Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിന്റെ രണ്ടാമത്തെ ഉപഗ്രഹം: നിർമാണം അന്തിമഘട്ടത്തിലേക്ക്‌

ദോഹ ∙ ഖത്തറിന്റെ രണ്ടാമത്തെ ഉപഗ്രഹമായ സുഹൈൽ-2ന്റെ നിർമാണം 80 ശതമാനവും പൂർത്തിയായതായി ഖത്തർ സാറ്റലൈറ്റ്‌ കമ്പനി സുഹൈൽസാറ്റ്‌. ജാപ്പനീസ്‌ കമ്പനിയായ മിത്‌സുബിഷിയാണ്‌ ഉപഗ്രഹം നിർമിക്കുന്നത്‌. അടുത്ത സെപ്‌റ്റംബറിനു മുമ്പായി ഫ്‌ളോറിഡയിലെ കേപ്‌കനാവറിൽ നിന്ന് അമേരിക്കൻ കമ്പനിയായ സ്‌പേസ്‌എക്‌സ്‌ ആണ്‌ ഉപഗ്രഹം വിക്ഷേപിക്കുക.

സുഹൈൽ–2 ഭ്രമണപഥത്തിൽ (25.5 ഡിഗ്രി ഈസ്‌റ്റ്‌) എത്തുന്നതോടെ ഖത്തറിന്റെ ഉപഗ്രഹാധിഷ്‌ഠിത സേവനങ്ങൾ പൂർണമായി നിറവേറ്റാനാവും. മാത്രമല്ല, മധ്യപൂർവേഷ്യയും ഉത്തരാഫ്രിക്കയും ഉൾപ്പെട്ട മേനമേഖലയിൽ മുഴുവൻ ഡിടിഎച്ച്‌ സംപ്രേഷണം ലഭ്യമാക്കാൻ സുഹൈൽ 2–ന്റെ വിക്ഷേപണത്തോടെ സാധ്യമാകുമെന്നു സുഹൈൽസാറ്റ്‌ വാണിജ്യകാര്യ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടർ ഹമദ്‌ അൽമന്നായി പറഞ്ഞു.

ഖത്തറിന്റെ ആദ്യ ഉപഗ്രഹമായ സുഹൈൽ–1 2013 ഓഗസ്‌റ്റ്‌ 29നു ഫ്രഞ്ച്‌ ഗയാനയിൽനിന്ന്‌ ഏരിയൻ-5 റോക്കറ്റ്‌ ഉപയോഗിച്ചാണ്‌ വിക്ഷേപിച്ചത്‌. 2013 ഡിസംബർ 18 മുതൽ ഈ ഉപഗ്രഹത്തിന്റെ വാണിജ്യസേവനങ്ങൾ ലഭ്യമായി തുടങ്ങിയിരുന്നു. ആദ്യ ഉപഗ്രഹത്തെ അപേക്ഷിച്ച് സുഹൈൽ–2ന്‌ ഒരുപാടു സാങ്കേതിക മികവുകളുണ്ട്‌.

സുഹൈൽ ഒന്നിന്റെ ഇരട്ടി ഫ്രീക്വൻസി, ജാമിങ്‌ പ്രതിരോധ സംവിധാനം, ഇന്റർനെറ്റ്‌, കമ്യൂണിക്കേഷൻ സാങ്കേതികത വിപുലീകരിക്കാനാവശ്യമായ സംവിധാനങ്ങൾ, ഖത്തറിൽനിന്നു സംപ്രേഷണം ചെയ്യുന്ന ടിവി പരിപാടികൾ പന്ത്രണ്ട്‌ അറബ്‌ രാജ്യങ്ങളിലും തിരിച്ചും ലഭ്യമാക്കാനുള്ള ശേഷി എന്നിവയെല്ലാം ഇതിൽ പെടുന്നു. ടിവി പരിപാടികൾ സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ കെയു, കെഎ ബാൻഡ്‌ ട്രാൻസ്‌പോണ്ടറുകൾ ഉപഗ്രഹത്തിലുണ്ടാകും. ഇതിനു പുറമെ ഖത്തർ സർക്കാരിന്റെ സാങ്കേതികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ ലഭ്യമാക്കാനും സുഹൈൽ–2ന് ആവും. ബ്രസീൽ മുതൽ ഇന്ത്യവരെ ഭൂസ്‌ഥിര വാർത്താവിനിമയ സംവിധാനം ഒരുക്കാനും റേഡിയോ പ്രക്ഷേപണം സാധ്യമാക്കാനും കഴിയും.

സുഹൈൽ സാറ്റിന്റെ രൂപകൽപന 2014 ജൂലൈ 17ന് ആണ്‌ തുടങ്ങിയത്‌. ഉപഗ്രഹഘടകങ്ങൾ സംയോജിപ്പിക്കുന്ന ജോലിയാണ്‌ ഇപ്പോൾ നടക്കുന്നത്‌. നിർമാണം പൂർത്തിയായാലുടൻ ഭ്രമണപഥത്തിൽ വിവിധ കാലാവസ്‌ഥകളിൽ ഉപഗ്രഹം എങ്ങനെ പ്രതികരിക്കുമെന്നതു സംബന്ധിച്ച പരിശോധനകൾ നടക്കും. ഇതിനുശേഷമേ വിക്ഷേപണത്തീയതി പ്രഖ്യാപിക്കൂ. അതിനു മുൻപായി മിത്‌സുബിഷി ഇലക്‌ട്രോണിക്‌ കോർപറേഷൻ (മെൽകോ) ഖത്തറിലെ എൻജിനീയർമാർക്ക്‌ ഉപഗ്രഹത്തിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച പരിശീലനവും നൽകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.