Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ്: ഒരുങ്ങുന്നു പരിശീലനക്കളങ്ങളും

football

ദോഹ ∙ ലോകകപ്പ് ഫുട്ബോളിനായി എട്ടു പ്രധാന സ്റ്റേഡിയങ്ങളുടെ നിർമാണം വിവിധ ഘട്ടത്തിലെത്തി നിൽക്കെ പരിശീലന ഗ്രൗണ്ടുകൾ സജ്ജീകരിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ലോകകപ്പിനായി മൽസരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾക്കു പുറമേ ഒട്ടേറെ പരിശീലന ഗ്രൗണ്ടുകൾ ആവശ്യമുണ്ട്. ഓരോ ടീമിനും പരിശീലനത്തിനായി സൗകര്യങ്ങൾ വേണം. സ്റ്റേഡിയം ഒരുക്കുന്നതുപോലെ തന്നെ പ്രധാനമാണു പരിശീലന സൗകര്യം ഏർപ്പെടുത്തുക എന്നതും. ഇതിനായുള്ള ഒരുക്കങ്ങളാണു പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവെറി ആൻ‍ഡ് ലെഗസിയുടെ നേതൃത്വത്തിൽ ആരംഭിച്ചത്.

പരിശീലന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള പ്രോജക്ട് മാനേജ്മെന്റ് സർവീസ് നൽകുന്നതിന് പ്രാദേശിക കൺസൽറ്റൻസി കമ്പനികളിൽനിന്ന് സുപ്രീം കമ്മിറ്റി ടെൻഡർ ക്ഷണിച്ചു. നിലവിലുള്ള കായിക സൗകര്യങ്ങളും ഗ്രൗണ്ടുകളും ഫിഫ മാനദണ്ഡപ്രകാരം മെച്ചപ്പെടുത്തുന്നതിനും ടീം ബെയ്സ് ക്യാംപ് ട്രെയ്നിങ് സൈറ്റുകൾ നിർമിക്കുന്നതിനുമാണു കരാർ.

ലോകകപ്പിനായി ഒരുങ്ങുന്ന എട്ടു സ്റ്റേഡിയങ്ങളിൽ അഞ്ചെണ്ണം നിർമാണ ഘട്ടത്തിലാണ്. ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയം ഉൾപ്പെടെ മറ്റു മൂന്നു സ്റ്റേഡിയങ്ങൾ ഡിസൈൻ ഘട്ടത്തിലാണ്. ഇതിന്റെ സ്ഥലം ഒരുക്കങ്ങൾ വരുന്ന മാസങ്ങളിൽ നടക്കും. അടുത്ത വർഷം പകുതിയോടെ എല്ലാ സ്റ്റേഡിയങ്ങളും നിർമാണ ഘട്ടത്തിൽ എത്തിക്കണമെന്നാണു സുപ്രീം കമ്മിറ്റിയുടെ ഷെഡ്യൂൾ.

ഖലീഫ സ്റ്റേഡിയത്തിന്റെ പണി അന്തിമ ഘട്ടത്തിലാണ്. 2019ലെ ലോക അത്‌ലറ്റിക്സിനുകൂടി വേദിയായതിനാൽ അടുത്തവർഷം അവസാനത്തോടെ സ്റ്റേഡിയം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. മേൽക്കൂര നിർമാണമാണ് ഇനി പ്രധാന പണി.

വക്ര സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാർ ചുമതലയേറ്റു കഴിഞ്ഞു. 2018 നാലാം പാദത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് സബ് സ്ട്രക്ചർ ജോലികളാണ് പുരോഗമിക്കുന്നത്. ഈവർഷം അവസാനത്തോടെ അടിത്തറയിൽ നിന്നുള്ള നിർമാണ ജോലികൾ പ്രധാന കരാറുകാരനു തുടങ്ങാനാകും. മിഡ്മാക്–പോർ ഖത്തർ സംയുക്ത സംരംഭമാണു പ്രമുഖ വാസ്തുശിൽപിയായ സഹാ ഹാദിദ് ഡിസൈൻ ചെയ്ത വക്ര സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാർ.

