾ സെന്റർ മുഖേന 21,651 പേരെ പരിശോധനയ്‌ക്കു ക്ഷണിച്ചതായും ഇവരിൽ 14,579 പേരും പരിശോധനയ്‌ക്കു സന്നദ്ധത അറിയിച്ചതായും പിഎച്ച്‌സിസി കാൻസർ വിഭാഗം മാനേജർ ഡോ. ഷെയ്‌ഖ അബു ഷെയ്‌ഖ ‘ദ് പെനിൻസുല’യോടു പറഞ്ഞു.

ഈ അഞ്ചുമാസത്തിനിടയിലാണു 4,243 പേർ പരിശോധനയ്‌ക്കു വിധേയമായത്‌. 45-69 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്കു സ്‌തനാർബുദ പരിശോധനയ്ക്കും 50-74 പ്രായപരിധിയിലുള്ള സ്‌ത്രീകൾക്ക്‌ ഉദരാർബുദ പരിശോധനയ്‌ക്കും റജിസ്‌റ്റർ ചെയ്യാം. അൽവക്ര, ലിയാബൈബ്‌ പിഎച്ച്‌സികളിലും മൊബൈൽ സ്‌ക്രീനിങ്‌ യൂണിറ്റുകളിലുമാണ്‌ പരിശോധനയ്ക്കു സൗകര്യമുള്ളത്‌. 8001112 എന്ന നമ്പറിൽ വിളിച്ചാൽ അപ്പോയ്ന്റ്മെന്റ്‌ ലഭിക്കും.

ഊർജിത ബോധവൽക്കരണമാണ്‌ ഇക്കാര്യത്തിൽ തങ്ങൾ നടത്തുന്നതെന്നും വർഷംമുഴുവൻ പരിശോധനയ്‌ക്കു സൗകര്യമുണ്ടെന്നും ഡോ. ഷെയ്‌ഖ അബു പറഞ്ഞു. ഖത്തറിലെ കാൻസർ രോഗികളിൽ 17.42% സ്‌തനാർബുദം ബാധിച്ചവരും 10.55% ഉദരാർബുദം ബാധിച്ചവരുമാണെന്ന്‌ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. സ്‌തനാർബുദം തുടക്കത്തിലേ കണ്ടെത്തിയാൽ പൂർണമായും സുഖപ്പെടുത്താനാവുമെന്നും ഡോ. ഷെയ്‌ഖ പറഞ്ഞു.

അതേസമയം സ്‌തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി അൽവക്ര ആശുപത്രിയിൽ ഒട്ടേറെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്‌. രോഗം തുടക്കത്തിലേ കണ്ടെത്തി ചികിത്സിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും രോഗബാധ തടയുന്നതിനുള്ള മാർഗങ്ങളും പരിചയപ്പെടുത്തുന്നതിനൊപ്പം പരിശോധനകളും നടത്തുന്നുണ്ട്‌. ആശുപത്രിക്കു പുറത്ത്‌ പ്രഭാഷണങ്ങൾ, ശിൽപശാലകൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്‌.

ഖത്തറിലെ സ്‌ത്രീകളിൽ ഏറ്റവും സർവസാധാരണമായി കണ്ടുവരുന്ന കാൻസറാണ്‌ സ്‌തനാർബുദമെന്ന്‌ അൽവക്ര ആശുപത്രി ഒബ്സ്‌ട്രക്‌റ്റിസ്‌ ആൻഡ്‌ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ്‌ ഡോ. മുഹമ്മദ്‌ അല്ലൂബ്‌ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച്‌ ഓരോ 19 സെക്കൻഡിലും ലോകത്ത്‌ ഒരാളിൽവീതം രോഗബാധ തിരിച്ചറിയുന്നു. കാൻസർ മൂലമുള്ള മരണങ്ങളിൽ രണ്ടാംസ്‌ഥാനത്താണ്‌ സ്‌തനാർബുദം.

അതിനാൽ തുടക്കത്തിലേ കണ്ടുപിടിക്കൂ, ജീവൻ രക്ഷിക്കൂ എന്ന സന്ദേശവുമായാണ്‌ എച്ച്‌എംസി ഇത്തവണ ബോധവൽക്കരണവും പരിശോധനകളും സംഘടിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. സ്‌തനാർബുദത്തെക്കുറിച്ച്‌ സാമാന്യാവബോധം നൽകുന്ന രീതിയിൽ ആശുപത്രിയുടെ മുഖ്യകവാടത്തിനരികെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്‌്‌. രോഗബാധയെക്കുറിച്ചു സംശയമുള്ളവർക്ക്‌ നഴ്‌സുമാർ, ഡോക്‌ടർമാർ തുടങ്ങിയവരുമായി സംസാരിച്ച്‌ സംശയങ്ങൾ തീർക്കാമെന്ന്‌ ആശുപത്രി പബ്ലിക്‌ റിലേഷൻസ്‌ ആക്‌ടിങ്‌ ഡയറക്‌ടർ മുഹമ്മദ്‌ അൽദോസരി പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.