Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎംആർ വാക്സിനേഷൻ തുടങ്ങി; 20 സ്വകാര്യ ക്ലിനിക്കിലും സൗജന്യം

ദോഹ ∙ ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അഞ്ചാംപനി, മുണ്ടിനീര്‌, റുബെല്ല എന്നിവയ്‌ക്കുള്ള എംഎംആർ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കു പുറമേ 20 സ്വകാര്യ ക്ലിനിക്കുകളിലും ഒന്നു മുതൽ 13 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യ കുത്തിവയ്പു ലഭിക്കും. വിദ്യാർഥികൾക്കു സ്കൂളുകളിൽനിന്നു കുത്തിവയ്പു ലഭിക്കും. ഇതിനായി രക്ഷിതാക്കളിൽനിന്നു സമ്മതപത്രം ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം നവംബർ 14വരെയാണ് പ്രതിരോധകുത്തിവയ്‌പു നൽകുന്നത്‌.

വാക്‌സിൻ പൂർണ സുരക്ഷിതമാണെന്നു സമൂഹമാധ്യമങ്ങളിൽ വന്ന ചില പ്രതികൂല പരാമർശങ്ങൾക്കുള്ള മറുപടിയായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഓട്ടിസത്തിനു കാരണമാകുമെന്ന പ്രചാരണം തെറ്റാണ്‌ഇതിൽ അലൂമിനിയമോ കറുത്തീയമോ അടങ്ങിയിട്ടില്ല. ഇത്തരം അബദ്ധപ്രചാരണങ്ങളിൽ കുടുങ്ങരുതെന്നും സ്വന്തം കുട്ടികൾക്കു വാക്‌സിൻ ലഭിച്ചു എന്നകാര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. ആദ്യഡോസ്‌ മരുന്നു ലഭിച്ച കുട്ടികളും ഇപ്പോൾ വാക്‌സിൻ എടുക്കണമെന്നും പൂർണ പ്രതിരോധശേഷി ലഭിക്കാൻ ഇത്‌ അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഖത്തറിൽ പോയവർഷം 18 പേരിലാണ്‌ അഞ്ചാംപനി സ്‌ഥിരീകരിച്ചത്‌. ഈവർഷം 22പേരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്‌. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും കുത്തിവയ്പു ലഭ്യമാണ്. ഹമദ് മെഡിക്കൽ കോർപറേഷനിലെ ഇമ്യൂണൈസേഷൻ ക്ലിനിക്കിലും ദോഹ ക്ലിനിക്, എൽ എമാദി, അൽ ഷിഫ, ആസ്റ്ററ്‍, അൽ എസ്രാ, അപ്പോളോ, അറ്റലസ്, ഫ്യൂച്വർ, ഫാമിലി മെഡിക്കൽ സെന്റർ തുടങ്ങിയ 20 സ്വകാര്യ ക്ലിനിക്കുകളിലും കുത്തിവയ്പു ലഭ്യമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.