Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പക്ഷിപ്പനി: മുൻകരുതലുമായി നഗരസഭാ മന്ത്രാലയം

ദോഹ ∙ ഇറാഖിലും ലബനനിലും എച്ച്‌ 5 എൻ 1 വിഭാഗത്തിൽപ്പെട്ട പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ ഖത്തർ സാധ്യമായ എല്ലാ മുൻകരുതലും എടുത്തിട്ടുണ്ടെന്ന്‌ നഗരസഭ, പരിസ്‌ഥിതി മന്ത്രാലയം വ്യക്‌തമാക്കി. സൗദി അറേബ്യയിലും അബുദാബിയിലും രോഗം പടരുന്നതായി സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്‌. ഖത്തറിലെ മുഴുവൻ മൃഗങ്ങളെയും രാജ്യാന്തരനിലവാരത്തിലുള്ള വിശദപരിശോധനയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌.

മൃഗങ്ങളെ പരിപാലിക്കുന്നവരിലേക്കു രോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്‌തമാക്കി. ഈ വർഷം ഇതുവരെ പക്ഷിപ്പനിമൂലം മൂന്നു മരണം മാത്രമാണ്‌ ലോകാരോഗ്യസംഘടന സ്‌ഥിരീകരിച്ചത്‌. മൂന്നും ഈജിപ്‌തിൽ നിന്നാണ്‌. എന്നാൽ അടുത്തിടെ ഇറാഖിലും ലബനനിലും രോഗബാധ കണ്ടെത്തിയതായും ഇത്‌ മേഖലയ്‌ക്ക്‌ ഒട്ടാകെ ഭീഷണി ഉയർത്തുന്നുണ്ടെന്നും യുഎൻ ഭക്ഷ്യ, കാർഷിക സംഘടന വ്യക്‌തമാക്കിയിരുന്നു.

പനി പരത്തുന്ന പക്ഷികൾ ദേശാടനം നടത്തുന്ന കാലമാണെന്നതാണ്‌ ഭീഷണി ഉയർത്തുന്നത്‌. ചില മേഖലകളിലെ സൈനികസംഘർഷം പക്ഷികളുടെ കൂട്ടപ്പലായനത്തിനും ഇടയാക്കുന്നുണ്ട്‌. ജോർദാൻ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലാണ്‌ പക്ഷിപ്പനി പടരാൻ കൂടുതൽ സാധ്യത. സൗദിയും കുവൈത്തും ഭീഷണിയുടെ നിഴലിലാണ്‌. എന്നാൽ ശക്‌തമായ പ്രതിരോധ നടപടിയെടുക്കുന്ന ഖത്തറിൽ രോഗബാധയ്‌ക്കുള്ള സാധ്യത തീരെ കുറവാണെന്നും യുഎൻ ഭക്ഷ്യ, കാർഷിക സംഘടന പറയുന്നു.

വേണം കരുതലുകൾ

∙ കടുത്ത പനി, തൊണ്ടവേദന, ചുമ, കഫക്കെട്ട്‌, പേശീവേദന, ഉദരവേദന, നെഞ്ചുവേദന, വയറിളക്കം എന്നിവയൊക്കെയാണ്‌ രോഗലക്ഷണങ്ങൾ.

∙ രോഗം പെട്ടെന്നുതന്നെ ശ്വാസകോശങ്ങളെ ബാധിക്കുകയും കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ മാരകമായി മാറുകയും ചെയ്യും.

∙ ഇൻഫ്ളുവൻസ വിഭാഗത്തിൽപ്പെട്ട വൈറസുകളാണ്‌ രോഗബാധയുണ്ടാക്കുന്നത്‌.

∙ പക്ഷിമൃഗാദികളിൽ നിന്നു മനുഷ്യരിലേക്കു രോഗം പടരുന്നതുപോലെ മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക്‌ പക്ഷിപ്പനി എളുപ്പം പടരാറില്ല.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.