Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ താരാ അക്ഷർ പദ്ധതിക്ക്‌ വൈസ്‌ അവാർഡ്‌

tara-akshar താരാ അക്ഷർ പദ്ധതി വൊളന്റിയർമാർ

ദോഹ ∙ ഉത്തരേന്ത്യൻ വനിതകൾക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന താരാ അക്ഷർ പദ്ധതി ഈവർഷത്തെ വൈസ്‌ (വേൾഡ്‌ ഇന്നവേഷൻ സമ്മിറ്റ്‌ ഫോർ എജ്യൂക്കേഷൻ) പുരസ്കാരത്തിനു തിരഞ്ഞെടുത്തു. ഖത്തർ ഫൗണ്ടേഷനു കീഴിൽ സാർവത്രിക വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ്‌ വൈസ്‌. താരാ അക്ഷർ അടക്കം ആറു രാജ്യാന്തര വിദ്യാഭ്യാസ പദ്ധതികളാണ്‌ ഈവർഷത്തെ വൈസ്‌ അവാർഡുകൾക്ക്‌ അർഹമായത്‌.

കാനഡ, യുഎസ്‌, ബൾഗേറിയ, സ്‌പെയിൻ എന്നീ രാജ്യങ്ങളിൽ കിന്റർഗാർടൻ മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കു ഗണിത പഠനം സുഗമമാക്കുന്ന ജംപ്‌ മാത്‌, ലബനൻ ആസ്‌ഥാനമായുള്ള എജ്യൂക്കേഷൻ ഫോർ ഗ്രോത്ത്‌ ആൻഡ്‌ വാല്യു ക്രിയേഷൻ, ബ്രസീലിയൻ വിദ്യാർഥികൾക്ക്‌ ഓൺലൈനിലൂടെയുള്ള ദേശീയ പരീക്ഷയ്‌ക്കു വ്യക്‌തിഗത പരിശീലനം നൽകുന്ന ജീക്കി, ബറൂണ്ടിയിൽ ലാപ്‌ടോപ്പും ടാബുകളും ഉപയോഗിച്ചു വിദ്യാഭ്യാസ പരിശീലനം നൽകുന്ന ഐഡിയാസ്‌ ബോക്‌സ്‌, ചാഡിൽ വീടുകൾ കേന്ദ്രീകരിച്ച്‌ അമേരിക്ക നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ലിറ്റിൽ റിപ്പിൾസ്‌ എന്നിവയാണ്‌ അവാർഡിനർഹമായ മറ്റു പദ്ധതികൾ. സമ്മാനത്തുക 20,000 യുഎസ്‌ ഡോളറാണ്‌. വിദ്യാഭ്യാസ മേഖലയിലെ കൺസൽറ്റന്റ്‌ ഫേം ആയ പാർതെനോൺ-ഇവൈയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ ഉൾപ്പെട്ട ജൂറിയും ചേർന്നാണ്‌ അവാർഡിന്‌ അർഹമായ പദ്ധതികൾ തിരഞ്ഞെടുത്തത്‌. കാനഡ, ലബനൻ, ബ്രസീൽ, ഫ്രാൻസ്‌, ഇന്ത്യ, യുഎസ്‌ എന്നീ രാജ്യങ്ങളിൽനിന്നുള്ള 15 പദ്ധതികളിൽ നിന്നാണ്‌ അന്തിമ വിജയികളെ കണ്ടെത്തിയത്‌.

വയോജന വിദ്യാഭ്യാസം, വനിതകൾക്കു വിദ്യാഭ്യാസത്തിലൂടെ തൊഴിലവസരങ്ങൾ ലഭ്യമാക്കൽ എന്നിവയ്‌ക്കു മുൻതൂക്കം നൽകുന്ന പദ്ധതികൾക്കാണ്‌ ഇത്തവണ ഊന്നൽ നൽകിയതെന്നു വൈസ്‌ അധികൃതർ വ്യക്‌തമാക്കി. ഡവലപ്‌മെന്റ്‌ അൾട്ടർനേറ്റിവ്‌ എന്ന സംഘടനയുടെ നേതൃത്വത്തിലാണ്‌ ഇന്ത്യയിൽ താരാ അക്ഷർ പദ്ധതി നടപ്പാക്കുന്നത്‌. വിവിധ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലായി 1,65,115 സ്‌ത്രീകൾക്കാണ്‌ താരാ അക്ഷർ പദ്ധതിയിലൂടെ അടിസ്‌ഥാന വിദ്യാഭ്യാസം ലഭ്യമായത്‌. ഇവരിൽ പലർക്കും ഉപജീവനമാർഗത്തിനുള്ള അവസരങ്ങളും ഒരുക്കിക്കൊടുത്തു. 2007 മുതലാണ് സംഘടന പ്രവർത്തനം തുടങ്ങിയത്. ബിഹാർ, ജാർഖണ്ഡ്, യുപി, ഹരിയാന, ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഗ്രാമീണ വനിതകൾക്കു വിദ്യാഭ്യാസം നൽകുകയാണു മുഖ്യദൗത്യം. ഇന്ത്യ കേന്ദ്രീകരിച്ചാണ്‌ പ്രവർത്തനമെങ്കിലും യുഎസിലും ശ്രീലങ്കയിലും താരാ അക്ഷറിനു വിദ്യാഭ്യാസ പദ്ധതികളുണ്ട്‌.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.