Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകകപ്പ് യോഗ്യത ലക്ഷ്യമിട്ട് ഖത്തർ–ചൈന മത്സരം ഇന്ന്

qatar-china

ദോഹ ∙ റഷ്യൻ ലോകകപ്പ് ഏഷ്യൻ യോഗ്യതാ മൂന്നാം റൗണ്ടിൽ ഖത്തറിന് ഇന്നു നിർണായക ദിനം. യോഗ്യത നേടാനുള്ള നേരിയ അവസരത്തിനുള്ള അവസാന ശ്രമമാണ് ഇന്നു ചൈനയ്ക്കെതിരായ മത്സരം. ജയിക്കാനായില്ലെങ്കിൽ 2018 ലോകകപ്പ് എന്ന സ്വപ്നം ഖത്തറിനു മറക്കാം. ചൈനയിലെ കുൺമിങ്ങിൽ ഖത്തർ സമയം 2.35ന് ആണു മത്സരം. ഒരു പോയിന്റ് മാത്രമുള്ള ചൈനയ്ക്കും ഇതു മരണക്കളിയാണ്. തുടർച്ചയായ മൂന്നു പരാജയങ്ങൾക്കൊടുവിൽ സിറിയയ്ക്കെതിരെ നേടിയ വിജയത്തിലൂടെ മൂന്നു പോയിന്റു മാത്രമാണു ഖത്തറിനു സ്വന്തം. ഖത്തറിനെക്കാൾ മോശം അവസ്ഥയിലാണു ചൈന. ഒരു സമനിലയും മൂന്നു തോൽവിയുമായി ഒരു പോയിന്റാണു ചൈനയ്ക്കുള്ളത്.

ഗ്രൂപ്പ് എയിലെ അവസാന രണ്ടു സ്ഥാനക്കാർ തമ്മിലുള്ള മത്സരമാണെങ്കിലും യോഗ്യതയ്ക്കുള്ള അവസാന പിടിവള്ളി എന്ന നിലയ്ക്കു മത്സരം ശ്രദ്ധനേടും. മൂന്നാം റൗണ്ടിൽനിന്നു നേരിട്ടു യോഗ്യത നേടണമെങ്കിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തണം. ഗ്രൂപ്പിൽ അഞ്ചാം സ്ഥാനത്തു നിൽക്കുന്ന ഖത്തറിന് ഇത് അസാധ്യമാണ്. എന്നാൽ മൂന്നാം സ്ഥാനത്തെത്തിയാൽ പ്ലേ ഓഫ് കളിച്ചു യോഗ്യത നേടാം. ഇതിലേക്കു വഴിതുറക്കുമോ എന്ന് ഇന്നറിയാം. ആറു രാജ്യങ്ങളുള്ള ഗ്രൂപ്പ് എ യിൽ നാലു മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ മൂന്നു വിജയവും ഒരു സമനിലയുമായി പത്തു പോയിന്റോടെ ഇറാനാണ് ഒന്നാമത്. മൂന്നു വിജയവും ഒരു തോൽവിയുമായി ഉസ്ബക്കിസ്ഥാൻ രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്തുള്ള കൊറിയയ്ക്കു രണ്ടു വിജയവും ഒരു തോൽവിയും ഒരു സമനിലയുമായി ഏഴു പോയിന്റ്. നാലാം സ്ഥാനത്തുള്ള സിറിയയ്ക്ക് ഒരു വിജയവും ഒരു സമനിലയും രണ്ടു തോൽവിയുമായി നാലു പോയിന്റ്. പുതിയ പരിശീലകൻ ജോർജ് ഫൊസാറ്റിക്കും ഇന്നത്തെ വിജയം നിർണായകമാണ്.

യോഗ്യതാമത്സരങ്ങളുടെ മൂന്നാം റൗണ്ടിൽ തുടർച്ചയായ രണ്ടു തോൽവികളെത്തുടർന്നാണു ഖത്തർ ടീമിന്റെ മുൻ പരിശീലകൻ ജോസ് ഡാനിയൽ കരാനോയെ സെപ്റ്റംബറിൽ പുറത്താക്കിയത്. പകരമാണു ഫൊസാറ്റിയെ നിയമിച്ചത്. ചൈനയും പുതിയ പരിശീലകന്റെ കീഴിലാണ് ഇന്നു കളിക്കുന്നത്. തുടർച്ചയായ പരാജയത്തെത്തുടർന്നു പഴയ പരിശീലകനെ മാറ്റി പ്രശസ്ത കോച്ച് മാർസെല്ലോ ലിപ്പിയെ നിയമിച്ചിരുന്നു. 2022 ലോകകപ്പ് ആതിഥേയരെന്ന നിലയിൽ ഖത്തറിനു കളിക്കാം. എന്നാൽ അതിനു മുൻപ് യോഗ്യതാ മത്സരങ്ങൾ വിജയിച്ചു 2018 ലോകകപ്പിൽ കളിക്കണമെന്നാണു ഖത്തറിന്റെ സ്വപ്നം.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.