Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരുന്നാൾ - ഓണം ഒരുക്കങ്ങളിലേക്കു നഗരം

ദോഹ ∙ പൊതുമേഖലാ – സർക്കാർ സ്ഥാപനങ്ങളിൽ അവധി തുടങ്ങിയതിനു പിന്നാലെ നഗരം പെരുന്നാൾ ഒരുക്കങ്ങളിലേക്ക്. രണ്ടു ദിവസമായി പെരുന്നാൾ കേമമാക്കുന്നതിനു സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന്റെ തിരക്കായിരുന്നു മാളുകളിൽ. താപനില നാൽപതിലേക്കു താണതോടെ ഷോപ്പിങ്ങിനും മറ്റും ആവേശം കൂടി. ഇന്നലെ 40ൽ താഴെയായിരുന്നു താപനില. വരുംദിവസങ്ങളിലും ചൂടു കുറഞ്ഞുനിൽക്കുമെന്നാണു കാലാവസ്ഥാ പ്രവചനം.

ഇത്തവണ അവധിയാഘോഷത്തിലേക്ക് ഓണംകൂടി എത്തിയതിന്റെ ഇരട്ടി മധുരത്തിലാണു മലയാളികൾ. സാധാരണ തിരുവോണത്തിന്റെ അന്നും ഓഫിസിൽ പോകേണ്ട ഗതികേടുണ്ടായിരുന്നെങ്കിൽ, ഇത്തവണ നാട്ടിലെപ്പോലെ നീണ്ട അവധിയാണ്. ഇന്നു സ്വകാര്യ സ്ഥാപനങ്ങളിലും അവധി തുടങ്ങുന്നതോടെ വിപണിയിൽ തിരക്കേറും. മാളുകൾ ഈദ് – ഓണം ആഘോഷങ്ങൾക്കായി വിവിധ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പച്ചക്കറി, മൽസ്യ, മാംസ വിഭാഗങ്ങളിലാണു തിരക്ക്.

പച്ചക്കറികൾക്കു മാത്രമായി മിക്ക മാളുകളിലും വിവിധ ഓഫറുകളുണ്ട്. മൂന്നു വാഴയിലകൾക്ക് ഒരു റിയാൽ, സാമ്പാർ കൂട്ട് ഒരു കിലോയ്ക്കു 3.75 റിയാൽ, ഏത് ഇന്ത്യൻ പച്ചക്കറികൾക്കും ആറര റിയാൽ തുടങ്ങിയവയാണ് ഒരു പ്രമുഖ മാളിന്റെ ഓഫർ. ഓണം അടുക്കുന്നതോടെ പായസങ്ങളുടെ ഓഫറുകളുമുണ്ടാകും. മാളുകളിൽ പ്രത്യേക അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

പെരുന്നാളിനും ഓണത്തിനും പുതുവസ്ത്രം എടുക്കുന്നതിന്റെ ശീലമുള്ളതിനാൽ വസ്ത്രവിഭാഗത്തിലും തിരക്കുണ്ട്. വിവിധ സംഘടനകളുടെ ഈദ് – ഓണം ആഘോഷങ്ങൾക്കും നാളെ തുടക്കമാകും. കത്താറയിൽ നാളെമുതൽ നാലു ദിവസമാണ് ആഘോഷം. 1001 രാത്രികൾ എന്ന കഥാപ്രപഞ്ചത്തിലെ നായകൻ നാവികൻ സിൻബാദിനെ ആധാരമാക്കി പ്രത്യേക ഷോ സംഘടിപ്പിക്കും. വൈകിട്ട് ഏഴ്, 8.15, 9.30 എന്നിങ്ങനെയാണു ഷോ. മൂന്നാമത്തെ പ്രദർശനത്തിനുശേഷം വെടിക്കെട്ടും ഉണ്ടായിരിക്കും.

ബീച്ചുകളിലെ അപകടങ്ങൾ; ജാഗ്രതയോടെ അധികൃതർ

പെരുന്നാൾ അവധി ആഘോഷിക്കാൻ ചെറുയാത്രകൾക്കുള്ള തയാറെടുപ്പിലാണു സുഹൃത് സംഘങ്ങൾ. വിവിധ ബീച്ചുകളാണു യുവാക്കളുടെ പ്രധാന ആഘോഷ കേന്ദ്രങ്ങൾ. കഴിഞ്ഞ പെരുന്നാളിനും മിസൈദ് ബീച്ചിൽ മുങ്ങിമരണം ഉണ്ടായതിനാൽ അധികൃതർ ഇത്തവണ കൂടുതൽ ജാഗ്രത പാലിക്കുന്നുണ്ട്. ദോഹയിലെ പാർക്കുകൾ അവധി ദിവസങ്ങളിൽ 24 മണിക്കൂറും തുറന്നിടും. കത്താറയിൽ ആരംഭിച്ച വാട്ടർ പാർക്കാണ് ഇത്തവണത്തെ മറ്റൊരു ആകർഷണം.

