Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ തൊഴിൽ, താമസാനുമതി നിയമം: ബോധവൽക്കരണ ക്യാംപെയ്ൻ ഈയാഴ്ചമുതൽ

work

ദോഹ ∙ ഡിസംബറിൽ നടപ്പാക്കുന്ന പുതിയ തൊഴിൽ, താമസാനുമതി നിയമത്തിനു മുന്നോടിയായി രണ്ടു മാസം നീളുന്ന ബോധവൽക്കരണ ക്യാംപെയ്ന് ഈയാഴ്ച തുടക്കംകുറിക്കും. പുതിയ തൊഴിൽ നിയമത്തെക്കുറിച്ചു വിശദീകരിക്കാൻ ആഭ്യന്തരമന്ത്രാലയം, തൊഴിൽ – സാമൂഹികകാര്യ – ഭരണനിർവഹണ വികസന മന്ത്രാലയം എന്നിവയുടെ നേതൃത്വത്തിലാണു ബോധവൽക്കരണ പരിപാടികൾ നടത്തുന്നത്. 2015ലെ 21–ാം നമ്പർ സ്പോൺസർഷിപ് നിയമത്തിനു കീഴിൽ തൊഴിലാളികൾക്കും പ്രവാസി സമൂഹത്തിനും ലഭ്യമാകുന്ന അവകാശങ്ങളും കടമകളുമാണു വിശദീകരിക്കുക.

നിയമത്തിന്റെ വിശദാംശങ്ങളും പുതിയ മാറ്റങ്ങളും വിവരിക്കും. ഇതിന്റെ ഭാഗമായി ഖത്തർ ചേംബർ, വിവിധ എംബസിയിലെ ലേബർ പ്രതിനിധികൾ, കമ്യൂണിറ്റി നേതാക്കൾ, സ്വകാര്യ കമ്പനി മാനേജർമാർ, പ്രതിനിധികൾ എന്നിവർക്കായി ഒട്ടേറെ ശിൽപശാലകൾ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തും. ഡിസംബറിൽ നടപ്പാക്കുന്ന പുതിയ നിയമം സംബന്ധിച്ചു വിവിധ മേഖലകളിലുള്ളവർക്കു കൂടുതൽ അവബോധം നൽകുന്നതിനാണു ക്യാംപെയ്ൻ നടത്തുന്നതെന്ന് തൊഴിൽ സാമൂഹികകാര്യ അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ് മന്ത്രി ഡോ. ഇസ്സ ബിൻ സാദ് അൽ ജഫാലി അൽ നുഐമി പറഞ്ഞു.

തൊഴിലാളികൾക്കും നിയമത്തെക്കുറിച്ചു കൂടുതൽ വ്യക്തത വരുത്തണം. സുതാര്യത ഉറപ്പാക്കാനും നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനുമാണ് ഇത്തരം ശിൽപശാലകൾ സംഘടിപ്പിക്കുന്നതെന്നു ഡോ. അൽ നുഐമി പറഞ്ഞു. തൊഴിലാളികളുടെ വരവും പോക്കും താമസാനുമതിയും സംബന്ധിച്ച 2015ലെ 21–ാം നിയമത്തിനു കഴിഞ്ഞ ഒക്ടോബർ 27നാണ് അമീർ അംഗീകാരം നൽകിയത്. 2015 ഡിസംബർ 13ലെ 29–ാം എഡിഷൻ ഗസറ്റിലാണു നിയമം ഔദ്യോഗികമായി പ്രസിദ്ധപ്പെടുത്തിയത്. അതിനാൽ ഒരു വർഷത്തിനുശേഷം ഈ ഡിസംബർ 14നാണു നിയമം പ്രാബല്യത്തിലാകുക.

നിയമം പ്രാബല്യത്തിലാകുന്നതോടെ സ്പോൺസർഷിപ് (കഫാല) നിയമം റദ്ദാക്കപ്പെടും. പകരം തൊഴിലാളിയും തൊഴിലുടമയും തമ്മിൽ ഒപ്പുവയ്ക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലാകും കാര്യങ്ങൾ. തൊഴിൽ കരാറിന്റെ മാതൃക മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. കരാർ അംഗീകരിച്ചാൽ തൊഴിലാളിയുടെ അവകാശങ്ങൾ, തൊഴിലുടമയുടെ ഉത്തരവാദിത്തങ്ങൾ, തൊഴിൽ കാലാവധി, കോടതി വ്യവഹാരങ്ങൾ എന്നിവയെല്ലാം ഈ കരാറിന്റെ അടിസ്ഥാനത്തിലാകും നിർണയിക്കപ്പെടുക.

കരാർ കാലാവധി കഴിഞ്ഞാൽ തൊഴിൽ മാറുന്നതിനു സർക്കാരിന്റെ അനുമതി മാത്രം മതിയാകും എന്നതാണു പുതിയ നിയമത്തിലെ ശ്രദ്ധേയമായ വ്യവസ്ഥയെന്നാണു മുൻ റിപ്പോർട്ടുകൾ. എക്സിറ്റ് പെർമിറ്റ് സംബന്ധിച്ചും പുതിയ രീതി പ്രാബല്യത്തിലാകും. പ്രവാസികൾ വർഷങ്ങളായി കാത്തിരുന്ന നിയമമാണു ഡിസംബറിൽ പ്രാബല്യത്തിലാകുന്നത്. എന്നാൽ, നിയമത്തിലെ വ്യവസ്ഥകൾ ഇപ്പോഴും വിശദമായി പുറത്തുവന്നിട്ടില്ല. അതിനാൽ ഇതുസംബന്ധിച്ച ആശങ്കയിലാണു പ്രവാസി സമൂഹം. രണ്ടു മാസം നീളുന്ന ബോധവൽക്കരണ ക്യാംപെയ്നിലൂടെ നിയമം സംബന്ധിച്ച വ്യക്തതയുണ്ടായേക്കും.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.