റയ്യാൻ സ്റ്റേഡിയം നിർമിക്കുന്നത് ഇന്ത്യൻ കമ്പനിയായ എൽ ആൻഡ് ടിയും ഖത്തരി കമ്പനിയായ അൽ ബലാഗ് കമ്പനിയും ചേർന്ന സംയുക്ത സംരംഭമാണ്. 2019ൽ പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. പ്രമുഖ ഡിസൈൻ കമ്പനിയായ പാറ്റേണും റാംബോളും രൂപകൽപന ചെയ്ത സ്റ്റേഡിയത്തിന് ലോക സ്റ്റേഡിയം കോൺഗ്രസിൽ ഡിസൈൻ പുരസ്കാരം ലഭിച്ചിരുന്നു.

ഖത്തർ ഫൗണ്ടേഷൻ സ്റ്റേഡിയത്തിന്റെ പ്രധാന കരാറുകാരായി സൈപ്രസ് കേന്ദ്രമായുള്ള ജോവാനൗ ആൻഡ് പരസ്കിവൈഡെസ് (ജെ ആൻഡ് പി), ജെ ആൻഡ് പി അവാക്സ്, കോൺസ്പെൽ ഖത്തർ എന്നിവയുടെ സംയുക്ത സംരംഭത്തെ നിയോഗിച്ചു. ഇവർ വൈകാതെ നിർമാണചുമതല ഏറ്റെടുക്കും.

ഡിസൈൻ ഘട്ടത്തിൽ മൂന്നു സ്റ്റേഡിയങ്ങൾ

ലുസൈൽ സ്റ്റേഡിയം, റാസ് അബു അബൗദ്, തുമാമ സ്റ്റേഡിയങ്ങളാണു ഡിസൈൻ ഘട്ടത്തിലുള്ളത്. ലുസൈൽ സ്റ്റേഡിയത്തിന്റെ നിർമാണം ഡിസംബറിൽ ആരംഭിക്കാനാണു ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രധാന കരാറുകാർക്കായി ടെൻഡർ ക്ഷണിച്ചിരുന്നു. പ്രമുഖ ബ്രിട്ടീഷ് ആർക്കിടെക്ട് ഗ്രൂപ്പായ ഫോസ്റ്റർ ആൻഡ് പാട്നേഴ്സിനാണു ഡിസൈൻ ചുമതല. സൈറ്റ് ഓഫിസുകൾ നിർമിക്കുന്നതുൾപ്പെടെ പ്രാഥമിക ജോലികൾ കഴിഞ്ഞ വർഷം തന്നെ ആരംഭിച്ചിരുന്നു.

റാസ് അബു അബൗദിൽ നിർമിക്കുന്ന സ്റ്റേഡിയത്തിന്റെ ഡിസൈൻ പോപ്പുലസാണു തയാറാക്കുന്നത്. ലോകത്തിലെ പ്രമുഖ സ്റ്റേഡിയങ്ങൾ രൂപകൽപന ചെയ്ത കമ്പനിയാണിത്. വെസ്റ്റ്ബേയുടെ എതിർവശത്തായി കടലോരത്താണു സ്റ്റേഡിയം നിർമിക്കുക.

അൽ തുമാമ സറ്റേഡിയത്തിന്റെ ഡിസൈൻ ഖത്തറിലെ ഏറ്റവും പഴക്കമുള്ള ആർക്കിടെക്ചർ എൻജിനീയറിങ് കമ്പനിയായ അറബ് എൻജിനീയറിങ് ബ്യൂറോ (എഇബി)യാണു തയാറാക്കുന്നത്. ലോകകപ്പിനായി നിർമിക്കുന്ന സ്റ്റേഡിയങ്ങളിൽ ഖത്തരി കമ്പനി ഡിസൈൻ ചെയ്യുന്ന ഏക സ്റ്റേഡിയമെന്ന പ്രത്യേകതയും തുമാമയ്ക്കുണ്ട്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.