Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രോളിങ്‌ നിരോധനം അവസാനിച്ചു; മീൻ വില കുറഞ്ഞേക്കും

fish

ദോഹ ∙ ജിസിസി സമുദ്രാതിർത്തിയിൽ നെയ്‌മീൻ (കിങ്‌ ഫിഷ്‌) പിടിക്കുന്നതിനുള്ള നിരോധനം ഇന്നലെ അവസാനിച്ചതിനാൽ ഏതാനും ദിവസത്തിനുള്ളിൽ നെയ്‌മീൻ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന്‌ മൽസ്യവ്യാപാരികൾ. ഓഗസ്‌റ്റ്‌ 15നാണ്‌ ട്രോളിങ്‌ വലകൾ ഉപയോഗിച്ച്‌ നെയ്‌മീൻ പിടിക്കുന്നതിന്‌ അധികൃതർ നിരോധനമേർപ്പെടുത്തിയത്‌. ഇതേത്തുടർന്ന്‌ ഒരു കിലോ നെയ്‌മീനിന്‌ 75 റിയാൽവരെ വില എത്തിയിരുന്നു. നെയ്‌മീൻ പിടിക്കുന്നതിനു നിരോധനം ഏർപ്പെടുത്തുംമുൻപ് കിലോയ്‌ക്ക്‌ 35 റിയാൽ മാത്രമായിരുന്നു ചില്ലറ വില.

ഏതാനും ദിവസങ്ങൾക്കുള്ളിൽ വില കുറയുമെന്നും കിലോയ്‌ക്ക്‌ 20 റിയാലായാലും അതിശയിക്കേണ്ടതില്ലെന്നും അബുഹമൂർ സെൻട്രൽ ഫിഷ്‌മാർക്കറ്റിലെ ഒരു വ്യാപാരി പറഞ്ഞു. സ്വദേശികൾക്കും പ്രവാസികളായ മലയാളികൾക്കും ഏറെ ഇഷ്‌ടമുള്ള മീനാണ്‌ അയക്കൂറ എന്നുകൂടി അറിയപ്പെടുന്ന കിങ്‌ ഫിഷ്‌. നെയ്‌മീനിന്റെ പ്രജനന കാലമായതിനാലാണ്‌ ഓഗസ്‌റ്റ്‌ 15 മുതൽ ഒക്‌ടോബർ 15 വരെ ജിസിസി രാജ്യങ്ങൾ വലയിട്ട്‌ ഇവയെ പിടിക്കുന്നതിന്‌ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്‌.

ഇക്കാലയളവിൽ ചൂണ്ടയിട്ടു പിടിക്കുന്നതിന്‌ തടസ്സമില്ല. ചൂണ്ടയിട്ടു പിടിക്കുന്ന കുറച്ചു നെയ്മീൻ മാത്രമായിരുന്നു വിൽപനയ്ക്ക് എത്തിയിരുന്നത്. ഇതിനാൽ ഉയർന്ന വിലയായിരുന്നു കഴി‍ഞ്ഞ മാസങ്ങളിൽ. സ്വദേശികളുടെ ഇഷ്‌ടമീനുകളിലൊന്നായ ഹമൂർ വലുതിന്‌ കിലോയ്‌ക്ക്‌ 50 റിയാലും ചെറുതിന്‌ 60 റിയാലുമാണ്‌ ഇപ്പോൾ മൊത്തവില.

അൽ ഷമാലിൽ നിന്നു പിടിക്കുന്ന ഷാഫിക്ക്‌ കിലോയ്‌ക്ക്‌ 45 റിയാലായിരുന്നു കഴിഞ്ഞദിവസത്തെ വില. മറ്റുസ്‌ഥലങ്ങളിൽ നിന്നുപിടിക്കുന്ന ഷാഫിക്ക്‌ 25 റിയാലേ വിലയുള്ളൂ. അൽ ഷമാലിൽ നിന്നുപിടിക്കുന്ന ഷാഫിക്ക്‌ രുചിയും ഗുണവും കൂടുതലായതിനാലാണ്‌ വില ഉയർന്നുനിൽക്കുന്നത്‌. പ്രവാസികൾ കൂടുതലായി വാങ്ങുന്ന ഷേരി വലുത്‌ കിലോയ്‌ക്ക്‌ 13 റിയാലിനു മുകളിലും ചെറുതിന്‌ എട്ടു റിയാലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വില.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.