Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭാവി വികസനത്തിൽ അധ്യാപകർക്ക്‌ വലിയ പങ്കെന്ന്‌ വിദ്യാഭ്യാസമന്ത്രി

qater

ദോഹ ∙ ഖത്തർ ദേശീയദർശനരേഖ 2030ൽ വിഭാവനം ചെയ്‌തിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഇളംതലമുറയെ സജ്‌ജരാക്കുന്നതിൽ അധ്യാപകർക്കു വലിയ പങ്ക്‌ വഹിക്കാനുണ്ടെന്ന്‌ വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ്‌ ബിൻ അബ്‌ദുൽ വാഹിദ്‌ അൽഹമ്മദി. ലോക അധ്യാപകദിനത്തോടനുബന്ധിച്ച്‌ കത്താറയിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി അടക്കം ഒട്ടേറെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

വിവരസാങ്കേതിക വിദ്യയടക്കം എല്ലാ ആധുനിക മാർഗങ്ങളും ഉപയോഗിച്ചു വിദ്യാഭ്യാസനിലവാരം ഉയർത്താൻ ഖത്തർ ഊർജിതശ്രമം നടത്തുകയാണ്‌. അമീർ ഷെയ്‌ഖ്‌ തമീം ബിൻ ഹമദ്‌ അൽതാനിയുടെ നേതൃത്വത്തിൽ, ആഗോളതലത്തിൽ വിദ്യാഭ്യാസ, അധ്യാപന മേഖലകളിലെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ്‌ ഖത്തർ മുന്നേറുന്നത്‌. ഇ-ടീച്ചിങ്‌ അടക്കം എല്ലാ ആധുനിക അധ്യാപനമാർഗങ്ങളും ഖത്തറിലെ വിദ്യാലയങ്ങളിൽ ഇന്നു ലഭ്യമാണ്‌. ഇത്‌ കൂടുതൽ ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോകും. വിദ്യാഭ്യാസത്തിൽ വിദ്യാർഥികൾക്കും സ്‌കൂൾ നേതൃത്വത്തിനും വലിയ പങ്കുണ്ട്‌. എങ്കിലും അധ്യാപകർക്കുള്ള പങ്കാണ്‌ ഏറ്റവും നിർണായകം.

2017-2022 കാലഘട്ടത്തിലേക്കുള്ള വിദ്യാഭ്യാസ പഞ്ചവത്സരപദ്ധതിയിൽ അധ്യാപനരംഗം അടിമുടി ആധുനികവൽക്കരിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അധ്യാപകദിനാഘോഷത്തിൽ പ്രധാനമന്ത്രി നേരിട്ടുപങ്കെടുക്കുന്നത്‌ ഖത്തർ വിദ്യാഭ്യാസമേഖലയ്‌ക്കു നൽകുന്ന പ്രാധാന്യമാണ്‌ വെളിപ്പെടുത്തുന്നതെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. കുട്ടികളുടെ സ്വഭാവവും പെരുമാറ്റവും മികച്ചതാക്കുന്നതിൽ രക്ഷിതാക്കൾക്കുള്ള അതേ പങ്കും ഉത്തരവാദിത്തവും അധ്യാപകർക്കുമുണ്ടെന്ന്‌ ഓർമിപ്പിക്കാനും ഡോ. അൽഹമ്മദി മറന്നില്ല.

100 അധ്യാപകരെ ആദരിച്ചു

ദോഹ ∙ ലോക അധ്യാപകദിനത്തോടനുബന്ധിച്ച്‌ കത്താറയിൽ സംഘടിപ്പിച്ച ചടങ്ങിൽ ഖത്തറിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള നൂറ്‌ മികച്ച അധ്യാപകരെ വിദ്യാഭ്യാസമന്ത്രി ആദരിച്ചു.

ഉന്നതവിദ്യാഭ്യാസവും മികച്ച പരിശീലനവും ലഭ്യമായ അധ്യാപകർക്കുമാത്രമേ ലോകത്തെവിടെയും അധ്യാപന നിലവാരം മെച്ചപ്പെടുത്താൻ കഴിയൂ എന്ന്‌ ചടങ്ങിൽ സംസാരിച്ച യുനെസ്‌കോയുടെ ദോഹ ഓഫിസിലെ വിദ്യാഭ്യാസ വിദഗ്‌ധ ഫര്യാൽ ഖാൻ ചൂണ്ടിക്കാട്ടി. ലോകമൊട്ടാകെ എല്ലാ കുട്ടികൾക്കും സ്‌കൂൾവിദ്യാഭ്യാസം ഉറപ്പാക്കാൻ അടുത്ത പതിനഞ്ചുവർഷത്തിനുള്ളിൽ പ്രൈമറി സ്‌കൂളുകളിൽ 2.44 കോടി അധ്യാപകരേയും ഹൈസ്‌കൂൾ തലത്തിൽ 4.44 കോടി അധ്യാപകരേയും അധികം വേണ്ടിവരുമെന്നും അവർ പറഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.