Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്ലാ വിഭജനം; നടപടി കർശനമാക്കി നഗരസഭ

ദോഹ ∙ അനധികൃതമായി വില്ല വിഭജിച്ചു കൂടുതൽ താമസക്കാർക്കു നൽകുന്നതിനെതിരെ നടപടി ശക്തമാക്കിയതായി നഗരസഭ. ഈ മാസം നടത്തിയ പരിശോധനയിൽ ഒട്ടേറെ വില്ല വിഭജന ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഈ മാസം ആദ്യ പകുതിയിൽ കെട്ടിട നിയമം ലംഘിച്ചതായി കണ്ടെത്തിയ 26 സംഭവങ്ങളിൽ 12ഉം അനധികൃത വില്ല വിഭജനങ്ങളായിരുന്നു. കഴിഞ്ഞ മാസം 13 വില്ല വിഭജന നിയമലംഘനങ്ങൾ പിടികൂടിയിരുന്നു.

വില്ല വിഭജിച്ചു കൂടുതൽ താമസക്കാർക്കായി നൽകുന്നത് സുരക്ഷയ്ക്കു ഭീഷണിയാണെന്നു ദോഹ നഗരസഭ ടെക്നിക്കൽ മോണിട്ടറിങ് വകുപ്പ് ഡയറക്ടർ ഇബ്രാഹിം അബ്ദുല്ല അൽ ഹറാമി ‘ദ് പെനിൻസുല’ യ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ജല, വൈദ്യുതി ഉപഭോഗത്തിലും പാർക്കിങ്ങിലും ഇതു ബുദ്ധിമുട്ടുകളുണ്ടാക്കും. നജ്മ, ഉംഗുവൈലിന, ഓൾഡ് എയർപോർട്ട് ഭാഗത്താണ് വില്ലകളിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നതായി കണ്ടെത്തിയത്.

അനധികൃത വില്ല വിഭജനത്തിന് കെട്ടിട ഉടമയും നടത്തിപ്പുകാരനും കുറ്റക്കാരാണ്. അനധികൃതമായി നടത്തിയ നിർമാണ പ്രവർത്തനത്തിന് ഓരോ മീറ്ററിനും 400 റിയാൽ വീതം ഉടമ പിഴയടയ്ക്കണം. കുറ്റം വീണ്ടും ആവർത്തിക്കുകയാണെങ്കിൽ കെട്ടിട ഉടമയെ കരിമ്പട്ടികയിൽ പെടുത്തുകയും പുതിയ കെട്ടിട നിർമാണ പെർമിറ്റുകൾ തടയുകയും ചെയ്യും. കെട്ടിടം പഴയ പടിയാക്കുന്നതു വരെ നിയമനടപടികൾ തുടരും. നടത്തിപ്പുകാരന് പതിനായിരം മുതൽ ഒരു ലക്ഷം റിയാൽ വരെയാണു പിഴ.

വില്ലയിൽ കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നു കണ്ടെത്താൻ നഗരസഭ പരിശോധകർക്ക് ഒട്ടേറെ മാർഗങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയൽവാസികളുടെ പരാതിയും ലഭിക്കാറുണ്ട്. തുടർന്നു വില്ല പരിശോധിക്കാനായി പബ്ളിക് പ്രോസിക്യൂഷനിൽ നിന്ന് നഗരസഭ അനുമതി തേടും. 15 ദിവസത്തേക്കാണ് പബ്ളിക് പ്രോസിക്യുഷൻ പരിശോധന അനുമതി നൽകുന്നത്. പൊലീസിന്റെ സഹായത്തോടെയാണു വില്ലകളിൽ പരിശോധന നടത്തുക.

കുടുംബ പാർപ്പിട മേഖലയിൽ തൊഴിലാളികളെ താമസിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം പരാതികളും നഗരസഭയ്ക്കു ലഭിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളുടെ കയ്യേറ്റമാണ് മറ്റൊരു പ്രധാന നിയമലംഘനം. മൂവായിരം മുതൽ ആറായിരം റിയാൽ വരെയാണു പിഴ. അനധികൃത കയ്യേറ്റം കെട്ടിട ഉ‍ടമയുടെ ചെലവിൽ ഒഴിപ്പിക്കുകയും ചെയ്യും.

ഈ മാസം ഇത്തരം മൂന്നു കേസുകൾ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. എന്നാൽ ചില പ്രത്യേക അവസരങ്ങളിൽ രണ്ടു മീറ്റർ വരെ പൊതുസ്ഥലം താൽക്കാലികമായി നഗരസഭ അനുവദിക്കാറുണ്ട്. സ്ഥലക്കുറവു മുൻനിർത്തിയാണിത്. ഇതിനു നഗരസഭയിൽ നിന്നു മുൻകൂർ അനുമതി വേണം. മുൻകൂർ അനുമതിയും മതിയായ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്താതെ ഭൂമി കുഴിക്കുന്നതും കുറ്റകരമാണ്. പത്തു നിയമലംഘനങ്ങളാണ് ഈ മാസം കണ്ടെത്തിയത്.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.