Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമാപ്പ്: 68 ഇന്ത്യ‌ക്കാർക്ക് യാത്രാ രേഖകളായി

ദോഹ ∙ കഴിഞ്ഞമാസം ഖത്തർ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചശേഷം രാജ്യത്തിനു പുറത്തു പോകാൻ ഇന്ത്യൻ എംബസി അടിയന്തര യാത്രാരേഖകൾ നൽകിയത് 68 ഇന്ത്യക്കാർക്ക്. 18 പേർക്ക് വിമാന ടിക്കറ്റും നൽകി. പൊതുമാപ്പ് പ്രഖ്യാപിച്ചതു കൊണ്ടാണു ഇത്തവണ കൂടുതൽ പേർ അടിയന്തര യാത്രാരേഖകൾക്കായി എംബസിയെ സമീപിച്ചത്. ഓഗസ്റ്റിൽ 44 പേർക്കാണു അടിയന്തര യാത്രാരേഖകൾ നൽകിയത്.

സെപ്റ്റംബർ ഒന്നു മുതൽ ഡിസംബർ ഒന്നുവരെ മൂന്നു മാസത്തേക്കാണു അനധികൃത താമസക്കാർക്കായി ഖത്തർ സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചത്.

ഡീപ്പോർട്ടേഷൻ സെന്ററിൽ നിലവിൽ 77 ഇന്ത്യക്കാരണുള്ളതെന്നും ഇന്നലെ ഇന്ത്യൻ എംബസിയിൽ നടന്ന ഓപ്പൺ ഹൗസിൽ അധികൃതർ അറിയിച്ചു. വിവിധ കുറ്റങ്ങൾക്കായി ശിക്ഷിക്കപ്പെട്ട 139 ഇന്ത്യക്കാരാണു സെൻട്രൽ ജയിലിലുള്ളത്. എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ജയിലും ഡീപ്പോർട്ടേഷൻ സെന്ററും സന്ദർശിച്ച് അന്തേവാസികളുടെ ക്ഷേമം അന്വേഷിച്ചിരുന്നു. ഈ വർഷം ഇതുവരെ 3017 പരാതികൾ ലഭിച്ചതായി ഓപ്പൺ ഹൗസിൽ അറിയിച്ചു. സെപ്റ്റംബർ മാസം 22 ഇന്ത്യക്കാരാണു ഖത്തറിൽ മരിച്ചത്. ഇതോടെ ഈ വർഷം മരിച്ചവരുടെ എണ്ണം 203 ആയി.

ഓപ്പൺ ഹൗസിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് അറോറ, ഐസിബിഎഫ് പ്രസിഡന്റ് അരവിന്ദ് പാട്ടീൽ, എംബസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഐസിബിഎഫിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മെഡിക്കൽ കമ്മിഷനിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാംപ് സ‍ഞ്ജീവ് അറോറ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കമ്മിഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ്, വെൽകെയർ ഫാർമസി എന്നിവയുടെ സഹകരണത്തോടെയാണു താഴ്ന്ന വരുമാനക്കാർക്കായി മെഡിക്കൽ ക്യാംപ് നടത്തിയത്. 1200 തൊഴിലാളികൾ ക്യാംപിൽ പങ്കെടുത്തതായി ഐസിബിഎഫ് അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.