Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസിറ്റ് യാത്രക്കാർക്ക് സൗജന്യ വീസയും

visa

ദോഹ ∙ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ട്രാൻസിറ്റ് യാത്രക്കാർക്ക് ഇന്നുമുതൽ സൗജന്യ ട്രാൻസിറ്റ് വീസ. ഖത്തർ എയർവേയ്സ് യാത്രക്കാർക്കു മാത്രമാണ് ആനുകൂല്യം. വിമാനത്താവളത്തിൽ അഞ്ചു മണിക്കൂറിൽ കൂടുതൽ താമസമുണ്ടെങ്കിൽ ഏതു രാജ്യക്കാർക്കും നാലു ദിവസത്തേക്കു വീസ അനുവദിക്കും. സൗജന്യ ട്രാൻസിറ്റ് വീസയ്ക്കായി ഖത്തർ എയർവേയ്സ് ഓഫിസുകൾ വഴിയോ ഓൺലൈനായോ അപേക്ഷിക്കണമെന്ന് അധികൃതർ അറിയിച്ചു.

മുൻകൂർ അപേക്ഷിക്കാതെ വിമാനത്താവളത്തിൽനിന്ന് ട്രാൻസിറ്റ് വീസ നൽകുമെന്നാണു നേരത്തേ അറിയിച്ചിരുന്നതെങ്കിലും ഇതു പ്രാവർത്തികമായിട്ടില്ല. ജിസിസി, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ദോഹ വഴി പുറത്തേക്കു പോകുമ്പോൾ മാത്രമാണു സൗജന്യ ട്രാൻസിറ്റ് വീസ ലഭിക്കുക.

ട്രാൻസിറ്റ് വീസ ലഭിക്കണമെങ്കിൽ ദോഹയിൽ നിന്നുള്ള തുടർ യാത്രയ്ക്കായി ഖത്തർ എയർവേയ്സിൽ ടിക്കറ്റ് ഉറപ്പായിരിക്കണം. ട്രാൻസിറ്റ് വീസയ്ക്കായി അപേക്ഷിക്കുന്നവർക്കു കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്പോർട്ട് ആവശ്യമാണ്. യാത്രയ്ക്കു മൂന്നു മാസം മുൻപു മുതൽ ട്രാൻസിറ്റ് വീസയ്ക്കായി അപേക്ഷിക്കാം. യാത്രയ്ക്കു ഏഴു പ്രവൃത്തി ദിവസം മുൻപു വരെ മാത്രമാണ് അപേക്ഷ സ്വീകരിക്കുക. വീസ അനുവദിച്ചാൽ മൂന്നു മാസത്തേക്കു കാലാവധിയുണ്ട്. ഒറ്റത്തവണ പ്രവേശനത്തിനു മാത്രമാണു വീസ അനുവദിക്കുക. ട്രാൻസിറ്റ് വീസയുടെ പകർപ്പു യാത്രക്കാർ കൈവശം സൂക്ഷിക്കണം. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവു നൽകുന്ന നിർണായക തീരുമാനമാണിത്.

ഖത്തറിൽ സ്റ്റോപ്പ് ഓവർ പ്രോൽസാഹിപ്പിക്കുന്നതിനായി വിമാന നിരക്കുകളും ഉദാരമാക്കി പുനഃക്രമീകരിക്കുമെന്നു ഖത്തർ എയർവേയ്സ് അറിയിച്ചു. അധിക നിരക്കില്ലാതെ തന്നെ ദോഹയിൽ നാലു ദിവസം ചെലവഴിക്കാവുന്ന വിധത്തിലാണു രാജ്യാന്തര സർവീസുകൾ പുനഃക്രമീകരിക്കുക. നിലവിൽ വത്തിക്കാൻ ഉൾപ്പെടെ 38 രാജ്യങ്ങളിലുള്ളവർക്കു മാത്രമാണു മുൻകൂർ അപേക്ഷിക്കാതെ ഹമദ് വിമാനത്താവളത്തിലെത്തിയശേഷം ട്രാൻസിറ്റ് വീസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നത്. നൂറു റിയാലായിരുന്നു വീസ ഫീസ്. ഇതു സൗജന്യമാക്കിയിട്ടുണ്ട്. മുൻകൂർ അപേക്ഷിച്ചാൽ എല്ലാ രാജ്യക്കാർക്കും സൗജന്യ ട്രാൻസിറ്റ് വീസ ലഭിക്കുകയും ചെയ്യും.

പുതിയ ട്രാൻസിറ്റ് വീസ സംവിധാനംകൂടി വരുന്നതോടെ കൂടുതൽ പേർ ഖത്തർ സന്ദർശിക്കുമെന്നാണു പ്രതീക്ഷ. ഖത്തർ എയർവേയ്സിനും കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കാനാകും. ട്രാൻസിറ്റ് വീസ ഉദാരമാക്കുന്നതോടെ കൂടുതൽ വിനോദസഞ്ചാരികൾ ദോഹയിലിറങ്ങും. പ്രാദേശിക വിപണിക്കും ഹോട്ടൽ, ടൂറിസം മേഖലയ്ക്കും ഉണർവു പകരുന്നതാണു നടപടിയെന്ന് ഖത്തർ ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡവലപ്മെന്റ് ഓഫിസർ ഹസൻ അൽ ഇബ്രാഹിം പറ‍ഞ്ഞു. ഖത്തർ എയർവേയ്സ് ഹോളിഡേയ്സ് വിവിധ ടൂറിസ്റ്റ് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ഈ സൗകര്യവും ഉപയോഗിക്കാനാകുമെന്ന് അദ്ദേഹം പറ‍ഞ്ഞു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.