Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമേരിക്കൻ നിയമത്തെ അപലപിച്ച് ഖത്തർ

terror-qatar

ദോഹ ∙ യുഎസ് ഈയിടെ പാസാക്കിയ ജസ്‌റ്റ നിയമത്തെ (ജസ്‌റ്റിസ്‌ എഗെയ്‌ൻസ്‌റ്റ്‌ സ്‌പോൺസേഴ്‌സ്‌ ഓഫ്‌ ടെററിസം ആക്‌ട്‌) ഖത്തർ മന്ത്രിസഭായോഗം അപലപിച്ചു.

ജസ്‌റ്റ രാജ്യാന്തര നിയമങ്ങളുടെ ലംഘനവും മറ്റുരാജ്യങ്ങളുടെ പരമാധികാരാത്തിലുള്ള കൈകടത്തലുമാണെന്ന്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽചേർന്ന മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു. ഇത്തരം നിയമങ്ങൾ പാസാക്കുന്നതു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം അപകടകരമാംവിധം വഷളാക്കുമെന്നും ദൂരവ്യാപകവും പ്രതിലോമപരവുമായ പ്രത്യാഘാതങ്ങൾക്ക്‌ വഴിതെളിക്കുമെന്നും മന്ത്രിസഭായോഗം ചൂണ്ടിക്കാട്ടി.

ഭീകരാക്രമണം നടത്തുന്നവർ ഏതുരാജ്യത്തെ പൗരന്മാരാണോ ആ രാജ്യത്തുനിന്ന് ഇരകൾക്ക്‌ നഷ്‌ടപരിഹാരം ഈടാക്കാൻ ലക്ഷ്യമിട്ട്‌ ടെക്‌സസിൽ നിന്നുള്ള സെനറ്റർ കോമിൻ ജോൺ ജൂനിയറാണ്‌ ഈ നിയമം സഭയിൽ അവതരിപ്പിച്ചത്‌. ഈ നിയമം പാസാക്കുന്നത്‌ സൗദിയടക്കമുള്ള ഗൾഫ്‌ രാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കുമെന്നതിനാൽ യുഎസ്‌ പ്രസിഡന്റിന്റെ പ്രത്യേകാധികാരം ഉപയോഗിച്ച്‌ ബരാക്ക്‌ ഒബാമ വീറ്റോ ചെയ്‌തിരുന്നു. എന്നാൽ ഈ വീറ്റോയെ മറികടന്ന്‌ റിപ്പബ്ലിക്കൻ കക്ഷിക്ക്‌ ഭൂരിപക്ഷമുള്ള സെനറ്റ്‌ സെപ്‌റ്റംബർ 28ന്‌ നിയമം പാസാക്കുകയായിരുന്നു.

ജസ്‌റ്റ നിയമത്തിൽ സൗദി അറേബ്യയുടെ പേരോ സെപ്‌റ്റംബർ 11ലെ ഭീകരാക്രമണത്തെയോ കുറിച്ചോ പരാമർശിക്കുന്നില്ലെങ്കിലും ബിൽ കൊണ്ടുവന്നത്‌ സൗദിയിൽ നിന്ന്‌ നഷ്‌ടപരിഹാരം തേടാനാണെന്നത്‌ നേരത്തേ രാജ്യാന്തര തലത്തിൽ ചർച്ചയായിരുന്നു. ഈ നിയമമനുസരിച്ച്‌ ഭീകരാക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും മുറിവേറ്റവർക്കും നാശനഷ്‌ടമുണ്ടായവർക്കും ഭീകരരുടെ മാതൃരാജ്യത്തിനെതിരെ നഷ്‌ടപരിഹാര കേസ്‌ നൽകാം.

സെപ്‌റ്റംബർ 11 ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഉസാമ ബിൻലാദൻ സൗദി പൗരനായതിനാൽ സൗദിയാണ്‌ ഈ നിയമത്തിനെതിരെ ആദ്യം രംഗത്തുവന്നത്‌. തൊട്ടുപിന്നാലെ യുഎഇയും അതിശക്‌തമായി രംഗത്തുവന്നിരുന്നു. അമേരിക്കയുമായി അടുത്തബന്ധം പുലർത്തുമ്പോഴും ഖത്തറും നിയമത്തിനെതിരെ അതിശക്‌തമായാണ്‌ പ്രതികരിച്ചിരിക്കുന്നത്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.