Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി വായ്‌പ: ബാങ്കുകൾക്ക് കൂടുതൽ കർശന വ്യവസ്‌ഥകൾ

bank

ദോഹ ∙ ഖത്തറിലെ ബാങ്കുകൾ പ്രവാസികളുടെ വായ്‌പാ അപേക്ഷകളിൽ തീരുമാനമെടുക്കുന്നത്‌ അതീവശ്രദ്ധയോടെ. രാജ്യത്തെ പലകമ്പനികളും ജീവനക്കാരെ കുറയ്‌ക്കുന്ന സാഹചര്യത്തിലാണു ബാങ്കുകൾ ഇക്കാര്യത്തിൽ ജാഗ്രത കാട്ടുന്നതെന്നാണു റിപ്പോർട്ട്.

പ്രവാസികൾക്ക് വായ്‌പ നൽകുന്നതു നിർത്തിയിട്ടില്ലെന്നും എന്നാൽ ബാങ്കുകൾ ആദ്യം പരിഗണിക്കുന്നത്‌ അപേക്ഷകന്റെ ജോലിസ്‌ഥിരതയാണെന്നും ബാങ്ക് അധികൃതർ പറയുന്നു. സാമ്പത്തികമാന്ദ്യംമൂലം ജോലി നഷ്‌ടപ്പെടില്ലെന്ന്‌ ഉറപ്പുള്ളവർക്കു മാത്രമാണ്‌ വായ്‌പ ലഭിക്കുക. വായ്‌പ അനുവദിക്കാവുന്ന കമ്പനികളുടെ പട്ടിക മിക്ക ബാങ്കുകളും പുതുക്കിയിട്ടുണ്ട്‌.

പുതുക്കിയ പട്ടികയിലുള്ള കമ്പനികളിലെ ജീവനക്കാർക്കു വായ്‌പ ലഭിക്കാൻ പ്രയാസമില്ലെന്നാണു ബാങ്കിങ്‌ വൃത്തങ്ങൾ പറയുന്നതെങ്കിലും ഈ കമ്പനികളിൽനിന്നു വായ്‌പയ്‌ക്ക്‌ അപേക്ഷിച്ച ചില ജീവനക്കാരുടെ അനുഭവം മറിച്ചാണ്‌. തങ്ങൾക്ക് വായ്‌പ ലഭിക്കുന്നതിന്‌ ഏറെ തടസ്സങ്ങൾ തരണംചെയ്യേണ്ടിവന്നതായി ഇവർ പറയുന്നു. വായ്‌പ അനുവദിക്കുന്നതിൽ മുഖ്യപരിഗണന ജീവനക്കാരന്റെ ജോലിസ്‌ഥിരതതന്നെയാണു മിക്ക ബാങ്കുകളും പ്രധാന മാനദണ്ഡമാക്കുന്നത്. മുൻപ് അതു തിരിച്ചടവുശേഷി മാത്രമായിരുന്നു. ഉയർന്ന ശമ്പളമുള്ളവർക്കും ഒരു ദിവസം കൊണ്ടു ജോലി നഷ്ടപ്പെടുന്ന സ്ഥിതി വിശേഷമുള്ളതുകൊണ്ടാണു ജോലിസ്ഥിരത മുഖ്യമാനദണ്ഡമായത്.

കൃത്യമായ ഇടവേളകളിൽ, ഓരോ കമ്പനിയുടെയും സാമ്പത്തികസ്‌ഥിതി മനസ്സിലാക്കി വായ്‌പയനുവദിക്കാവുന്ന കമ്പനികളുടെ പട്ടിക ബാങ്കുകൾ പുതുക്കുന്നുണ്ട്. നേരത്തെ 3,000 റിയാൽ ശമ്പളമുള്ളവർക്കും വായ്‌പ നൽകിയിരുന്നു. ഇപ്പോൾ 5,000 റിയാലിനു മുകളിൽ ശമ്പളമുള്ളവർക്കുമാത്രമാണു വായ്‌പ നൽകുന്നത്‌. മുൻപു പ്രമുഖ കമ്പനികളുടെ ജീവനക്കാർക്കു വളരെ എളുപ്പത്തിൽ വായ്പ ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴതില്ല.

പ്രവാസികൾ പലരും വായ്പ എടുക്കാൻ മടിക്കുന്നുണ്ട്. പെട്ടെന്നു ജോലി നഷ്ടപ്പെട്ടാൽ വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്നതാണ് അവരുടെ ആശങ്ക. ഇതിനാൽ അടിയന്തരാവശ്യത്തിനു മാത്രമേ നിലവിൽ പ്രവാസികൾ വായ്പ എടുക്കുന്നുള്ളൂ.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.