Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വകാര്യ കമ്പനികൾക്ക്‌ വേഗത്തിൽ വീസ ലഭ്യമാക്കുമെന്ന്‌ പ്രധാനമന്ത്രി

visa

ദോഹ ∙ സ്വകാര്യ കമ്പനി ജീവനക്കാർക്കു വീസ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്നു പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി. ഖത്തറിലെ പ്രമുഖ കമ്പനി ചെയർമാൻമാരുമായി ഷെറാട്ടൺ ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണു പ്രധാനമന്ത്രി ഇക്കാര്യം വ്യക്‌തമാക്കിയത്‌. മന്ത്രിമാരും ഒട്ടേറെ ഉന്നത ഉദ്യോഗസ്‌ഥരും വ്യവസായ പ്രമുഖരുടെ സമ്മേളനത്തിൽ പങ്കെടുത്തു.

ടൂറിസ്‌റ്റ്‌, ട്രാൻസിറ്റ്‌ വീസകൾ ഖത്തർ അടുത്തിടെ ഉദാരമാക്കിയിരുന്നു. അതിനു പിന്നാലെയാണ് സ്വകാര്യകമ്പനികൾക്കുള്ള വീസകളും ഉദാരമാക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്‌. ദേശീയ സമ്പദ്‌വ്യവസ്‌ഥ ശക്‌തിപ്പെടുത്തുന്നതിൽ ഊർജിതപങ്കാണു സ്വകാര്യമേഖലയ്‌ക്കുള്ളത്‌. അതിനാൽ സ്വകാര്യമേഖലയ്‌ക്കു മെച്ചപ്പെട്ട പ്രവർത്തനസാഹചര്യവും നിക്ഷേപ, വികസനാവസരവും ഒരുക്കാൻ സർക്കാർ പ്രതിജ്‌ഞാബദ്ധമാണ്‌.

ഇതിനാവശ്യമായ നിയമനിർമാണം നടത്തിവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയ്‌ക്കു ഖത്തറിലെ സാമ്പത്തിക പ്രക്രിയകളിലെല്ലാം പങ്കാളികളാകാൻ കഴിയുംവിധം നടപടികൾ ലഘൂകരിക്കാൻ സർക്കാർ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്‌. ടൂറിസ്‌റ്റ്‌ വീസാ, ട്രാൻസിറ്റ്‌ വീസകൾ ലഘൂകരിച്ചതടക്കം ഈ സമിതി ഓരോരോ നടപടികൾ കൈക്കൊണ്ടുവരികയാണ്‌. ഖത്തറിലെ തൊഴിൽകമ്പോളം കൂടുതൽ കരുത്തുറ്റതാക്കാനാണു സ്വകാര്യകമ്പനികൾക്കുള്ള വീസാ നടപടികൾ ലഘൂകരിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഖത്തറിലെ വ്യാപാര, വ്യവസായ ശാക്‌തീകരണത്തിനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും കൂടുതൽ ആഭ്യന്തര, വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും യോഗം ചർച്ചചെയ്‌തു. ഇതിനായി സ്വകാര്യമേഖലയുടെയും സർക്കാരിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു സംയുക്‌തസമിതി രൂപീകരിക്കാൻ അനുവാദം നൽകി. ഈ സമിതി പ്രധാനമന്ത്രിക്കായിരിക്കും പരിഹാരനിർദേശ റിപ്പോർട്ട്‌ സമർപ്പിക്കുക.

അടുത്തവർഷം കൂടുതൽ ദേശീയ പദ്ധതികൾ

ദോഹ ∙ അടുത്തവർഷം കൂടുതൽ പദ്ധതികൾ സർക്കാർ നടപ്പാക്കുമെന്നും അതു രാജ്യത്തിന്റെ വളർച്ചയ്‌ക്ക്‌ ആക്കംകൂട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, 2022ലെ ഫിഫ ലോകകപ്പ്‌ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്കാണ്‌ അടുത്ത ബജറ്റിൽ കൂടുതൽ തുകവകയിരുത്തുക. അടുത്ത ബജറ്റിൽ പ്രഖ്യാപിക്കുന്ന പദ്ധതികൾ മൂന്നുവർഷംകൊണ്ടാണു പൂർത്തീകരിക്കുക. അതിനാൽ 2020വരെ ഖത്തറിന്‌ ഊർജിത സാമ്പത്തികവളർച്ചയുണ്ടാകും.

ഇതിനൊപ്പം 2017-2022 പഞ്ചവത്സര പദ്ധതിക്കും സർക്കാർ അന്തിമരൂപം നൽകിവരികയാണ്‌. സ്വകാര്യമേഖലയുമായി സഹകരിച്ചാവും പഞ്ചവത്സരപദ്ധതി നടപ്പാക്കുക. 2030ലേക്കുള്ള ദേശീയദർശനരേഖയിൽ വിഭാവനം ചെയ്‌തിരിക്കുന്നതുപോലെ തന്ത്രപ്രധാനമേഖലകളുടെ വികസനത്തിനാണ്‌ അടുത്ത പഞ്ചവത്സരപദ്ധതിയിൽ ഊന്നലെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

ഈവർഷം ജൂൺവരെ 5,600 കോടി റിയാലാണ്‌ വിവിധപദ്ധതികൾക്കായി സർക്കാർ ചെലവിട്ടത്‌. ഓഗസ്‌റ്റ്‌, സെപ്റ്റംബർ മാസങ്ങളിലായി 1,600 കോടി റിയാലിന്റെ കരാറുകൾ ഒപ്പിടുകയും ചെയ്‌തതായി പ്രധാനമന്ത്രി അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.