ആദ്യദിവസങ്ങളിൽത്തന്നെ ഒട്ടേറെ കുടുംബങ്ങളെത്തി. നൂറു റിയാലാണു പ്രവേശന ഫീസ്. അറുപതോളം റൈഡുകളിൽ പങ്കെടുക്കാം. വൈകിട്ടു മൂന്നുമുതൽ രാത്രി 12 വരെയാണു പ്രവർത്തനം. നാളെമുതൽ 15 വരെ വൈകിട്ട് ആറിനുശേഷം ബീച്ചിലേക്കുള്ള പ്രവേശനത്തിനു നിയന്ത്രണമുണ്ട്. പെരുന്നാളിന്റെ ഭാഗമായി രാത്രി നടക്കുന്ന വെടിക്കെട്ടിനു തയാറെടുപ്പു നടത്തുന്നതിനാണ് ബീച്ചിലേക്കു പ്രവേശനം നിയന്ത്രിക്കുന്നത്.

വ്യാപാര മേഖലയിൽ പരിശോധന കർശനമാക്കി നഗരസഭകൾ

പെരുന്നാൾ പ്രമാണിച്ചു വിവിധ നഗരസഭകൾ വിപണിയിൽ പരിശോധനകൾ കർശനമാക്കി. പച്ചക്കറി ചന്തകളിലും കശാപ്പുശാലകളിലും തുടർച്ചയായ പരിശോധന നടത്തും. അൽഖോർ നഗരസഭ കശാപ്പുശാലകളിലെ ഇറച്ചി പരിശോധിച്ച് സീൽ അടിക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ ദോഹ നഗരസഭയുടെ കീഴിലുളള പാർക്കുകൾ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കും. പ്രാർഥനാ സ്ഥലങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയാക്കിയിടാനുള്ള സംവിധാനവും ഏർപ്പെടുത്തി.

ഇതിനായി ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോർണിഷും മറ്റും ശുചീകരിച്ചിരുന്നു. അവധി ദിവസങ്ങളിൽ വലിയ തിരക്കു പ്രതീക്ഷിക്കുന്ന സ്ഥലങ്ങളാണു ബീച്ചുകളും പാർക്കുകളും. വിവിധ ബീച്ചുകൾ വൃത്തിയാക്കുന്ന ജോലി ബീച്ചസ് ആൻഡ് ഐലൻഡ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. ബീച്ചുകളിൽ മാലിന്യമിടാനുള്ള പെട്ടികൾ സ്ഥാപിച്ചു.

പട്രോളിങ് ഊർജിതമാക്കും

ഈദ് അവധിക്കാലത്ത് അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ട്രാഫിക് വകുപ്പ് പട്രോളിങ് ശക്തമാക്കും. പ്രധാന റോഡുകളിലും തിരക്കു പ്രതീക്ഷിക്കുന്ന സ്ഥലങ്ങളിലും പൊലീസിന്റെ സാന്നിധ്യമുണ്ടാകും. ദോഹയിലെ ഗതാഗതം സുഗമമാക്കുന്നതിനായി ഇരുപതിലധികം പട്രോൾ വാഹനങ്ങളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

ചന്തകൾ, വാണിജ്യ സ്ട്രീറ്റുകൾ, ബീച്ചുകൾ, പാർക്കുകൾ എന്നിവിടങ്ങളിലും പട്രോൾ സംഘമുണ്ടാകും. ഈദിന്റെ ആദ്യ ദിനം പെരുന്നാൾ പ്രാർഥനാ സമയത്തു ഗതാഗതം സുഗമമാക്കാനുള്ള നടപടിയുണ്ടാകും. ലഖ്്‌വിയ, അൽ ഫാസാ പൊലീസ് സംഘങ്ങളുടെയും സാന്നിധ്യം പ്രധാന കേന്ദ്രങ്ങളിലുണ്ടാകും.

Your Rating: