Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുനെസ്കോ അധ്യക്ഷ സ്ഥാനത്തേക്ക് അല്‍ കുവാരിക്ക് കരീബിയൻ പിന്തുണ

unesco

ദോഹ ∙ യുനസ്‌കോയുടെ ഡയറക്ടർ ജനറൽ പദവിയിലേക്കു മൽസരിക്കുന്ന ഖത്തറിന്റെ ഡോ. ഹമദ് ബിൻ അബ്ദുൽ അസീസ് അൽ കുവാരിക്ക് കരീബിയൻ സമൂഹത്തിന്റെ പിന്തുണ. ഔദ്യോഗിക സന്ദർശനാർഥം ഖത്തറിലെത്തിയ ആന്റ്വിഗ ആൻഡ് ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗണാണു കരീബിയൻസിന്റെ പിന്തുണ പ്രഖ്യാപിച്ചത്.

ഗാസ്റ്റൺ കഴിഞ്ഞദിവസം ഡോ. അൽ കുവാരിയുമായി ചർച്ച നടത്തിയിരുന്നു. ഇതിനുമുമ്പായി മാധ്യമങ്ങളോടു സംസാരിക്കവെയാണു കരീബിയൻസിന്റെ പിന്തുണ അറിയിച്ചത്. ഏതു സ്ഥാനാർഥിക്കായിരിക്കണം കരീബിയൻ ഗ്രൂപ്പ് പിന്തുണ നൽകേണ്ടതെന്നു തീരുമാനിക്കാൻ ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ഫെഡറേഷൻ ഓഫ് സെയ്ന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, റിപ്പബ്ലിക്ക് ഓഫ് ട്രിനിഡാഡ് ആൻഡ് ടുബാഗോ, റിപ്പബ്ലിക്ക് ഓഫ് ഹെയ്ത്തി, മറ്റു കരീബിയൻ കമ്യൂണിറ്റികൾ എന്നിവ ഗാസ്റ്റൺ ബ്രൗണിനെ ചുമതലപ്പെടുത്തിയിരുന്നു.

യുനസ്‌കോ ഡയറക്ടർ ജനറൽ പദവിയിലേക്ക് ഏറ്റവും ശക്തമായ മത്സരാർഥിയായ ഡോ. അൽ കുവാരിയെ പിന്തുണയ്ക്കാൻ കരീബിയൻ ഗ്രൂപ്പ് നേരത്തെതന്നെ തീരുമാനിച്ചതായും ഗാസ്റ്റിൻ ബ്രൗൺ പറഞ്ഞു. അൽ കുവാരിയുടെ പ്രചാരണപരിപാടികൾ മികച്ചതാണെന്നും കരീബിയൻ, ആഫ്രിക്കൻ മേഖലകൾക്കും ലോകത്തെ മറ്റു രാജ്യങ്ങൾക്കും അദ്ദേഹം നൽകുന്ന പ്രത്യേക പ്രാധാന്യം പരാമർശമർഹിക്കത്തക്കതാണെന്നും ബ്രൗൺ ചൂണ്ടിക്കാട്ടി.

അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ യുനസ്‌കോയ്ക്ക് പുതിയ തുടക്കം നൽകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ബ്രൗൺ കൂട്ടിച്ചേർത്തു. കരീബിയൻ സമൂഹത്തിന്റെ പിന്തുണ ലഭിച്ചതിൽ അത്യധികമായ സന്തോഷമുണ്ടെന്നു ഡോ.അൽ കുവാരി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ലോകരാജ്യങ്ങളുടെ പിന്തുണ സമാഹരിക്കുന്നതിന്റെ ഭാഗമായി ഡോ. അൽ കുവാരി ഇറ്റലി, ഉഗാണ്ട ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ജിസിസി നേരത്തെതന്നെ പിന്തുണ അറിയിക്കുകയും ജിസിസി നോമിനിയായിട്ടായിരിക്കും മത്സരിക്കുകയെന്നും വ്യക്തമാക്കിയിരുന്നു.

അമീരി ദിവാനിലെ സാംസ്‌കാരിക ഉപദേഷ്ടാവാണു നിലവിൽ ഡോ.അൽകുവാരി. ബൾഗേറിയയുടെ ഇറിന ബൊകോവയുടെ പിൻഗാമിയായി യുനസ്‌കോ ഡയറക്ടർ ജനറൽ സ്ഥാനത്തേക്ക് 2017ലാണ് തിരഞ്ഞെടുപ്പ്.  ഇദ്ദേഹം യുനെസ്‌കോ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടാൽ ആ തസ്തികയിലേക്കു നിയമിതനാകുന്ന ആദ്യത്തെ അറബ് വ്യക്തിത്വമാകും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.